ഇന്ത്യയുടെ സുവർണതാരം; 140 കോടി ജനങ്ങളുടെ പ്രതീക്ഷയിലേക്ക് ജാവലിൻ പായിക്കാൻ നീരജ് ചോപ്ര ഇന്നിറങ്ങും | Neeraj Chopra Javelin Player Career Medals Olympics Records Details In Malayalam Malayalam news - Malayalam Tv9

Olympics 2024 : ഇന്ത്യയുടെ സുവർണതാരം; 140 കോടി ജനങ്ങളുടെ പ്രതീക്ഷയിലേക്ക് ജാവലിൻ പായിക്കാൻ നീരജ് ചോപ്ര ഇന്നിറങ്ങും

Published: 

06 Aug 2024 14:01 PM

Olympics 2024 Neeraj Chopra : മെഡൽ പ്രതീക്ഷയുമായി നീരജ് ചോപ്ര ഇന്ന് ഒളിമ്പിക്സ് യോഗ്യതാ ഘട്ടത്തിൽ മത്സരിക്കാനിറങ്ങുകയാണ്. കഴിഞ്ഞ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടിയ നീരജിലൂടെ ഇന്ത്യ വീണ്ടും ഒരു സ്വർണ മെഡൽ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Olympics 2024 : ഇന്ത്യയുടെ സുവർണതാരം; 140 കോടി ജനങ്ങളുടെ പ്രതീക്ഷയിലേക്ക് ജാവലിൻ പായിക്കാൻ നീരജ് ചോപ്ര ഇന്നിറങ്ങും

Olympics 2024 Neeraj Chopra (Image Courtesy - Social Media)

Follow Us On

നീരജ് ചോപ്ര എന്ന പേര് ഇന്ന് നമുക്ക് ഏറെ സുപരിചിതമാണ്. എവിടെയും നീരജ് ചോപ്ര എന്ന പേരറിയും. ഒരൊറ്റ ഒളിമ്പിക്സ് കൊണ്ട് നീരജ് ചോപ്ര എന്ന 26കാരൻ മാറ്റിവരച്ചത് ഒളിമ്പിക്സ് അത്‌ലറ്റിക് മത്സരങ്ങളിൽ ഇന്ത്യയുടെ ജാതകമായിരുന്നു. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ, തൻ്റെ ആദ്യ ഒളിമ്പിക്സിൽ 87.58 മീറ്റർ ദൂരേക്ക് ജാവലിൻ പായിച്ച നീരജ് സ്വർണമെഡലണിഞ്ഞ് പോഡിയത്തിൽ നിൽക്കുമ്പോൾ നൂറ്റാണ്ടുകൾ നീണ്ട ഒളിമ്പിക്സ് (Olympics 2024) ചരിത്രത്തിലാദ്യമായി ട്രാക്ക് ആൻഡ് ഫീൽഡ്സിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങിക്കേട്ടു. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ താരം. നീരജ് നമുക്ക് പ്രിയപ്പെട്ടവനായി.

ഹരിയാനയിലെ പാനിപ്പത്തിൽ 1997 ഡിസംബർ 24ന് ജനിച്ച നീരജിൻ്റെ മാതാപിതാക്കൾ കർഷകരായിരുന്നു. ബാല്യത്തിൽ അമിതമായ ശരീരഭാരം കാരണം സുഹൃത്തുക്കളുടെ പരിഹാസം കേട്ട് വളർന്ന നീരജിനെ പിതാവ് ജിമ്മിൽ ചേർത്തു. അവിടെ വച്ചാണ് കവലിൻ ത്രോയുമായി നീരജ് പ്രണയത്തിലാവുന്നത്. പിന്നീട്, 2010ൽ പാനിപ്പത്തിലെ സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) സെൻ്റർ സന്ദർശിച്ച നീരജ് അവിടെ വച്ച് ജാവലിൻ താരം അക്ഷയ് ചൗധരിയെ പരിചയപ്പെടുന്നു. അക്ഷയ്ക്കൊപ്പമായിരുന്നു പിന്നീട് നീരജിൻ്റെ പരിശീലനം. ജാവലിൻ ത്രോയിൽ നീരജ് ഒരു പുലിയാണെന്ന് മനസിലാക്കിയ അക്ഷയ് അവൻ്റെ ആദ്യ പരിശീലകനായി. ഏറെ വൈകാതെ നീരജ് തൻ്റെ ആദ്യ മെഡൽ നേടി. ജില്ലാ തലത്തിൽ വെങ്കലം.

