5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Martin Guptill: 2019 ലോകകപ്പിൽ ഇന്ത്യൻ കിരീടത്തിൻ്റെ വഴിമുടക്കിയ റണ്ണൗട്ട്; മാർട്ടിൻ ഗപ്റ്റിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Martin Guptill Announces Retirement : രാജ്യാന്തര കരിയറിൽ നിന്ന് വിരമിച്ച് ന്യൂസീലൻഡ് ക്രിക്കറ്റ് താരം മാർട്ടിൻ ഗപ്റ്റിൽ. 14 വർഷം നീണ്ട കരിയറാണ് ഗപ്റ്റിൽ അവസാനിപ്പിച്ചത്. ന്യൂസീലൻഡ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഗപ്റ്റിൽ.

Martin Guptill: 2019 ലോകകപ്പിൽ ഇന്ത്യൻ കിരീടത്തിൻ്റെ വഴിമുടക്കിയ റണ്ണൗട്ട്; മാർട്ടിൻ ഗപ്റ്റിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
മാർട്ടിൻ ഗപ്റ്റിൽ, എംഎസ് ധോണിImage Credit source: Social Media
abdul-basith
Abdul Basith | Published: 08 Jan 2025 19:05 PM

ന്യൂസീലൻഡ് ക്രിക്കറ്റ് താരം മാർട്ടിൻ ഗപ്റ്റിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 38 വയസുകാരനായ താരം 14 വർഷം നീണ്ട തൻ്റെ കരിയർ അവസാനിപ്പിച്ചാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ന്യൂസീലൻഡ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ഗപ്റ്റിൽ ഇന്ത്യൻ ആരാധകർക്ക് നഷ്ടബോധത്തിൻ്റെ അടയാളമാണ്. 2019 ലോകകപ്പ് സെമിഫൈനലിൽ എംഎസ് ധോണിയെ റണ്ണൗട്ടാക്കിയത് ഗപ്റ്റിലായിരുന്നു. ഈ കളി പരാജയപ്പെട്ട് ഇന്ത്യക്ക് ലോകകപ്പ് നഷ്ടമാവുകയും ചെയ്തു.

ടെസ്റ്റ്, ഏകദിന, ടി20 കരിയറിലായി ആകെ 23 സെഞ്ചുറികളാണ് ഗപ്റ്റിൽ സ്കോർ ചെയ്തത്. ടെസ്റ്റിൽ 47 മത്സരങ്ങളിലും ടി20യിൽ 122 മത്സരങ്ങളിലും ഏകദിനത്തിൽ 198 മത്സരങ്ങളിലും ഗപ്റ്റിൽ രാജ്യാന്തര ജഴ്സിയണിഞ്ഞു. 2022ലാണ് അദ്ദേഹം ന്യൂസീലൻഡ് ജഴ്സിയിൽ അവസാനമായി കളിച്ചത്. ന്യൂസീലൻഡിനായി ടി20 ചരിത്രത്തിൽ തന്നെ ഏറ്റവുമധികം റൺസ് നേടിയ താരമാണ് ഗപ്റ്റി. 122 മത്സരങ്ങളിൽ നിന്ന് 3531 റൺസാണ് അദ്ദേഹം ടി20 കരിയറിൽ സ്വന്തമാക്കിയത്. ടി20 കരിയറിൽ രാജ്യത്തിനായി ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ ഗപ്റ്റിൽ രണ്ടാമതാണ്. ഏകദിന മത്സരങ്ങളിൽ 7446 റൺസ് നേടിയ അദ്ദേഹം ഈ പട്ടികയിൽ മൂന്നാമതാണ്. റോസ് ടെയ്‌ലർ, സ്റ്റീഫൻ ഫ്ലെമിങ് എന്നിവരാണ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. 47 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 2586 റൺസും അദ്ദേഹം നേടി. ടി20, ഏകദിന, ടെസ്റ്റ് കരിയറിൽ യഥാക്രമം 2, 18, 3 വീതം സെഞ്ചുറികളാണ് അദ്ദേഹം നേടിയിട്ടുള്ളത്.

Also Read : ICC Champions Trophy : ചാമ്പ്യന്‍സ് ട്രോഫി പടിവാതില്‍ക്കല്‍; പാകിസ്ഥാനില്‍ സ്റ്റേഡിയം നിര്‍മ്മാണം പാതിവഴിയില്‍ ! ഐസിസി കലിപ്പില്‍

2009 ജനുവരി 10ന് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിലാണ് ഗപ്റ്റിൽ ന്യൂസീലൻഡിനായി അരങ്ങേറുന്നത്. അക്കൊല്ലം ഫെബ്രുവരി 15ന് ഓസ്ട്രേലിയക്കെതിരെ ഏകദിനത്തിലും മാർച്ച് 18ന് ഇന്ത്യക്കെതിരെ ടെസ്റ്റിലും അദ്ദേഹം അരങ്ങേറി. ഐപിഎലിൽ മുംബൈ ഇന്ത്യൻസ്, കിംഗ്സ് ഇലവൻ പഞ്ചാബ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളിലും അദ്ദേഹം കളിച്ചു. 2015, 2019 ഏകദിന ലോകകപ്പുകളിലും 2021 ടി20 ലോകകപ്പിലും റണ്ണേഴ്സ് അപ്പായ ടീമിൽ അംഗമായിരുന്നു.

2019 ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്കെതിരെ ന്യൂസീലൻഡിൻ്റെ വിജയത്തിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ബാറ്റിംഗിൽ ഒരു റൺസെടുത്ത് പുറത്തായെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എംഎസ് ധോണിയെ നേരിട്ടുള്ള ത്രോയ്ക്ക് റണ്ണൗട്ടാക്കി താരം ന്യൂസീലൻഡിന് വിജയം സമ്മാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 239 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അവസാന ഓവറിൽ 221 റൺസെടുക്കുന്നതിനിടെ ഓൾഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ 92 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജ – എംഎസ് ധോണി സഖ്യം രക്ഷപ്പെടുത്തുകയായിരുന്നു. ജഡേജ മടങ്ങിയതിന് പിന്നാലെ 49ആം ഓവറിലാണ് ധോണി റണ്ണൗട്ടായത്. കളി വിജയിച്ച് ഫൈനലിലെത്തിയ ന്യൂസീലൻഡ് ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ ബൗണ്ടറി എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ പരാജയപ്പെടുകയായിരുന്നു.