Manuel Neuer Retires : ജർമൻ വല കാക്കാൻ ആ ഭൂതത്താൻ ഇനിയില്ല; മാനുവൽ ന്യൂയർ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു
Germany Goalkeeper Manuel Neuer Retirement : നീണ്ട 15 വർഷം ജർമനിയുടെ വല കാത്തതിന് ശേഷമാണ് മാനുവൽ ന്യൂയർ രാജ്യാന്തര കരിയറിന് അവസാനം കുറിച്ചത്. ജർമനിക്കായി ഏറ്റവും കൂടുതൽ തവണ ജേഴ്സി അണിഞ്ഞ ഗോൾകീപ്പർ താരമാണ് മാനുവൽ ന്യൂയർ
ജർമൻ ഗോൾകീപ്പർ മാനുവൽ ന്യൂയർ (Manuel Neuer) തൻ്റെ രാജ്യാന്തര കരിയറിൽ നിന്നും വിരമിച്ചു. നീണ്ട 15 വർഷം ജർമനിയുടെ ദേശീയ ടീമിൻ്റെ കസ്റ്റോഡിയനായിരുന്നു മാനുവൽ ന്യൂയർ. അതേസമയം താരം ക്ലബ് ഫുട്ബോളിൽ ബയൺ മ്യൂണിക്കിൻ്റെ ഗോൾകീപ്പറായി തുടരും. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തൻ്റെ വിരമിക്കൽ പ്രഖ്യാപനം അറിയിച്ചിരിക്കുന്നത്.38കാരനായ ന്യൂയർ ഏറ്റവും കൂടുതൽ തവണ ജർമൻ വല കാത്ത താരമാണ്. 2014 ലോകകപ്പ് ജർമൻ ടീമിൻ്റെ കസ്റ്റോഡിയനായിരുന്നു ന്യൂയർ.
ജർമനിക്കായി 124 രാജ്യാന്തര മത്സരങ്ങളിലാണ് ന്യൂയർ ജേഴ്സി അണിഞ്ഞത്. ഏറ്റവും ഒടുവിൽ യൂറോ കപ്പിൻ്റെ ക്വർട്ടർ ഫൈനലിലാണ് താരം ജർമനിയുടെ കസ്റ്റോഡിയനായി കളത്തിൽ ഇറങ്ങിയത്. മത്സരത്തിൽ ജർമൻ സ്പെയിനോട് തോറ്റ് പുറത്താകുകയും ചെയ്തു. 2014 ലോകകപ്പിന് ശേഷമുള്ള രണ്ട് ലോകകപ്പിലും ജർമനിയെ നയിച്ചത് ന്യൂയറായിരുന്നു. എന്നാൽ ജർമൻ ടീം ഈ രണ്ട് എഡിഷനിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.
ALSO READ : Yann Sommer : ഫിഫ ടൂർണമെൻ്റുകളിൽ അമാനുഷികനാവുന്ന പോരാളി; സ്വിസ് ഗോൾ കീപ്പർ യാൻ സോമ്മർ വിരമിച്ചു
View this post on Instagram
“ഒരുനാൾ ഈ ദിനം എത്തിച്ചേരേണ്ടതാണ്. ജർമൻ ദേശീയ ടീമിലെ എൻ്റെ കരിയർ ഇന്ന് അവസാനിക്കുന്നു. എറ്റവും കഠിനമേറിയ തീരുമാനം എടുക്കേണ്ടി വന്നിരിക്കുന്നു” മാനുവൽ ന്യൂയർ തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു. കുടുംബമായിട്ടും, കോച്ച് ജൂലിയൻ നെഗ്ഗെൽസ്മാനും ചർച്ച ചെയ്തതിന് ശേഷമാണ് താൻ തീരുമാനമെടുത്തതും താരം തൻ്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. ഇനി ബാക്കിയുള്ള തൻ്റെ കരിയർ ബയണിന് വേണ്ടിയാണെന്നും താരം അറിയിച്ചു. താരം പടി ഇറങ്ങുന്നതോടെ ബാഴ്സലോണയുടെ മാർക് ആന്ദ്രെ ടെർസ്റ്റേഗൻ ജർമനിയുടെ പ്രധാന ഗോൾകീപ്പറാകും.