Kerala Ranji Team: സച്ചിൻ ബേബി നയിയ്ക്കും; സഞ്ജു ടീമിലില്ല; കേരളത്തിൻ്റെ രഞ്ജി ടീം പ്രഖ്യാപിച്ചു
No Sanju Samson Against Madhya Pradesh : മധ്യപ്രദേശിനെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ സഞ്ജു സാംസൺ ഇല്ല. സച്ചിൻ ബേബിയാണ് ടീമിനെ നയിക്കുക. രഞ്ജി ട്രോഫി ഗ്രൂപ്പിൽ രണ്ടാമതാണ് കേരളം.
രഞ്ജി ട്രോഫി രണ്ടാം ഘട്ട മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മുക്തനായ സീനിയർ താരം സച്ചിൻ ബേബിയാണ് ടീമിനെ നയിയ്ക്കുക. സഞ്ജു സാംസൺ (Sanju Samson) ടീമിലില്ല. മധ്യപ്രദേശിനെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന മത്സരത്തിനുള്ള ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചത്. ഈ സമയത്ത് സഞ്ജു ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ കളിയ്ക്കുകയാവും. ഈ മാസം 30ന് ബീഹാറിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും സഞ്ജു കളിക്കില്ല. ഫെബ്രുവരി രണ്ടിനാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര അവസാനിക്കുക. അത് കഴിഞ്ഞെങ്കിൽ മാത്രമേ താരത്തിന് ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ കഴിയൂ.
ഗ്രൂപ്പ് സിയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് കേരളം. അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച കേരളത്തിന് 18 പോയിൻ്റുണ്ട്. 20 പോയിൻ്റുള്ള ഹരിയാനയാണ് ഗ്രൂപ്പിൽ ഒന്നാമത്. അതുകൊണ്ട് തന്നെ അടുത്ത മത്സരങ്ങളിൽ പരാജയപ്പെട്ടില്ലെങ്കിൽ കേരളം നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. അങ്ങനെയെങ്കിൽ സഞ്ജു കേരളത്തിനായി നോക്കൗട്ട് കളിച്ചേക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സഞ്ജു ടീമിൽ നിന്ന് മാറിനിൽക്കുമോ എന്ന് സംശയമുണ്ട്.
കേരളത്തിൻ്റെ രഞ്ജി ട്രോഫി ടീം: സച്ചിൻ ബേബി, രോഹൻ എസ് കുന്നുമ്മൽ, ബാബ അപരാജിത്, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, ഷോൺ റോജർ, ജലജ് സക്സേന, സൽമാൻ നിസാർ, ആദിത്യ സർവാറ്റെ, ബേസിൽ തമ്പി, എംഡി നിഥീഷ്, എൻപി ബേസിൽ. എൻഎം ഷറഫുദ്ദീൻ, എഎം ശ്രീഹരി.
സഞ്ജു- കെസിഎ വിവാദം
സഞ്ജുവും കെസിഎയുമായുള്ള വിവാദം മുറുകുകയാണ്. വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള ടീമിൽ സഞ്ജുവിനെ പരിഗണിക്കാതിരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന് പകരം ഷോൺ റോജർ ടീമിൽ. സൽമാൻ നിസാർ ക്യാപ്റ്റൻ. പിന്നാലെ ക്യാമ്പിൽ പങ്കെടുക്കാതിരുന്നതിനാലാണ് താരത്തെ ടീമിൽ പരിഗണിക്കാതിരുന്നതെന്ന് കെസിഎ വ്യക്തമാക്കി. ക്യാമ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സഞ്ജു നേരത്തെ തന്നെ കെസിഎയ്ക്ക് ഇ മെയിൽ അയച്ചിരുന്നു. ഇത് കെസിഎ സ്ഥിരീകരിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം വിജയ് ഹസാരെയിലെ ബാക്കി മത്സരങ്ങൾ കളിക്കാൻ തയ്യാറാണെന്ന് സഞ്ജു കെസിഎയെ അറിയിച്ചു. ഇതും ഇഎമ്യിൽ വഴിയാണ് അറിയിച്ചത്. എന്നാൽ, സഞ്ജുവിനെ ടീമിൽ പരിഗണിക്കാൻ കെസിഎ തയ്യാറായില്ല. സഞ്ജു ഇല്ലാതെയാണ് കേരളം വിജയ് ഹസാരെ കളിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ മാത്രം വിജയിച്ച് കേരളം ടൂർണമെൻ്റിൽ നിന്ന് പുറത്താവുകയും ചെയ്തു.
ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ടീം പ്രഖ്യാപനത്തിലേക്കുള്ള സമയം അടുക്കവേ, വിജയ് ഹസാരെയിൽ കളിക്കാത്തതിനാൽ സഞ്ജുവിനെ ടീമിലെടുത്തേക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് ശരിവച്ചുകൊണ്ട് സഞ്ജുവിന് പകരം ഋഷഭ് പന്ത് ടീമിൽ ഇടം നേടി. വിമർശനങ്ങൾ ശക്തമായതോടെ സഞ്ജുവിനെ രൂക്ഷമായി വിമർശിച്ച് കെസിഎസ് പ്രസിഡൻ്റ് ജയേഷ് ജോർജ് രംഗത്തുവന്നു. ക്യാമ്പിലുണ്ടാവില്ലെന്ന് ഒരു വരി ഇമെയിൽ ആണ് അയച്ചതെന്നും തോന്നുമ്പോൾ വന്ന് കളിക്കാനുള്ളതല്ല കേരള ടീം എന്നും ജയേഷ് ജോർജ് പറഞ്ഞു. ഇതിലും കെസിഎയ്ക്കെതിരെ വിമർശനം ശക്തമാണ്.