Sandeep Lamichhane : ഒടുവിൽ വിസ ലഭിച്ചു, സന്ദീപ് ലമിച്ഛാനെ ലോകകപ്പ് കളിക്കും
Sandeep Lamichhane Got Visa : നേപ്പാൾ മുൻ ക്യാപ്റ്റനും സൂപ്പർ താരവുമായ സന്ദീപ് ലമിച്ഛാനെയ്ക്ക് വിസ അനുവദിച്ച് അമേരിക്ക. താരം ബാക്കിയുള്ള മത്സരങ്ങളിൽ നേപ്പാളിനായി കളിക്കും
നേപ്പാൾ സൂപ്പർ താരം സന്ദീപ് ലമിച്ഛാനെയ്ക്ക് ഒടുവിൽ വിസ ലഭിച്ചു. താരം നേപ്പാളിൻ്റെ ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കും. ടീമിൻ്റെ മുൻ നായകനായ ലമിച്ഛാനെ തന്നെയാണ് തനിക്ക് വിസ ലഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെയാണ് നേപ്പാളിൻ്റെ അടുത്ത ഗ്രൂപ്പ് മത്സരങ്ങൾ. നെതർലൻഡ്സിനെതിരായ ആദ്യ മത്സരത്തിൽ നേപ്പാൾ പരാജയപ്പെട്ടിരുന്നു.
ലോകകപ്പ് ടീമിൽ അംഗമായിരുന്ന സന്ദീപിന് നേരത്തെ വിസ അനുവദിച്ചിരുന്നില്ല. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സന്ദീപിനെ നേരത്തെ ശിക്ഷിച്ചിരുന്നു. എട്ട് വർഷത്തെ തടവുശിക്ഷ പിന്നീട് കാഠ്മണ്ഡു കോടതി റദ്ദാക്കി ലമിച്ഛാനെയെ കുറ്റവിമുക്തനാക്കി. ഈ വർഷം ജനുവരിയിൽ വിധിച്ച ശിക്ഷ മെയ് മാസത്തിലാണ് കോടതി റദ്ദാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ താരത്തെ നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ വിലക്കുകയും ശിക്ഷ റദ്ദാക്കിയപ്പോൾ വിലക്ക് നീക്കുകയും ചെയ്തിരുന്നു. സന്ദീപിന് വിസ നിഷേധിക്കാനിടയാതിനു കാരണം ഇതായിരുന്നു എന്നാണ് വിവരം. നേപ്പാൾ സർക്കാർ നേരിട്ട് ഇടപെട്ടിട്ടും വിസ ലഭിച്ചിരുന്നില്ല. അതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
സംഭവത്തിൽ നേപ്പാൾ സർക്കാരിനും ക്രിക്കറ്റ് ബോർഡിനും വിദേശകാര്യ മന്ത്രാലയത്തിനും ലമിച്ഛാനെ നന്ദി അറിയിച്ചു. നാളെയാണ് നേപ്പാൾ ശ്രീലങ്കക്കെതിരെ കളിക്കുക. ഈ മത്സരത്തിൽ കളിക്കാൻ കഴിയുന്ന തരത്തിൽ താരം ടീമിനൊപ്പം ചേരുമോ എന്നതിൽ വ്യക്തതയില്ല.
ഐപിഎലിൽ അടക്കം ലോകത്തിലെ വിവിധ ടി20 ലീഗുകളിൽ കളിച്ച താരമാണ് സന്ദീപ് ലമിച്ഛാനെ. സമീപകാലത്തായി നേപ്പാൾ കാഴ്ചവച്ചിട്ടുള്ള വളർച്ചയിൽ ലമിച്ഛാനെ വലിയ പങ്കുവഹിച്ചിരുന്നു. താരം നേപ്പാളിനെ കുറേ മത്സരങ്ങളിൽ നയിക്കുകയും ചെയ്തു.
ലോകകപ്പ് പുരോഗമിക്കുമ്പോൾ ഗ്രൂപ്പ് ഘട്ടം ആവേശകരമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണെന്നാണ് ഞെട്ടിക്കുന്ന കാര്യം. ഈ ഗ്രൂപ്പിൽ ഒമാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ല. സ്കോട്ട്ലൻഡിനെതിരായ ഇംഗ്ലണ്ടിൻ്റെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ ഓസ്ട്രേലിയക്കെതിരെ നിലവിലെ ചാമ്പ്യന്മാർ പരാജയപ്പെട്ടു. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയം അടക്കം അഞ്ച് പോയിൻ്റുള്ള സ്കോട്ട്ലൻഡ് ആണ് ഗ്രൂപ്പിൽ ഒന്നാമത്. രണ്ട് മത്സരങ്ങളിൽ നാല് പോയിൻ്റുമായി ഓസ്ട്രേലിയ രണ്ടാമതുണ്ട്.