5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Noora Ayoob: കാൽപ്പന്തിന് കാലത്തിന്റെ പെൺശബ്ദം; വണ്ടൂരിൽ നിന്ന് ‘ശേഷം മെെക്കിൽ നൂറ’

Commentator Noora Ayoob: ശേഷം മെെക്കിൾ ഫാത്തിമ സിനിമയിലെ കല്യാണി പ്രിയദർശനെ ഓർമ്മയുണ്ടോ? അങ്ങനെയൊരു പെൺകുട്ടി കേരളത്തിലുണ്ട്. മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശി നൂറ അയൂബ്. സമൂഹമാധ്യമങ്ങളിൽ വെെറലായ ആ കമന്ററിയെ കുറിച്ച് നൂറ ടിവി9 മലയാളത്തിന് നൽകിയ അഭിമുഖം.

Noora Ayoob: കാൽപ്പന്തിന് കാലത്തിന്റെ പെൺശബ്ദം; വണ്ടൂരിൽ നിന്ന് ‘ശേഷം മെെക്കിൽ നൂറ’
athira-ajithkumar
Athira CA | Updated On: 14 Oct 2024 18:11 PM

ആയിരക്കണക്കിന് ജനങ്ങൾ കാത്തിരുന്ന ആ നിമിഷം, 150 കോടി ജനങ്ങളിൽ നിന്ന് 11 പേരിലേക്ക് ചുരുങ്ങിയ നിമിഷം.. ഫിഫ ലോകകപ്പ് വേദിയിൽ നിന്ന് ദേശീയ ​ഗാനത്തിന്റെ അലയൊലികൾ നാം കേൾക്കുകയാണ്…ലോകകപ്പിൽ ഇന്ത്യ പന്തുതട്ടുന്നത് കാണാനുള്ള ഭാ​ഗ്യം രാജ്യത്തെ ജനങ്ങൾക്ക് ഉണ്ടായിരിക്കുകയാണ്…ഇന്ത്യയുടെ കന്നി ലോകകപ്പ് മത്സരത്തിന് കമന്റി പറയുന്നത് സ്വപ്നം കാണുകയാണ് മലപ്പുറം വണ്ടൂർ സ്വദേശി നൂറ അയൂബ്.

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സൂപ്പർ ലീ​ഗ് കേരളയിലെ കോഴിക്കോട് എഫ്സി തൃശൂർ മാജിക് എഫ്സി പോരാട്ടം മുറുകുന്നു. കൊച്ചിയിലെ സ്റ്റുഡിയോയിൽ നിന്ന് കമന്ററിയുമായി ഒരു പെൺശബ്ദം. ടിവിയിലും ഹോട്ട്സ്റ്റാറിലും കളികണ്ടിരുന്നവർ അമ്പരന്ന നിമിഷം.. ശേഷം മെെക്കിൽ ഫാത്തിമ എന്ന കല്യാണി പ്രിയദർശന്റെ സിനിമ പോലെ മെെക്ക് കയ്യിലെടുത്ത് നൂറ ആരാധക ഹൃദയം കീഴടക്കി..

മലയാള സ്വകാര്യ ചാനൽ തങ്ങളുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ താൻ മെസിയെ കുറിച്ച് പറയുന്ന വീഡിയോ പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് വീഡിയോ വെെറലാ‌യത്. പിന്നാലെ മലപ്പുറം എഫ്സിയുടെ പ്രചരണാർത്ഥം മെെക്ക് കെെയിലെടുത്തതോടെ
സൂപ്പർ ലീ​ഗ് കേരളയിൽ നിന്ന് വിളി വന്നു. കമന്റി അവതരിപ്പിക്കാമോ എന്ന് ചോദിച്ചു. കിട്ടിയ അവസരം വിട്ടുകളയാൻ തോന്നിയില്ല. അങ്ങനെയാണ് കമന്റി പറയാനായി കൊച്ചിയിലേക്ക് വണ്ടി കയറിയത്. സമൂഹമാദ്ധ്യമങ്ങളിലെ ആ വെെറൽ കമന്റേറ്റർ നൂറ അയൂബ് ടിവി9 മലയാളത്തിന് നൽകിയ അഭിമുഖം.