ഒരു വർഷം അക്ഷയ്ക്കൊപ്പം പരിശീലനം നടത്തിയ നീരജ് തൻ്റെ 13ആം വയസിൽ പഞ്ച്കുളയിലെ തൗ ദേവി ലാൽ സ്പോർട്സ് കോംപ്ലക്സിൽ ചേർന്നു. അവിടെ നസീം അഹ്മദ് എന്ന പരിശീലകന് കീഴിലായിരുന്നു നീരജിൻ്റെ പരിശീലനം. ഇവിടെ ജാവലിന് പ്രത്യേകമായി പരിശീലകൻ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നീരജും ഒപ്പമുണ്ടായിരുന്ന മറ്റൊരു ജാവലിൻ താരം പർമിന്ദർ സിംഗും ചെക്ക് ജാവലിൻ ചാമ്പ്യൻ യാൻ സെലനിയുടെ വിഡിയോകൾ ഡൗൺലോഡ് ചെയ്ത് അത് അനുകരിക്കാനാണ് ശ്രമിച്ചിരുന്നത്. 2012ൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോർഡോടെ 68.40 മീറ്റർ എറിഞ്ഞ് നീരജ് സ്വർണം നേടി. കരിയറിലെ ആദ്യ സ്വർണ മെഡൽ.

Also Read : Olympics 2024 : വെങ്കലപ്പോരിൽ കാലിടറി ലക്ഷ്യ സെൻ; പാരീസിൽ നിന്ന് തലയുയർത്തി മടക്കം

2013ൽ യുക്രൈനിൽ വച്ച് നടന്ന വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പായിരുന്നു നീരജിൻ്റെ ആദ്യ രാജ്യാന്തര ടൂർണമെൻ്റ്. തൊട്ടടുത്ത വർഷം ബാങ്കോക്കിൽ നടന്ന യൂത്ത് ഒളിമ്പിക്സ് യോഗ്യതാ പോരിൽ വെള്ളി നേടി നീരജ് ആദ്യ രാജ്യാന്തര മെഡൽ സ്വന്തമാക്കി. 2014 ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ നീരജ് 70 മീറ്റർ ആദ്യമായി ഭേദിച്ചു. അടുത്ത വർഷം ജൂനിയർ വിഭാഗത്തിലെ ലോക റെക്കോർഡ് തകർത്ത് നീരജ് 81.04 മീറ്ററിൻ്റെ പുതിയ റെക്കോർഡ് സ്ഥാപിച്ചു. 2015 ഓൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിയിറ്റി അത്‌ലറ്റിക്സ് മീറ്റിലായിരുന്നു ഇത്. 2016ൽ പാട്യാലയിലെ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലേക്ക് ലഭിച്ച ക്ഷണം വഴിത്തിരിവായി. പഞ്ച്കുളയിലെ പരിശീലനത്തെക്കാൾ മികച്ച പരിശീലനം നീരജിന് അവിടെ ലഭിച്ചു. ശാസ്ത്രീയമായ പരിശീലനത്തിൻ്റെ ഗുണം വൈകാതെ നീരജിൽ കണ്ടുതുടങ്ങി.

പരിക്കിനെ തുടർന്ന് 2016ൽ നടന്ന റിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ നീരജിന് സാധിച്ചില്ല. അതേവർഷം തന്നെ ബെംഗളൂരുവിലെ സായ് സെൻ്ററിലേക്ക് നീരജ് തൻ്റെ പരിശീലനം മാറ്റി. ഇത് നീരജിൻ്റെ പ്രകടനങ്ങളിൽ സ്ഥിരത കൊണ്ടുവന്നു. 2017ൽ ഗുരുതര പരിക്കേറ്റ നീരജ് ജർമനിക്ക് പറന്നു. അവിടെ മൂന്ന് മാസരത്തോളം പരിശീലനം നടത്തി. 2018 കോമൺവെൽത്ത് ഗെയിംസിൽ 86.47 മീറ്റർ ദൂരെ ജാവലിൻ എറിഞ്ഞ് നീരജ് സ്വർണം നേടി. കോമൺവെൽത്ത് ജാവലിനിൽ ഇന്ത്യയുടെ ആദ്യ സ്വർണം. 2018 ഏഷ്യൻ ഗെയിംസിലും നീരജ് നേട്ടം ആവർത്തിച്ചു. 88.06 ആയിരുന്നു താരം കണ്ടെത്തിയ ദൂരം. 2019ൽ നീരജിന് വീണ്ടും പരിക്കേറ്റു. ഒളിമ്പിക്സ് നഷ്ടമായേക്കുമോ എന്ന ഭീതിയുണ്ടായിരുന്നെങ്കിലും അസാമാന്യ മനക്കരുത്തോടെ നീരജ് തിരികെവന്നു. പരിക്കിന് ശേഷം നടന്ന ആദ്യ മത്സരത്തിൽ 87.86 മീറ്റർ ദൂരെ ജാവലിൻ എറിഞ്ഞ നീരജ് ടോക്യോ ഒളിമ്പിക്സ് യോഗ്യത നേടി. ബാക്കി ചരിത്രം

ഒളിമ്പിക്സിന് ശേഷം തുടരെ ദേശീയ റെക്കോർഡുകൾ തകർത്ത് വിവിധ ടൂർണമെൻ്റുകളിൽ നീരജ് മെഡൽ വാരി. പദ്മ ശ്രീ, അർജുന അവാർഡ്, ഖേൽ രത്ന തുടങ്ങിയ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. നിലവിൽ ഇന്ത്യൻ സൈന്യത്തിൽ സുബേദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് നീരജ് ചോപ്ര.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version