Mohammed Siraj vs Travis Head : സിറാജിനും ഹെഡിനും ഐസിസി നല്‍കിയ ‘സമ്മാനം’; ക്രിക്കറ്റിലെ ഡീമെറിറ്റ് പോയിന്റുകള്‍ എന്താണ് ? താരങ്ങളെ എങ്ങനെ ബാധിക്കും?
ICC Code of Conduct : മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഹെഡ് തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. 141 പന്തില്‍ 140 റണ്‍സ് നേടിയ താരത്തെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീടാണ് പ്രശ്‌നങ്ങളുടെ തുടക്കം
അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം സംഭവബഹുലമായിരുന്നു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും, ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡും തമ്മിലുണ്ടായ ‘വാക്‌പോരാ’ണ് മത്സരത്തെ തീപിടിപ്പിച്ചത്. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ഐസിസി അച്ചടക്ക നടപടി സ്വീകരിച്ചു. സിറാജിനും ഹെഡിനും ഡീമെറിറ്റ് പോയിന്റ് നല്‍കി. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ചുമത്തി.
ഹെഡിന് പിഴശിക്ഷ നല്‍കിയില്ല. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിനാണ് സിറാജിന് പിഴ ശിക്ഷ നല്‍കിയത്. ആര്‍ട്ടിക്കിള്‍ 2.13 ലംഘിച്ചതിനാണ് ഇരുതാരങ്ങള്‍ക്കും ഡീമെറിറ്റ് പോയിന്റ് ലഭിച്ചത്.
എന്തായിരുന്നു വിവാദം
മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഹെഡ് തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. 141 പന്തില്‍ 140 റണ്‍സ് നേടിയ താരത്തെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീടാണ് പ്രശ്‌നങ്ങളുടെ തുടക്കം. സിറാജ് എറിഞ്ഞത് നല്ല പന്താണെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു ഹെഡിന്റെ വാദം.
അഗ്രസീവായാണ് സിറാജ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഹെഡിനോട് കയറിപ്പോകാന്‍ ആഗ്യം കാണിച്ചായിരുന്നു താരത്തിന്റെ ആഘോഷപ്രകടനം. ഇരുവരുടെയും മൈതാനത്തെ ഈ വാക്‌പോരാണ് നടപടിക്ക് കാരണമായത്. എന്നാല്‍ ഹെഡ് പറഞ്ഞതെല്ലാം കള്ളമാണെന്നായിരുന്നു സിറാജിന്റെ ആരോപണം. പിന്നീട് തങ്ങള്‍ പ്രശ്‌നം സംസാരിച്ച് തീര്‍ത്തെന്ന് ഹെഡും വ്യക്തമാക്കിയതോടെ ആ വിവാദം അവസാനിച്ചു.
കലിപ്പന്‍ സിറാജ്
സിറാജ് ഈ മത്സരത്തില്‍ ആദ്യമായല്ല വിവാദത്തില്‍ പെടുന്നത്. ഒന്നാം ദിനം ബൗളിങിനിടെ ഓസീസ് ബാറ്റര്‍ ബാര്‍നസ് ലബുഷെയ്‌ന് നേരെ പന്ത് വലിച്ചെറിഞ്ഞതും വിവാദമായിരുന്നു. പിന്നീട് കൂക്കിവിളികളോടെയാണ് അഡ്‌ലെയ്ഡിലെ ഓസീസ് ആരാധകര്‍ സിറാജിനെ വരവേറ്റത്.
Read Also : വീണ്ടും തലകീഴായി മറിഞ്ഞ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടിക! ഇന്ത്യ വീണ്ടും പുറകിൽ
ഡീമെറിറ്റ് പോയിന്റ് പണിയാകുമോ ?
ഡീമെറിറ്റ് പോയിന്റ് സിറാജിനും ഹെഡിനും തല്‍ക്കാലം കുഴപ്പങ്ങളൊന്നും സൃഷ്ടിക്കില്ല. പക്ഷേ, രണ്ട് വര്‍ത്തേക്കെങ്കിലും ഇരുവരും ‘നല്ല കുട്ടികളായി’ പെരുമാറണം.
24 മാസമാണ് ഡീമെറിറ്റ് പോയിന്റിന്റെ കാലാവധി. അതിനു ശേഷം ആ നടപടി നീക്കം ചെയ്യും. എന്നാല്‍ 24 മാസത്തിനിടെ നാലോ അതിലധികമോ ഡീമെറിറ്റ് പോയിന്റുകള്‍ നേടിയാല്‍ അത് സസ്‌പെന്‍ഷന്‍ പോയിന്റുകളായി പരിഗണിക്കുകയും, താരത്തെ വിലക്കുകയും ചെയ്യും.
രണ്ട് സസ്‌പെന്‍ഷന്‍ പോയിന്റുകള്‍ ഒരു ടെസ്റ്റില്‍ നിന്നോ, അല്ലെങ്കില്‍ രണ്ട് ഏകദിനം അല്ലെങ്കില്‍ ടി20 എന്നിവയില്‍ നിന്നോ ഉള്ള വിലക്കിന് തുല്യമാണ്. സസ്‌പെന്‍ഷന്‍ ലഭിച്ചതിന് ശേഷം ഏത് ഫോര്‍മാറ്റിലുള്ള മത്സരമാണോ ആദ്യം വരുന്നത് അതില്‍ നിന്നാകും താരത്തെ വിലക്കുന്നത്.