Manoj Tiwary: ‘കോലിയും രോഹിതുമൊന്നും റൺസടിച്ചില്ല, പക്ഷേ ധോണി ടീമിൽ നിന്നൊഴിവാക്കിയത് എന്നെ’; വീണ്ടും ആരോപണമുയർത്തി മനോജ് തിവാരി
Manoj Tiwary Accuses MS Dhoni: ഗൗതം ഗംഭീറിന് പിന്നാലെ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയ്ക്കെതിരെയും ആരോപണമുയർത്തി മനോജ് തിവാരി. നന്നായി കളിച്ച തന്നെ ധോണി ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയെന്ന് മുൻ ദേശീയ താരവും പശ്ചിമ ബംഗാൾ മന്ത്രിയുമായ തിവാരി പറഞ്ഞു.
മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യയുടെ മുൻ താരവും തൃണമൂൽ കോൺഗ്രസ് എംഎൽഎയും മന്ത്രിയുമായ മനോജ് തിവാരി. റൺസടിക്കാതിരുന്ന കോലിയും രോഹിതിനും ടീമിൽ വീണ്ടും ഇടം നൽകിയ ധോണി ഫോമിലായിരുന്ന തന്നെ മാറ്റിയെന്ന് തിവാരി ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും തിവാരി ആരോപണമുന്നയിച്ചിരുന്നു.
“എംഎസ് ധോണിയായിരുന്നു അന്ന് ക്യാപ്റ്റൻ. ക്യാപ്റ്റനാണ് അന്ന് ടീമിൻ്റെ കാര്യങ്ങളൊക്കെ തീരുമാനിച്ചിരുന്നത്. ഇന്ത്യൻ ടീമിൽ പണ്ട് മുതലേ കാര്യങ്ങൾ ഇങ്ങനെയാണ്. അത് മാറണമെങ്കിൽ ശക്തമായ ഒരു ഭരണസംവിധാനം വരണം. നിയമങ്ങളുണ്ടാവണം. പരിശീലകനോടും ക്യാപ്റ്റനോടും വിസമ്മതിച്ച് ശക്തമായ തീരുമാനങ്ങളെടുക്കാൻ മുഖ്യ പരിശീലകന് കഴിയണം. സെഞ്ചുറി നേടിയ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുമ്പോൾ കാരണമറിയണം. എന്നെ ഒഴിവാക്കിയത് അങ്ങനെയാണ്. ആ സമയത്ത് ