Mitchell Starc: ‘ഇന്ത്യക്കാര്‍ കളിക്കുന്നത് ഐപിഎല്‍ മാത്രം; മറ്റ് താരങ്ങള്‍ അങ്ങനെയല്ല’; ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തെ വിമര്‍ശിക്കുന്നവരോട് സ്റ്റാര്‍ക്ക്
Mitchell Starc's stance on Champions Trophy advantage controversy: ഇന്ത്യ എല്ലാ മത്സരങ്ങളും ദുബായില്‍ കളിച്ചത് ഒരു നേട്ടമാണെന്ന് തനിക്ക് ഉറപ്പില്ലെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കിയത്. ക്രിക്കറ്റ് കളിക്കാരെന്ന നിലയിൽ ലോകത്തിലെ എല്ലാ ഫ്രാഞ്ചൈസികളിലും കളിക്കാന്‍ തങ്ങള്‍ക്ക് അവസരമുണ്ട്. പക്ഷേ ഇന്ത്യൻ കളിക്കാർക്ക് ഐപിഎല്ലിൽ മാത്രമേ കളിക്കാൻ കഴിയൂവെന്നും താരം

മിച്ചല്‍ സ്റ്റാര്‍ക്ക്
ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ കിരീടനേട്ടം അംഗീകരിക്കാന്‍ ഇപ്പോഴും പലര്‍ക്കും മനസ് വന്നിട്ടില്ല. എല്ലാ മത്സരങ്ങളും ദുബായില്‍ കളിച്ചതിന്റെ ആനുകൂല്യം ഇന്ത്യയ്ക്ക് ലഭിച്ചെന്നാണ് വിമര്‍ശകരുടെ വാദം. ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂളിനെ വിമര്‍ശിച്ച് മുന്‍ താരങ്ങളായ നാസര്‍ ഹുസൈന്‍, മൈക്ക് ആതര്‍ട്ടണ്‍, നിലവിലെ താരങ്ങളായ ഡേവിഡ് മില്ലര്‍, പാറ്റ് കമ്മിന്‍സ് തുടങ്ങിയവരടക്കം രംഗത്തെത്തി. എന്നാല്‍ ഈ വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കുന്ന നിലപാടാണ് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് സ്വീകരിക്കുന്നത്.
ബിസിസിഐയുടെ നിയമം മൂലം ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗുകളില്‍ കളിക്കുന്നില്ലെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കി. എന്നാല്‍ മറ്റ് താരങ്ങള്‍ ലോകമെമ്പാടും കളിക്കുന്നു. അതുകൊണ്ട് അത്തരം താരങ്ങള്‍ക്ക് ഏത് സാഹചര്യവും നന്നായിട്ട് മനസിലാക്കാന്‍ സാധിക്കുമെന്നാണ് സ്റ്റാര്‍ക്കിന്റെ പോയിന്റ്. ഫനാറ്റിക്സ് ടിവിയിടായിരുന്നു സ്റ്റാര്‍ക്കിന്റെ പ്രതികരണം.
ഇന്ത്യ എല്ലാ മത്സരങ്ങളും ദുബായില്‍ കളിച്ചത് ഒരു നേട്ടമാണെന്ന് തനിക്ക് ഉറപ്പില്ലെന്നാണ് സ്റ്റാര്‍ക്ക് വ്യക്തമാക്കിയത്. ക്രിക്കറ്റ് കളിക്കാരെന്ന നിലയിൽ ലോകത്തിലെ എല്ലാ ഫ്രാഞ്ചൈസികളിലും കളിക്കാന്‍ തങ്ങള്‍ക്ക് അവസരമുണ്ട്. പക്ഷേ ഇന്ത്യൻ കളിക്കാർക്ക് ഐപിഎല്ലിൽ മാത്രമേ കളിക്കാൻ കഴിയൂ. അഞ്ചോ ആറോ വ്യത്യസ്ത ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കുന്ന താരങ്ങള്‍ ടീമുകളിലുണ്ടെന്നും, അവര്‍ക്ക് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പരിചയം ലഭിക്കുന്നുണ്ടെന്നും സ്റ്റാര്‍ക്ക് ചൂണ്ടിക്കാട്ടി.
രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം കിരീടം നേടിയതിൽ തനിക്ക് അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യയാണോ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ടീമെന്ന ചോദ്യത്തിന്, ഏകദിന ലോകപ്പ് അവര്‍ക്ക് നേടാനായില്ലെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു.
“ഇന്ത്യ ജയിച്ചതിൽ അതിശയിക്കാനില്ല. ചാമ്പ്യൻസ് ട്രോഫിയിൽ ഭൂരിഭാഗം മത്സരവും കണ്ടിട്ടില്ല. ഓസ്‌ട്രേലിയൻ കളികളുടെ ചില ഭാഗങ്ങൾ മാത്രമാണ് കണ്ടത്. കഴിഞ്ഞ സീസണിൽ വരുണ്‍ ചക്രവർത്തിയോടൊപ്പം കെകെആറിനായി കളിച്ചിരുന്നു. അദ്ദേഹം ഒരു വലിയ പ്രതിഭയാണ്. അവരാണോ മികച്ച വൈറ്റ് ബോള്‍ ടീമെന്ന് ചോദിച്ചാല്‍ ഇന്ത്യന്‍ ആരാധകര്‍ അതെയെന്നും, ഓസീസ് ആരാധകര്‍ ഒരുപക്ഷേ അല്ലെന്നും പറയും”-സ്റ്റാർക്ക് കൂട്ടിച്ചേർത്തു.