Champions Trophy 2025: വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം! ഇന്ത്യയില്ലാതെ ചാമ്പ്യൻസ് ട്രോഫി നടക്കില്ല; പിസിബിയെ പറഞ്ഞു മനസിലാക്കാൻ ഐസിസി
ICC trying to convince PCB to host Champions Trophy in hybrid model: എട്ടു ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഷെഡ്യൂൾ ഐസിസി ഇതുവരെയും പുറത്തുവിട്ടിട്ടില്ല. രണ്ട് ദിവസത്തിനകം മത്സരക്രമം പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.
ദുബായ്: ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഇന്ത്യയില്ലാതെ നടത്താൻ സാധിക്കില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് കൗൺസിലിനെ പറഞ്ഞ് മനസിലാക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ പാകിസ്താനിലേക്ക് യാത്ര ചെയ്യില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെയാണ് പിസിബിയെ കൺവീൻസ് ചെയ്യാൻ ഐസിസി രംഗത്തെത്തിയത്. ടൂർണമെന്റ് നടക്കണമെങ്കിൽ ‘ഹൈബ്രിഡ് മോഡൽ’ അംഗീകരിക്കണമെന്നാണ് ഐസിസിയുടെ നിലപാട്. ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായിരിക്കും ഹെെബ്രിഡ് മോഡലിൽ നടത്തുക. ഇന്ത്യയില്ലാതെ ടൂർണമെന്റ് നടത്താൻ സാധിക്കില്ലെന്ന് പറഞ്ഞതിന്റെ കാര്യവും ഐസിസി പിസിബിയെ ബോധ്യപ്പെടുത്തും. പാകിസ്താൻ സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ചാമ്പ്യൻസ് ട്രോഫി പാക് മണ്ണിൽ തന്നെ നടത്തണമെന്ന് പിസിബി കടുംപിടിത്തം പിടിക്കുന്നത്.
അതേസമയം, സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ഇന്ത്യൻ ടീമിനെ അയ്ക്കാൻ സാധിക്കില്ലെന്ന കേന്ദ്രസർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിസിസിഐ. ടൂർണമെന്റിലെ എല്ലാ മത്സരങ്ങൾക്കും വേദിയാകാൻ സാധിച്ചില്ലെങ്കിൽ ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് പിന്മാറാൻ പിസിബി ആലോചിക്കുന്നുണ്ട്. ഏഷ്യാ കപ്പിന് പാകിസ്താൻ വേദിയായിരുന്നെങ്കിലും ഹെെബ്രിഡ് മോഡലിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടന്നത്. ഇതേരീതി ചാമ്പ്യൻസ് ട്രോഫിയിലും നടപ്പാക്കാനാണ് ഐസിസിയുടെ ആഗ്രഹം. ഹെെബ്രിഡ് മോഡലിൽ നടത്താൻ പാകിസ്താൻ തയ്യാറായാൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് യുഎഇ വേദിയാകും.
എട്ടു ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഷെഡ്യൂൾ ഐസിസി ഇതുവരെയും പുറത്തുവിട്ടിട്ടില്ല. രണ്ട് ദിവസത്തിനകം മത്സരക്രമം പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. 2025 ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുക. ഇന്ത്യൻ ടീമിന് ടൂർണമെന്റിനായി പാകിസ്താനിലേക്ക് വരാൻ എതിർപ്പുണ്ടെന്ന കാര്യം ഐസിസി പിസിബിയെ അറിയിച്ചിട്ടില്ലെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പ്രതികരിച്ചു. ‘‘ ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യക്ക് ടീമിനെ അയക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് അവർ ഞങ്ങളോട് പറയട്ടെ. ടൂർണമെന്റിൽ നിന്ന് ഞങ്ങൾ അവരെ പുറത്താക്കിക്കോളാം. ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് വരാതിരിക്കാൻ ഇന്ത്യക്ക് കാരണമില്ലെന്നും അദ്ദേഹം ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പ്രതികരിച്ചു.
2008-ൽ നടന്ന ഏഷ്യാ കപ്പിനായാണ് ഇന്ത്യ അവസാനമായി പാകിസ്താനിലേക്ക് യാത്ര ചെയ്തത്. 16 വർഷമായി പാകിസ്താനിൽ ഇന്ത്യ ഒരു അന്താരാഷ്ട്ര മത്സരം പോലും കളിച്ചിട്ടില്ല. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായതിനെ തുടർന്ന് 2012-13 മുതൽ ഇരു ടീമുകളും തമ്മിൽ പരമ്പരകളൊന്നും നടന്നിട്ടില്ല. 29 വർഷത്തിന് ശേഷമാണ് പാകിസ്താൻ ഐസിസി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. 1996-ലെ ക്രിക്കറ്റ് ലോകകപ്പായിരുന്നു പാകിസ്താൻ അവസാനമായി ആതിഥേയത്വം വഹിച്ച ടൂർണമെന്റ്. 2008-ലെ ചാമ്പ്യൻസ് ട്രോഫി, 2011 ലോകകപ്പിൻ്റെ സഹ-ആതിഥേയത്വവും പാകിസ്താന് ലഭിച്ചിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാൽ രണ്ട് ടൂർണമെൻ്റുകളും മാറ്റിവച്ചു.
ഫെബ്രുവരി 19 മുതൽ മാർച്ച് 29 വരെ ചാമ്പ്യൻസ് ട്രോഫി നടക്കുമെന്നാണ് റിപ്പോർട്ടുകൾ. പിസിബി തയ്യാറാക്കിയ കരട് മത്സരക്രമം പ്രകാരം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറിലാണ് നടക്കുന്നത്. ചിരവെെരികളായ ഇന്ത്യ- പാക് പോരാട്ടം നടക്കുന്നത് മാർച്ച് 1-നാണെന്നും കരട് പട്ടികയിൽ വ്യക്തമാകുന്നു.