ചെറുപ്പം മുതലേ ഫുട്ബോളിനെ നെഞ്ചോടു ചേർത്ത് ആരാധിക്കുന്ന ആളാണ് ഞാൻ. എന്നാൽ ഫുട്ബോളിൽ നിന്ന് വഴി തെറ്റി എത്തിയത് അത്ലറ്റിക്സിലേക്ക്. 400 മീറ്ററിലും 800 മീറ്ററിലും 1500 മീറ്ററിലും മത്സരിച്ചിട്ടുണ്ട്. 800 മീറ്ററിൽ ദേശീയ ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമായി. എങ്കിലും ഫുട്ബോളിനോടുള്ള ഭ്രാ​ന്ത് അടങ്ങിയില്ല. മത്സരങ്ങൾ കാണുന്നതും അനലെെസ് ചെയ്യുന്നതും തുടർന്നു.. സൂപ്പർ ലീ​ഗ് കേരളയിൽ കമന്ററി പറയാൻ അവസരം ലഭിച്ചതിനെ അഭിമാനത്തോടെയാണ് കാണുന്നത്.. നൂറ പറയുന്നു.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് കടന്നു പോയത്. ഓൺ എയറിൽ കമന്റി പറയാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല. ടിവിയിൽ ഇം​ഗ്ലീഷ് കമന്റി ശ്രദ്ധിക്കാറുണ്ട്. ഇം​ഗ്ലീഷ് കമന്റേഴ്സ് പറയുന്ന ഓരോ കാര്യവും മനസിലാക്കും.
. അത് കമന്റി പറയാൻ സഹായിച്ചു. പ്ലേയർസിന്റെ ഓരോ പാസും അവർക്ക് എന്താണ് ആ പാസു കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും ഇനിയുള്ള നീക്കം എന്താണെന്നും ഉൾപ്പെടെ മാച്ച് അനാലിസിസും ടെക്നിക്കൽ അനാലിസ്സിസും കമന്റിയിൽ ചെയ്യാൻ പറ്റി. ദെെവത്തോടും കുടുംബത്തോടുമാണ് നന്ദി പറയാൻ ഉള്ളത്. തുടർച്ചയായി മത്സരങ്ങൾ കണ്ടതാണ് ടെക്നിക്കൽ അനാലിസിസ് നടത്താൻ സഹായകരമായത്.

ഫുട്ബോൾ പാരമ്പര്യമുള്ള കുടുംബത്തിലാണ് ഞാൻ ജനിച്ചത്. രക്തത്തിൽ ഫുട്ബോൾ അലിഞ്ഞ് ചേർന്നിട്ടുണ്ട്. ഫുട്ബോൾ പ്രൊഫഷനാക്കി പെൺകുട്ടികൾ കടന്നുവരാത്തതിലെ നിരാശയും നൂറ പ്രകടിപ്പിച്ചു. ഫ്രീസ്റ്റെൽ ഫുട്ബോളിൽ പരീക്ഷണങ്ങൾ നടത്താറുണ്ട്. സ്കൂൾ കാലഘട്ടത്തിൽ അത്ലറ്റിക്സിന് പുറകെ പോയിരുന്നില്ലെങ്കിൽ ഫ്രീസ്റ്റെൽ ഫുട്ബോളറായി മാറിയേനെ…പെൺകുട്ടികളോടും ഫുട്ബോൾ കളിക്കുന്നവരോടും എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ.. നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുക. കഴിവിനൊപ്പം വിദ്യാഭ്യാസത്തിനും പ്രധാന്യം നൽകണം. തളർത്താൻ ഒരുപേട് പേരുണ്ടാകും… പക്ഷേ അതിൽ പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകുക. അവസരങ്ങൾക്ക് പിറകെ പോകുക. അവസരം കിട്ടുന്ന അവസരങ്ങളിലെല്ലാം കഴിവ് തെളിയിക്കാൻ ശ്രമിക്കണം.

ഇന്ത്യൻ ഫുട്ബോളിന്റെ നിലവിലുള്ള അവസ്ഥയെ കുറിച്ചും നൂറ ടിവി9 മലയാളത്തോട് പ്രതികരിച്ചു. നിലവിലുള്ള താരങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ ടീമിന് ഫിഫ ലോകകപ്പ് കളിക്കാൻ സാധിക്കുമോ എന്ന് കണ്ടറിയണം. വരും തലമുറയ്ക്ക് ​ഗ്രാസ്റൂട്ട് ലെവലിൽ നിന്ന് തന്നെ പരിശീലനം നൽകിയാൽ ലോകകപ്പ് വേദിയിൽ ദേശീയ ​ഗാനം മുഴങ്ങുമെന്ന് ഉറപ്പാണ്. വാക്കുകളിലെ തീവ്രത വ്യക്തം.

