Nitish Kumar Reddy: ‘എല്ലാം വെങ്കിടേശ്വരൻ്റെ അനുഗ്രഹം’; തിരുമല ക്ഷേത്രത്തിലെത്തി മുട്ടുകാലിൽ ഇഴഞ്ഞ് പടികൾ കയറി നിതീഷ് കുമാർ റെഡ്ഡി
Nitish Kumar Reddy Visits Tirumala Temple: തിരുമല ക്ഷേത്ര ദർശനം നടത്തി ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി. ഓസ്ട്രേലിയക്കെതിരായ ബോർഡർ - ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയതിന് പിന്നാലെയാണ് താരം ക്ഷേത്രദർശനം നടത്തിയത്.
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള തിരുമല വെങ്കടേശ്വര ക്ഷേത്രദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം നിതീഷ് കുമാർ റെഡ്ഡി. ഓസ്ട്രേലിയക്കെതിരെ നടന്ന ബോർഡർ – ഗവാസ്കർ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ താരം ഓസ്ട്രേലിയയിൽ നിന്ന് തിരികെവന്നതിന് ശേഷമാണ് ക്ഷേത്രദർശനത്തിനെത്തിയത്. താരം തിരുമല ക്ഷേത്രത്തിൻ്റെ പടികൾ മുട്ടുകാലിൽ ഇഴഞ്ഞ് കയറി. ഇതിൻ്റെ ദൃശ്യങ്ങൾ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ നിതീഷ് കുമാർ റെഡ്ഡി തന്നെ പങ്കുവച്ചു.
ബോർഡർ – ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായിരുന്നു നിതീഷ് കുമാർ റെഡ്ഡി. 9 ഇന്നിംഗ്സിൽ നിന്ന് 298 റൺസ് നേടിയ താരം പരമ്പരയിലെ ഏറ്റവും മികച്ച റൺവേട്ടക്കാരിൽ നാലാം സ്ഥാനത്തായിരുന്നു. താരത്തിൻ്റെ കരിയറിലെ ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു ഇത്. പരമ്പരയിലെ നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ താരം കരിയറിലെ ആദ്യ സെഞ്ചുറി നേടുകയും ചെയ്തു. മെൽബൺ ടെസ്റ്റിൽ 114 റൺസ് നേടിയാണ് താരം പുറത്തായത്. പരമ്പരയിലെ തകർപ്പൻ പ്രകടനം തുണച്ചതോടെ താരം ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടി20 ടീമിലും ഇടം നേടി.
വിഡിയോ കാണാം
Indian cricketer Nitish Kumar Reddy reached Tirumala hill top on knees to have darshan of Lord Venkateswara.
Nitish a native or Vizag had recently performed well during the test series.#nitishkumarreddy #Tirumala pic.twitter.com/NusdMv3pLG
— Sudhakar Udumula (@sudhakarudumula) January 14, 2025
Also Read : Sanju Samson: ഇംഗ്ലണ്ടിനെതിരെ സഞ്ജുവോ ഹാർദ്ദിക്കോ വൈസ് ക്യാപ്റ്റനാവില്ല; ചാഞ്ചാട്ടം തുടർന്ന് ബിസിസിഐ
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര
ഈ മാസം 22നാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുക. കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് പരമ്പരയിലെ ആദ്യ മത്സരം. രണ്ടാമത്തെ മത്സരം ജനുവരി 25ന് ചെന്നൈയിൽ നടക്കും. ഈ മാസം 28ന് രാജ്‌കോട്ടിലും, 31ന് പൂനെയിലും, ഫെബ്രുവരി രണ്ടിന് മുംബൈ വാംഖഡെയിലുലാണ് പരമ്പരയിലെ ബാക്കി മത്സരങ്ങൾ. ടി20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ കളിയ്ക്കും. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപ് ഇന്ത്യ അവസാനമായി കളിക്കുന ഏകദിന പരമ്പരയാണിത്. ഈ പരമ്പരയ്ക്കും ചാമ്പ്യൻസ് ട്രോഫിയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. കെഎൽ രാഹുലിന് ഏകദിന പരമ്പരയിൽ നിന്ന് അവധി നൽകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. കുഞ്ഞ് ജനിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുൽ വിശ്രമം ആവശ്യപ്പെട്ടിരുന്നു. അത് ബിസിസിഐ അനുവദിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നെങ്കിലും പിന്നീട് ഇത് അനുവദിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെയാണ് ഏകദിന ടീം പ്രഖ്യാപനം വൈകിയത്.
ഏറെ വൈകാതെ തന്നെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകളുണ്ട്. ഈ ടീം തന്നെയാവും ഏറെക്കുറെ ചാമ്പ്യൻസ് ട്രോഫിയിലും കളിക്കുക. ടീമിൽ സഞ്ജു സാംസൺ ഉണ്ടാവില്ലെന്നും കെഎൽ രാഹുലും ഋഷഭ് പന്തുമാവും ഏകദിന, ചാമ്പ്യൻസ് ട്രോഫി ടീമുകളിൽ കളിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യന്‍ ടീം ഇങ്ങനെ: സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറെൽ.