Mohun Bagan ISL winners: ഐഎസ്എല്‍ കിരീടം വീണ്ടും മോഹന്‍ ബഗാന്; ബെംഗളൂരുവിന് കണ്ണീര്‍ മടക്കം
ISL Final 2025 Mohun Bagan Super Giant beat Bengaluru FC: ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് മോഹന്‍ ബഗാന്‍ ഫൈനലിന് ഇറങ്ങിയത്. സെമി ഫൈനലിലെ ആദ്യ പാദത്തില്‍ ജംഷെദ്പുരിനോട് 2-1ന് മോഹന്‍ ബഗാന്‍ തോറ്റിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജംഷെദ്പുരിനെ മലര്‍ത്തിയടിച്ചു. രണ്ട് പാദങ്ങളില്‍ നിന്നുമായി 3-2ന്റെ പിന്‍ബലത്തിലാണ് മോഹന്‍ ബഗാന്‍ ഫൈനലിലെത്തിയത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം മോഹന്‍ ബഗാന്‍ സ്വന്തമാക്കി. ആവേശ ഫൈനലില്‍ ബെംഗളൂരു എഫ്‌സിയെ 2-1ന് കീഴടക്കി. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ജാമി മക്ലാരന്‍ നേടിയ വിജയഗോളാണ് ഒരിക്കല്‍ കൂടി മോഹന്‍ ബഗാന് ഐഎസ്എല്‍ കിരീടം സമ്മാനിച്ചത്. ആക്രമണ-പ്രത്യാക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു ആദ്യ പകുതി. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. മോഹന്‍ ബഗാന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും, പിന്നീട് ബെംഗളൂരുവാണ് ആദ്യ പകുതിയില്‍ കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടത്.
ഇതിനിടെ 20-ാം മിനിറ്റില്‍ മികച്ച അവസരം ബെംഗളൂരുവിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം പകുതി ആരംഭിച്ചതിന് തൊട്ടുപിന്നാലെ മോഹന്‍ ബഗാനെ ഞെട്ടിച്ച് ബെംഗളൂരുവിന് ഗോള്‍ ലഭിച്ചു. പക്ഷേ, അത് മോഹന്‍ബഗാന്‍ താരമായ ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ ഓണ്‍ ഗോളിലൂടെയായിരുന്നുവെന്ന് മാത്രം. ക്രോസ് തടയാനുള്ള റോഡ്രിഗസിന്റെ ശ്രമമാണ് പാളിയത്. ഗോളി വിശാല്‍ കെയ്ത്തിനും ഒന്നും ചെയ്യാനായില്ല.
കൈവിട്ട മത്സരം എങ്ങനെയും വീണ്ടെടുക്കാനായിരുന്നു തുടര്‍ന്ന് മോഹന്‍ ബഗാന്റെ ശ്രമം. മോഹന്‍ ബഗാന്റെ കഠിന പരിശ്രമങ്ങള്‍ക്ക് 74-ാം മിനിറ്റില്‍ ഫലം കണ്ടു. പെനാല്‍റ്റി വലയിലെത്തിച്ച് ജേസണ്‍ കമ്മിംഗ്‌സ് മോഹന്‍ ബഗാനെ ഒപ്പമെത്തിച്ചു. സ്വന്തം ബോക്‌സിനുള്ളില്‍ ബെംഗളൂരു താരം സനയുടെ കൈ പന്തില്‍ സ്പര്‍ശിച്ചതാണ് പെനാല്‍റ്റിയിലേക്ക് നയിച്ചത്. കിക്കെടുത്ത കമ്മിങ്‌സ് ഒരു പിഴവും വരുത്താതെ അത് വലയിലെത്തിച്ചു.
തുടര്‍ന്ന് ഇരുടീമുകള്‍ക്കും കൂടുതല്‍ ഗോള്‍ നേടാനാകാതെ വന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ മോഹന്‍ ബഗാന്‍ രണ്ടാം ഗോള്‍ നേടി. 96-ാം മിനിറ്റില്‍ ജാമി മക്ലാരനാണ് ബെംഗളൂരുവിന്റെ വല കുലുക്കിയത്. ഈ ഗോളാണ് മോഹന്‍ ബഗാന് കിരീടം സമ്മാനിച്ചതും.
ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് മോഹന്‍ ബഗാന്‍ ഫൈനലിന് ഇറങ്ങിയത്. സെമി ഫൈനലിലെ ആദ്യ പാദത്തില്‍ ജംഷെദ്പുരിനോട് 2-1ന് മോഹന്‍ ബഗാന്‍ തോറ്റിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജംഷെദ്പുരിനെ മലര്‍ത്തിയടിച്ചു. രണ്ട് പാദങ്ങളില്‍ നിന്നുമായി 3-2ന്റെ പിന്‍ബലത്തിലാണ് മോഹന്‍ ബഗാന്‍ ഫൈനലിലെത്തിയത്.
ഐഎസ്എല്‍ ചരിത്രത്തില്‍ ഫൈനല്‍ മത്സരങ്ങള്‍ ഹോം ഗ്രൗണ്ടില്‍ കളിച്ചിട്ടുള്ള ടീമുകള്‍ ജയിച്ചിട്ടില്ലെന്നതായിരുന്നു ഫൈനലിന് മുമ്പ് ബെംഗളൂരുവിന്റെ ആത്മവിശ്വാസം. സെമി ഫൈനലില്‍ ഗോവയെയാണ് ബെംഗളൂരു തോല്‍പിച്ചത്. ആദ്യ പാദത്തില്‍ 2-0ന് ബെംഗളൂരു ജയിച്ചു. എന്നാല്‍ രണ്ടാം പാദത്തില്‍ 2-1ന് ഗോവയോട് തോറ്റു. എങ്കിലും രണ്ട് പാദത്തിലുമായി 3-2ന്റെ കരുത്തില്‍ ബെംഗളൂരു കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.
മോഹന്‍ബഗാനായിരുന്നു ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയത്. 24 മത്സരങ്ങളില്‍ നിന്ന് 17 ജയവും, രണ്ട് സമനിലയും നേടിയ മോഹന്‍ ബഗാന്‍ 56 പോയിന്റുകള്‍ നേടിയാണ് ഒന്നാമതെത്തിയത്. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് തോറ്റത്. ഗോവയായിരുന്നു രണ്ടാമത്. ബെംഗളൂരു മൂന്നാമതും. കേരള ബ്ലാസ്‌റ്റേഴ്‌സ് എട്ടാമതായാണ് സീസണ്‍ പൂര്‍ത്തിയാക്കിയത്.