സൂപ്പർ ലീ​ഗ് കേരളയും ഇന്ത്യൻ സൂപ്പർ ലീ​ഗും കേരള ഫുട്ബോളിന് ​ഗുണം ചെയ്തെന്ന് നൂറ ചൂണ്ടിക്കാട്ടി. ഫുട്ബോളിന്റെ വളർച്ചയ്ക്ക് സഹായകരമാകുന്ന നിയമങ്ങളാണ് സൂപ്പർ ലീ​ഗ് കേരളയിലേക്ക്. നാല് താരങ്ങൾ കേരളത്തിൽ നിന്ന് വേണം. ടീമിൽ അണ്ടർ 23 താരങ്ങളും ഉണ്ടായിരിക്കണം എന്നത് യുവതാരങ്ങളുടെ കഴിവ് മെച്ചപ്പെടുത്താൻ സഹായിക്കും. ഇന്ത്യൻ ഫുട്ബോളിലേക്ക് കേരളത്തിൽ നിന്നുള്ള താരങ്ങളുണ്ടാകും. മലയാളികളായ യുവതാരങ്ങൾക്ക് ദേശീയ ടീമിലേക്കുള്ള വാതിലായാണ് സൂപ്പർ ലീ​ഗ് കേരളയെ കാണുന്നതെന്നും നൂറ പറഞ്ഞു.

ഐഎസ്എസ്സിനെ കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി ഇങ്ങനെ.. ഇന്ത്യൻ താരങ്ങളുടെ കഴിവ് വികസിച്ചു, വിദേശ താരങ്ങളുടെ മികവ് പോലെ ഉദിച്ചുയർന്ന താരങ്ങളും നമുക്കുണ്ട്. സുനിൽ ഛേത്രി, സന്ദേശ് ജിങ്കാൻ, സഹൽ അബ്ദുൽ സമദ് തുടങ്ങിയവർ ഉദാഹരണമാണ്. ഐഎസ്എൽ വന്നതോടെയാണ് രാജ്യത്ത് ഫുട്ബോളിന്റെ പ്രധാന്യം വർദ്ധിച്ചത്. ക്രിക്കറ്റിന് ലഭിക്കുന്ന മുൻതൂക്കം മറ്റ് കായിക വിനോ​ദങ്ങൾക്കും ലഭിക്കേണ്ടതുണ്ട്.

‌‌മലപ്പുറത്തെ ഫുട്ബോളിനെ കുറിച്ച് ചോദിച്ചപ്പോൾ നൂറ വാചാലയായി , അതങ്ങനെയാണല്ലോ മലപ്പുറത്തുകാർക്ക് മറ്റെന്തും കഴിഞ്ഞല്ലേ ഫുട്ബോൾ ഉള്ളൂ… മലപ്പുറത്ത് കാർ ഫുട്ബോളിനെ ഹൃദയത്തോട് ചേർത്തവരാണ്..ഓരോ വീട്ടിലും ഒരു താരമുണ്ടാകും.. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. ഒ‌ഴിഞ്ഞു കിടക്കുന്ന ഓരോ പറമ്പിലും ആൾക്കൂട്ടമുണ്ടാകും. വേൾഡ് കപ്പ് ഞങ്ങൾക്ക് ഒരു ആഘോഷമാണ്. ഇന്ത്യൻ ടീമിന് ​ആർപ്പുവിളിക്കാനാണ് കാത്തിരിപ്പിലാണ് ഞങ്ങളെന്ന് പറയുമ്പോൾ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

ലിയോണൽ മെസി, ആരാധകരുടെ സ്വന്തം മിശിഹയാണ് എന്നെ ഫുട്ബോളിലേക്ക് എന്നെ ഇത്രയധികം അടുപ്പിച്ചത്. മെസിയെ പോലെ മനോഹരമായി ഫുട്ബോൾ കളിക്കുന്ന മറ്റൊരു താരം ലോകഫുട്ബോൾ ഭൂപടത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ പോലെ ഡ്രിബിൾ ചെയ്യാനും ഫിനിഷ് ചെയ്യാനും കഴിവുള്ള താരത്തെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല. ഇനിയൊരു മെസി ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. മെസിയുടെ മത്സരങ്ങളാണ് കൂടുതൽ കണ്ടിട്ടുള്ളത്. മെസിയില്ലാത്ത ഫുട്ബോൾ മത്സരങ്ങൾ കാണാൻ താത്പര്യം കുറവാണ്.. ഇഷ്ടതാരത്തെ കുറിച്ച് ചോദിച്ചപ്പോൾ നൂറയ്ക്ക് നൂറിൽ നൂറ് നാവ്. കടുത്ത മെസി ആരാധകയാണെങ്കിലും നൂറ അർജന്റെയ്ൻ ടീമിന്റെ ആരാധകയല്ല. ജർമ്മൻ ഫുട്ബോളിന്റെ ഫാൻ ആണെന്നതാണ് ഇവിടുത്തെ സവിശേഷത.

മെസിയെ നേരിൽ കണ്ടാൽ ചോദ്യം മുഴുവനാക്കും മുമ്പേ ഉത്തരം എത്തി.. എന്റൊപ്പം പന്ത് തട്ടണം, ഒരു ടച്ചോ പാസോ ആയാലും മതി. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരിക്കും അത്… !

 

-ആതിര അജിത്കുമാർ-