ODI World Cup: ക്രിക്കറ്റ് എന്നാ സുമ്മാവാ!! ഏകദിന ലോകകപ്പ് രാജ്യത്തിന് സമ്മാനിച്ചത് വൻ സാമ്പത്തിക നേട്ടം, കണക്കുകൾ പുറത്ത്
ODI World Cup: ബിസിസിഐ സെക്രട്ടറി ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാനായി ചുമതലയേല്‍ക്കുന്നതിന് മുമ്പായാണ് ലോകകപ്പ് ഇന്ത്യക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന അവകാശവാദവുമായി ഐസിസി രംഗത്തെത്തുന്നതെന്നതും ശ്രദ്ധേയമാണ്.
ന്യൂഡല്‍ഹി: ഏകദിന ലോകകപ്പ് ഇന്ത്യൻ സാമ്പത്തിക രംഗത്തിന് ഉണർവുണ്ടാക്കിയെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (International Cricket Council). ആതിഥേയത്വം വഹിച്ചതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ 11,637 കോടി രൂപയുടെ (ഏകദേശം 1.39 ബില്യൺ യുഎസ് ഡോളർ) സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി ഐസിസി വെളിപ്പെടുത്തി. സമഗ്ര സാമ്പത്തിക റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാകുന്നത്.
2023 ഒക്ടോബർ 5 മുതൽ നവംബർ 19 വരെ 10 വേദികളിലായാണ് ഏകദിന ലോകകപ്പ് നടന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ധർമ്മശാല, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത്. വിവിധ മേഖലകളിലായാണ് ഈ നേട്ടമുണ്ടായത്.
” ലോകത്തിന് ക്രിക്കറ്റിന്റെ സാമ്പത്തിക സ്വാധീനം എന്താണെന്ന് കാട്ടിത്തരുന്ന ഒന്നായിരുന്നു 2023-ലെ ഏകദിന ലോകകപ്പ്. മത്സരത്തിന് ആതിഥേയത്വം വഹിച്ച നഗരങ്ങൾ മാത്രം 7000 കോടി രൂപയിലേറെ സാമ്പത്തിക നേട്ടമുണ്ടാക്കി. 48,000 ത്തോളം തൊഴിലവസങ്ങൾ സൃഷ്ടിച്ചു. ലോകകപ്പ് ഇന്ത്യയെ പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷൻ ആക്കി.”. -ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് അലാര്‍ഡിസ് (Geoff Allardice ) പറഞ്ഞു.
ലോകകപ്പിനായി ഐസിസിയും ബിസിസിഐയും വൻ തുകയാണ് ചെലവഴിച്ചിരുന്നത്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും ലോകകപ്പിനായി പണം ചെലവാക്കി. സ്റ്റേഡിയം നവീകരണത്തിനും മറ്റുമായാണ് ചെലവഴിച്ചത്. ക്രിക്കറ്റ് രംഗത്തെ നേട്ടത്തിന് പുറമെ രാജ്യത്ത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഏകദിന ലോകകപ്പായി. ആഭ്യന്തര, അന്തർദേശീയ ടൂറിസ്റ്റുകളുടെ വരവിലൂടെ ഏകദേശം 861.4 ദശലക്ഷം ഡോളര്‍ വരുമാനമാണ് രാജ്യത്തിനുണ്ടായത്. താമസം, യാത്ര, ഗതാഗതം, ഭക്ഷണം എന്നിവയിലാണ് ഈ നേട്ടം. മൊത്തം സമ്പദ് വ്യവസ്ഥയുടെ 37 ശതമാനം വരുമിത്.
ലോകകപ്പ് വേദികളിലേക്ക് കാണികളുടെ ഒഴുക്കാണ് അനുഭവപ്പെട്ടത്. ഹോട്ടലുകളിലും റൂം കിട്ടാനില്ലാത്ത സ്ഥിതി വന്നു. 1.25 മില്യൺ ആളുകൾ ലോകകപ്പ് കാണാനായി എത്തിയെന്നാണ് കണക്ക്. ഇവരിൽ 75 ശതമാനം ആളുകളും ആദ്യമായാണ് ഏകദിന മത്സരങ്ങള്‍ കണ്ടത്. മുമ്പ് ഇന്ത്യ സന്ദർശിച്ചിട്ടുള്ളവരാണ് മുമ്പ് ലോകകപ്പ് കാണാനെത്തിയ 55 ശതമാനം പേരും. ഹോട്സ്റ്റാറിലെ (Hotstar) ലെെവ് സ്ട്രീമിംഗിലും റെക്കോർഡ് കാഴ്ചക്കാരായിരുന്നു ഉണ്ടായിരുന്നത്.
ലോകകപ്പിലുടനീളം അപരാജിത കുതിപ്പ് നടത്തിയ രോഹിത് ശർമ്മയും സംഘവും കപ്പുയർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് നിരാശയായിരുന്നു ഫലം. ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ കപ്പുയർത്തി. 6 വിക്കറ്റിനായിരുന്നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പാറ്റ് കമ്മിൻസിന്റെയും സംഘത്തിന്റെയും ജയം.
ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയാണ് ഓസ്ട്രേലിയയ്ക്ക് ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി അർധ സെഞ്ച്വറിയുമായി വിരാട് കോലിയും (54) കെ എൽ രാഹുലും (66) മികച്ച പ്രകടനം കാഴ്ചവച്ചു.
ബിസിസിഐ സെക്രട്ടറി ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാനായി ചുമതലയേല്‍ക്കുന്നതിന് മുമ്പായാണ് ലോകകപ്പ് ഇന്ത്യക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന അവകാശവാദവുമായി ഐസിസി രംഗത്തെത്തുന്നതെന്നതും ശ്രദ്ധേയമാണ്.