Manolo Marquez: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ മുഖ്യപരിശീലകൻ മാനോളോ മാര്‍ക്കേസ്
Manolo Marquez: ദേശീയ ഫുട്‌ബോൾ ടീം പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു ബഹുമതിയായി കാണുന്നു എന്നാണ് മാർക്കേസ് ഈ വിവരം അറിഞ്ഞപ്പോൾ പ്രതികരിച്ചത്.
ന്യൂഡൽഹി: ഇന്ത്യയുടെ സീനിയർ പുരുഷ ഫുട്‌ബോൾ ടീം മുഖ്യ പരിശീലകനായി മാനോളോ മാർക്കേസ്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്.സി. ഗോവയുടെ മുഖ്യ പരിശീലകനാണ് അദ്ദേഹം. അതിനിടെയാണ് പുതിയ ഉത്തരവാദിത്തം തേടി എത്തിയത്. 2024-25 സീസണിലും ഗോവയുടെ പരിശീലക സ്ഥാനത്ത് മാർക്കേസ് തുടരും.
ഡൽഹിയിൽ ചേർന്ന അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. ഡൽഹിയിലെ ഫുട്‌ബോൾ ഹൗസിൽ ചേർന്ന യോഗത്തിൽ എ.ഐ.എഫ്.എഫ്. പ്രസിഡന്റ് കല്യാൺ ചൗബേ, വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ്, മെമ്പർമാർ, എക്‌സിക്യുട്ടീവ് കമ്മിറ്റി മെംബർമാർ എന്നിവർ പങ്കെടുത്തു. ദേശീയ ടീമിനൊപ്പം ജോലി നിർവഹിക്കാൻ ഗോവ അദ്ദേഹത്തെ വിട്ടുനൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നിയമനം. ഫുട്‌ബോൾ രംഗത്ത് മികച്ച പ്രാവീണ്യമുള്ള താരമാണ് സ്പാനിഷ് മുൻ താരമായ മാർക്കേസ്.
മാർക്കേസിനെ ദേശീയ ടീം കോച്ചിങ് രംഗത്തേക്ക് വിട്ടുനൽകിയതിന് കല്യാൺ ചൗബേ എഫ്.സി. ഗോവയ്ക്ക് നന്ദി പറഞ്ഞു. ദേശീയ ഫുട്‌ബോൾ ടീം പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു ബഹുമതിയായി കാണുന്നു എന്നാണ് മാർക്കേസ് ഈ വിവരം അറിഞ്ഞപ്പോൾ പ്രതികരിച്ചത്. ഇതിനായി അനമതി നൽകിയതിന് ഗോവയോട് നന്ദിയുണ്ടെന്നും മാർക്കേസ് കൂട്ടിച്ചേർത്തു.
ALSO READ – ബൗളർമാരും ഓപ്പണർമാരും തിളങ്ങി; പാകിസ്താനെ വീഴ്ത്തി ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം
രാജ്യത്ത് വിജയം കൊണ്ടുവരാനായി കഴിവിന്റെ പരമാവധി ശ്രമിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസരം നൽകിയ എ.ഐ.എഫ്.എഫിനോടുള്ള നന്ദിയും മാർക്കേസ് വ്യക്തമാക്കി. 2020-ലാണ് ഇന്ത്യയിൽ പരിശീലകനായി എത്തുന്നത്. 2020 മുതൽ 2023 വരെ മൂന്നുവർഷക്കാലം ഹൈദരാബാദ് എഫ്.സി.യുടെ പരിശീലകനായിരുന്നു. ഇക്കാലയളവിൽ ഹൈദരാബാദ് ടീമിലെ നിരവധി താരങ്ങൾ ഇന്ത്യൻ ദേശീയ ടീമിലെത്തി എന്നത് പ്രത്യേകം ഓർക്കേണ്ട കാര്യമാണ്.
2021-22 സീസണിൽ ഹൈദരാബാദിനെ ഐ.എസ്.എൽ. ചാമ്പ്യന്മാരാക്കാനും അദ്ദേഹത്തിനായി. കഴിഞ്ഞവർഷം മുതലാണ് ഗോവ എഫ്.സി.യുടെ പരിശീലക ചുമതല ലഭിച്ചത്. സ്വന്തം നാടായ സ്‌പെയിനിൽ പരിശീലകനായാണ് കരിയർ ആരംഭിച്ചത്. ടോപ് ഡിവിഷൻ ക്ലബായ ലാസ് പാൽമാസ്, ലാസ് പാൽമാസ് ബി, എസ്പാന്യോൾ ബി, ബദലോണ, പ്രാത്, യൂറോപ്പ (മൂന്നാം ഡിവിഷൻ) ക്ലബുകളിൽ കോച്ചായി പ്രവർത്തിച്ച പരിചയം ഇദ്ദേഹത്തിനുണ്ട്.