Vinesh Phogat : പാരീസിലെ ഇന്ത്യയുടെ സുവർണ്ണ പ്രതീക്ഷയ്ക്ക് തിരിച്ചടി; വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി
Olympics 2024 Vinesh Phogat Disqualification : 100 ഗ്രാം ശരീരം ഭാരം കൂടിയതിൻ്റെ പശ്ചാത്തലത്തിലാണ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ താരത്തെ അയോഗ്യയാക്കിയത്. വനിതകളുടെ 50 കിലോ ഗുസ്തിമത്സരത്തിൻ്റെ ഫൈനലിലേക്കായിരുന്നു വിനേഷ് യോഗ്യത നേടിയത്.
പാരീസ് ഒളിമ്പിക്സിലെ (Paris Olympics 2024) ഇന്ത്യയുടെ സ്വർണ പ്രതീക്ഷയ്ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗുസ്തിമത്സരത്തിൻ്റെ ഫൈനലിലേക്ക് പ്രവേശിച്ച വിനേഷ് ഫോഗട്ടിനെ (Vinesh Phogat) ഒളിമ്പിക്സ് അധികൃതർ അയോഗ്യയാക്കി. 29കാരിയായ താരത്തിന് അമിതഭാരം കണ്ടെത്തിയ സാഹചര്യത്തിലാണ് സംഘാടകർ വിനേഷ് ഫോഗട്ടിനെ മത്സരത്തിൽ പങ്കെടുക്കാൻ വിലക്കേർപ്പെടുത്തിയത്. നിശ്ചിത ഭാരത്തിൽ നിന്നും 100 ഗ്രാം വർധിച്ചതാണ് അയോഗ്യതയ്ക്ക് കാരണം. ഇന്ന് ഇന്ത്യ സമയം രാത്രി 10.30നായിരുന്നു ഫോഗട്ടിൻ്റെ ഫൈനൽ മത്സരം നിശ്ചയിച്ചിരുന്നത്.
“വനിത ഗുസ്തി മത്സരത്തിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വാർത്ത വളരെ ഖേദത്തോടെയാണ് ഇന്ത്യൻ സംഘം പങ്കുവെക്കുന്നത്. രാത്രി മുഴുവൻ പരമാവധി ശ്രമിച്ചിട്ടും താരത്തിൻ്റെ ഭാരം 50 കിലോയിൽ താഴെയെത്തിക്കാനായില്ല. നിലവിൽ കൂടുതൽ അഭിപ്രായങ്ങൾ പറയാനാകില്ല. വിനേഷിൻ്റെ സ്വകാര്യതയെ മാനിക്കണം” ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
ഫൈനലിൽ പ്രവേശിച്ചെങ്കിലും വിനേഷിന് പാരീസ് ഒളിമ്പിക്സിൽ ഒരു മെഡൽ പോലും നേടാനാകില്ല. റിപ്പോർട്ടുകൾ പ്രകാരം ഫോഗട്ടിന് ഏർപ്പെടുത്തിയിരിക്കുന്ന അയോഗ്യതയ്ക്കെതിരെ അപ്പീൽ പോയാലും പ്രതീക്ഷയ്ക്ക് വകയില്ല. ലോക റെസെലിങ് അസോസിയേഷൻ നിയമപ്രകാരം നിശ്ചിത ശരീരഭാരം നിലനിർത്താൻ സാധിക്കാതിരുന്നാൽ ആ താരത്തെ മത്സരത്തിൻ്റെ അവസാന സ്ഥാനക്കാരായ പരിഗണിക്കൂ. കൂടാതെ മത്സരത്തിൻ്റെ രണ്ടാം ദിവസം വരെ താരങ്ങൾ അതേ ഭാരം നിലനിർത്തുകയും ചെയ്യണം. റിപ്പോർട്ടുകൾ പ്രകാരം താരത്തിൻ്റെ ശരീരഭാരം 52 കിലോ വരെ ഉയർന്നിരുന്നു. അർധരാത്രിയിൽ കഠിന പരിശ്രമം ഫോഗട്ട് നടത്തിയെങ്കിലും നിശ്ചിതഭാരത്തിലേക്ക് സൂക്ഷമായ നിരക്കിൻ്റെ വ്യത്യാസത്തിൽ അയോഗ്യത നേരിടേണ്ടി വരികയായിരുന്നു.
ഒളിമ്പിക്സ് ഗുസ്തി ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയായിരുന്നു വിനേഷ് ഫോഗട്ട്. പ്രീക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരത്തെ അവസാന നിമിഷം മലർത്തിയടിച്ചുകൊണ്ടാണ് വിനേഷ് ശ്രദ്ധേയായത്. പിന്നീട് ക്വാർട്ടറിൽ യുക്രൈൻ താരത്തെയും സെമിഫൈനലിൽ ക്യൂബ താരത്തെയും തോൽപ്പിച്ചാണ് ഫോഗട്ട് ചരിത്രനേട്ടം കുറിച്ചത്. എന്നാൽ ശരീരഭാരം നിലനിർത്താൻ സാധിക്കാതെ വന്നതോടെ രാജ്യത്തിൻ്റെ സ്വർണ പ്രതീക്ഷയും ഇല്ലാതായി. ഫൈനലിൽ അമേരിക്കയുടെ സാറാ ഹിൽഡെബ്രാൻഡിറ്റായിരുന്നു ഫോഗട്ടിൻ്റെ എതിരാളി.
Updating…