Olympics 2024 : പുരുഷ ക്രോമസോമുള്ളതിനാൽ വിലക്ക് ലഭിച്ച താരം; ഇപ്പോൾ പഞ്ച് ഭയന്ന് എതിരാളിയുടെ പിന്മാറ്റം; ആരാണ് അൾജീരിയൻ ബോക്സർ ഇമാൻ ഖെലിഫ്?
Olympics 2024 Imane Khelif Angela Carini : ഒളിമ്പിക്സിൻ്റെ ബോക്സിംഗ് റിംഗിൽ നിന്ന് പുതിയ വിവാദം. പുരുഷ ക്രോമസോം ഉള്ളതിനാൽ രാജ്യാന്തര ഒളിമ്പിക്സ് അസോസിയേഷൻ അയോഗ്യയാക്കിയ അൾജീരിയൻ ബോക്സറുടെ പഞ്ചുകൾ സഹിക്കാനാവാതെ ഇറ്റാലിയൻ താരം പിന്മാറിയതാണ് വിവാദമായത്.
പാരിസ് ഒളിമ്പിക്സിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല. വനിതകളുടെ 66 കിലോ ബോക്സിംഗിൽ ഇറ്റലിയുടെ ആഞ്ചല കരീനി പിന്മാറിയതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. അൾജീരിയൻ ബോക്സർ ഇമാൻ ഖെലിഫ് ആയിരുന്നു മത്സരത്തിൽ ആഞ്ചലയുടെ എതിരാളി. എന്നാൽ, മത്സരം തുടങ്ങി 46ആം സെക്കൻഡിൽ ആഞ്ചല പിന്മാറി. ഖെലിഫിൻ്റെ പഞ്ചുകൾ താങ്ങാനാവാതെ, ‘ഇത് ശരിയല്ല’ എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടായിരുന്നു താൻ മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് ആഞ്ചല അറിയിച്ചത്.
Angela Carini (blue, female) abandons fight against Imane Khelif (red, male) a few minutes into fight /1 pic.twitter.com/yOIvZkDaow
— FairPlayForWomen (@fairplaywomen) August 1, 2024
മുൻപും വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുള്ള താരമാണ് ഇമാൻ ഖെലിഫ്. 2023 ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയ ഇമാൻ ഖെലിഫിനെ ഫൈനൽ മത്സരത്തിന് തൊട്ടുമുൻപ് രാജ്യാന്തര ബോക്സിംഗ് അസോസിയേഷൻ അയോഗ്യയാക്കി. വൈദ്യശാസ്ത്ര പരമായ കാരണങ്ങൾ കൊണ്ടാണ് താരത്തെ അയോഗ്യയാക്കിയതെന്ന് അൾജീരിയൻ ഒളിമ്പിക് കമ്മറ്റി അറിയിച്ചു. പിന്നാലെ, ശരീരത്തിൽ പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്ററോൺ കൂടുതലായതിനാലാണ് താരത്തെ അയോഗ്യയാക്കിയതെന്ന് അൾജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഡിഎൻഎ ടെസ്റ്റിൽ പുരുഷന്മാർക്കുള്ള എക്സ്, വൈ ക്രോമസോമുകൾ ശരീരത്തിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് താരത്തെ അയോഗ്യയാക്കിയതെന്ന് അസോസിയേഷൻ പ്രസിഡൻ്റ് ഉമർ ക്രെംലേവ് അറിയിച്ചു. തീരുമാനത്തിനെതിരെ കായിക തർക്ക പരിഹാര കോടതിയിൽ ഖെലിഫ് അപ്പീൽ നൽകിയെങ്കിലും പിന്നീട് ഇത് പിൻവലിച്ചു. വിലക്കിന് തൊട്ടുപിന്നാലെ രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി രാജ്യാന്തര ബോക്സിംഗ് അസോസിയേഷൻ്റെ തീരുമാനത്തെ വിമർശിച്ചു. ആലോചിക്കാതെ എടുത്ത തീരുമാനമെന്നായിരുന്നു ഐഒസിയുടെ വിമർശനം.
Also Read : Olympics 2024 : ഷൂട്ടിങ് റേഞ്ചിലെ ധോണി; ടിടിഇയിൽ നിന്നും ഒളിമ്പിക്സ് മെഡൽ ജേതാവായ സ്വപ്നിൽ കുശാലെ
ഇത്തവണ ഒളിമ്പിക്സിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ബോക്സിംഗ് അസോസിയേഷന് വിലക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഐഒസിയിലെ ബോക്സിംഗ് യൂണിറ്റാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഖെലിഫിന് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ഒളിമ്പിക്സിൽ മത്സരിക്കാൻ അനുവാദം നൽകി. റഷ്യ നേതൃത്വം നൽകുന്ന രാജ്യാന്തര ബോക്സിംഗ് അസോസിയേഷനെ ഐഒസി അംഗീകരിക്കുന്നില്ല. ഇതും ഐഒസിയുടെ തീരുമാനത്തെ സ്വാധീനിച്ചു.
ഖെലിഫ് ട്രാൻസ്ജൻഡർ ആണെന്നും പുരുഷനാണെന്നുമുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. എന്നാൽ, ശരീരത്തിൽ പുരുഷ ക്രോമസോം ഉണ്ടെങ്കിലും ഖെലിഫ് സ്ത്രീ തന്നെയാണ് എന്നാണ് ഔദ്യോഗിക വിശദീകരണം. ലിംഗമാറ്റം അനുവദിക്കാത്ത രാജ്യമാണ് അൾജീരിയ.
തുടക്കത്തിൽ തന്നെ ഖെലിൻ്റെ ആദ്യ പഞ്ചുകളിൽ പകച്ച കരീനി മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്നറിയിക്കുകയായിരുന്നു. താരത്തിൻ്റെ ഹെഡ് ഗിയറിന് തകരാർ സംഭവിച്ചിരുന്നു എന്ന് ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലത്തേക്കിരുന്ന് പൊട്ടിക്കരഞ്ഞ കരീനി ഖെലിഫിന് ഹസ്തദാനം നൽകാൻ വിസമ്മതിച്ചു. തൻ്റെ മൂക്കിന് കഠിനമായ വേദനയായിരുന്നു എന്നും അതിനാലാണ് മത്സരം തുടരാൻ വിസമ്മതിച്ചത് എന്നും കരീനി പിന്നീട് പറഞ്ഞിരുന്നു.
I stand with Angela Carini.
Men should not be competing in women’s sports.
This is a travesty.
— TEAM USA (@__TEAM_USA) August 1, 2024
25കാരിയായ ഖെലിഫ് 51 തവണ റിംഗിലിറങ്ങിയപ്പോൾ വെറും 9 എണ്ണത്തിലാണ് പരാജയമറിഞ്ഞത്. കഴിഞ്ഞ ഒളിമ്പിക്സിൽ താരം ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടിരുന്നു. പിന്നീട് 2022 ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയ താരം ഫൈനലിൽ പരാജയപ്പെട്ട് വെള്ളി മെഡൽ സ്വന്തമാക്കി. 2023ൽ തുടരെ രണ്ടാം തവണ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയെങ്കിലും താരത്തെ അയോഗ്യയാക്കുകയായിരുന്നു.