Venkatesh Iyer: ക്രിക്കറ്റിൽ മാത്രമല്ല, പഠനത്തിലും വെങ്കടേഷ് അയ്യർ കില്ലാടി തന്നെ! അടുത്ത തവണ തന്നെ ഡോക്ടർ എന്ന് വിളിക്കേണ്ടി വരുമെന്ന് താരം
Venkatesh Iyer Education Qualification: 2021-ലാണ് വെങ്കടേഷ് അയ്യരെ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് ടീമിലെത്തിക്കുന്നത്. 20 ലക്ഷം രൂപയ്ക്കാണ് അന്ന് താരം കെകെആറിൽ എത്തിയത്.
ഐപിഎൽ 2025 സീസണോട് അനുബന്ധിച്ച് അപ്രതീക്ഷിത നേട്ടമുണ്ടാക്കിയ താരങ്ങളിൽ ഒരാളാണ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് താരം വെങ്കടേഷ് അയ്യർ. ലഖ്നൗ സൂപ്പർ ജയന്റ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും താരത്തെ ടീമിലെത്തിക്കാനായി ശക്തമായ ലേലം വിളി നടത്തിയെങ്കിലും 23.75 കോടി രൂപ ചെലവഴിച്ചാണ് കെകെആർ താരത്തെ ടീമിൽ നിലനിർത്തിയത്. ഇപ്പോൾ താരത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റിലൂടെ താൻ കോടികൾ സാമ്പദിക്കുന്നുണ്ടെങ്കിലും ഇതിനിടയിലും പഠനം തുടരുകയാണെന്നാണ് 29-കാരനായ താരത്തിന്റെ പരാമർശം. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ഫിനാൻസിൽ പിഎച്ച്ഡി ചെയ്യുകയാണ് 29-കാരനായ താരം. എംബിഎയും വെങ്കടേഷ് അയ്യർ സ്വന്തമാക്കിയിട്ടുണ്ട്. “താൻ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചതും വളർന്നതും. അതുകൊണ്ട് തന്നെ മാതാപിതാക്കളെ ക്രിക്കറ്റുമായി മുന്നോട്ട് പോകാനാവുമെന്ന് ബോധ്യപ്പെടുത്തുക പ്രയാസകരമായ കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ക്രിക്കറ്റർ എന്ന നിലയുള്ള എന്റെ വളർച്ചയും മാതാപിതാക്കൾ ആഗ്രഹിച്ചു. മധ്യപ്രദേശ് ക്രിക്കറ്റ് ടീമിലേക്ക് ഒരു പുതിയ താരം വന്നാൽ, ഞാൻ ആദ്യം ചോദിക്കുന്നത് നിങ്ങൾ പഠിക്കുന്നുണ്ടോ എന്നാണ് ഞാൻ അവരോട് ചോദിക്കുക. മരിക്കുന്നത് വരെ ഏതൊരു വ്യക്തിയുടെയും കൂടെ വിദ്യാഭ്യാസം ഉണ്ടാകും. 60 വയസുവരെ ഒരു താരത്തിനും ക്രിക്കറ്റ് കളിക്കാൻ കഴിയില്ല. അതിന് ശേഷവും ഒരു ജീവിതം ഉണ്ടെന്ന് നാം മനസിലാക്കണം” അദ്ദേഹം പറഞ്ഞു.
“ക്രിക്കറ്റിൽ നിന്ന് വിരമിച്ച് കഴിഞ്ഞ് നല്ലരീതിയിൽ ജീവിക്കണമെങ്കിൽ നിങ്ങൾക്ക് വിദ്യാഭ്യാസം വേണം. എല്ലാ സമയത്തും ഗെയിമിനെക്കുറിച്ച് ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചില സമയത്ത് അത് കടുത്ത മാനസിക സമ്മർദ്ദം നൽകും. എനിക്ക് ഒരേ സമയം രണ്ട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ അത് ചെയ്യും. ക്രിക്കറ്റിനൊപ്പം താരങ്ങൾ വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ട് പോകണം എന്നാണ് എന്റെ ആഗ്രഹം. ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കാൻ കഴിയുമെങ്കിൽ നിങ്ങൾ തീർച്ചയായും ചെയ്യണം. നിലവിൽ ഞാൻ ഫിനാൻസിൽ പിഎച്ച്ഡി ചെയ്യുകയാണ്. അടുത്ത തവണ നിങ്ങൾ അഭിമുഖത്തിന് വരുമ്പോൾ എന്നെ ഡോക്ടർ വെങ്കിടേഷ് അയ്യർ എന്ന് അഭിസംബോധന ചെയ്യേണ്ടി വരും”.- വെങ്കടേഷ് അയ്യർ കൂട്ടിച്ചേർത്തു.
2021-ലാണ് വെങ്കടേഷ് അയ്യരെ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് ടീമിലെത്തിക്കുന്നത്. 20 ലക്ഷം രൂപയ്ക്കാണ് അന്ന് താരം കെകെആറിൽ എത്തിയത്. ഇതുവരെ നാല് സീസണുകളിലായി 51 മത്സരങ്ങളിൽ ടീമിനായി ഓൾറൗണ്ടറായ താരം ഗ്രൗണ്ടിലിറങ്ങി. 1326 റൺസാണ് സമ്പാദ്യം. 2024-ൽ ഐപിഎൽ 17-ാം പതിപ്പിൽ കൊൽക്കത്ത ചാമ്പ്യന്മാരായപ്പോൾ 158 സ്‌ട്രൈക്ക് റേറ്റിൽ 370 റൺസാണ് താരം അടിച്ചെടുത്തത്. 2025 സീസണോട് അനുബന്ധിച്ച് കെകെആർ നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ വെങ്കടേഷ് അയ്യരുടെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ താരലേലത്തിലൂടെ കെകെആർ അയ്യരെ വീണ്ടും ടീമിലെത്തിച്ചു. ഇന്ത്യക്കായി രണ്ട് ഏകദിനങ്ങളിലും ഒമ്പത് ട്വന്റി-20 മത്സരങ്ങളിലും വെങ്കടേഷ് അയ്യർ കളത്തിലറങ്ങിയിട്ടുണ്ട്.