Mohammed Shami: ‘നീണ്ട കാലത്തിനു ശേഷമുള്ള കണ്ടുമുട്ടൽ’; മകളെ ചേർത്തുപിടിച്ച് മുഹമ്മദ് ഷമി; വീഡിയോ വൈറൽ
Mohammed Shami:‘നീണ്ട കാലത്തിനു ശേഷം അവളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ സമയം പോലും നിലച്ചുപോയി. ബേബോ, എനിക്കു നിന്നോടുള്ള സ്നേഹം വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാനാകില്ല.’ എന്നാണ് വീഡിയോക്ക് താഴെ താരം കുറിച്ചിരിക്കുന്നത്.

മുഹമ്മദ് ഷമി മകൾ ഐറയ്‌ക്കൊപ്പം (Image credits: screengrab)
ലക്നൗ: എറെ ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമാണ് മുഹമ്മദ് ഷമി. 2023 ഏകദിന ലോകകപ്പില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. എന്നാൽ ഇതിനു പിന്നാലെ പരിക്കേറ്റ താരം പിന്നീട് ഇന്ത്യൻ കുപ്പായത്തിൽ കളിക്കാൻ ഇറങ്ങിയില്ല. ഇതിനു ശേഷം അടുത്തിടെ ബംഗാള്‍ ടീമിന്റെ രഞ്ജി ട്രോഫി സ്‌ക്വാഡില്‍ താരം കളിച്ചിരുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന ഓസീസിനെതിരായ പരമ്പരയില്‍ ഷമി കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താരം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെയിൽ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും മകൾ ഐറയുമൊത്തുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുൻ ഭാര്യ ഹസിൻ ജഹാനിലുണ്ടായ മകൾ ഐറയുമായാണ് താരം കൂടികാഴ്ച നടത്തിയത്. ദീർഘകാലത്തിനു ശേഷമാണ് ഇരുവരും കണ്ടുമുട്ടിയത്. ഹസിൻ ജഹാനുമായുള്ള വിവാഹബന്ധം പിരിഞ്ഞശേഷം ഐറ, യുവതിക്കൊപ്പമാണ് താമസം. ഇതിനിടെയാണ് ഷമിയും ഐറയും കഴിഞ്ഞ ദിവസം കണ്ടുമുട്ടിയത്.വീഡിയോയിൽ മകളെ കെട്ടിപിടിക്കുന്നതുമ മകൾക്കൊപ്പം ഒരുമിച്ച് ഷോപ്പിങ്ങ് നടത്തുന്നതും കാണാം. ഇതിന്റെ വീഡിയോ മുഹമ്മദ് ഷമി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘നീണ്ട കാലത്തിനു ശേഷം അവളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ സമയം പോലും നിലച്ചുപോയി. ബേബോ, എനിക്കു നിന്നോടുള്ള സ്നേഹം വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാനാകില്ല.’ എന്നാണ് വീഡിയോക്ക് താഴെ താരം കുറിച്ചിരിക്കുന്നത്.
2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളർന്നാണ് വിവാഹത്തിലെത്തിയത്. ഹസിൻ ജഹാന് മുൻവിവാഹത്തിൽ വേറെയും മക്കളുണ്ട്. എന്നാൽ 2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പങ്കുവച്ചു. ഇതിനു പിന്നാലെ താരത്തിനും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് പൊലീസിൽ പരാതിയും നൽകി. സംഭവത്തിൽ ഷമിക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. വിവാഹമോചനത്തിനു ശേഷവും ഷമിക്കെതിരെ വിമർശനമുയർത്തി ഹസിൻ ജഹാൻ രംഗത്തെത്താറുണ്ട്. ഇതിനു ശേഷം മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വർഷങ്ങളായി പിരിഞ്ഞാണ് താമസം.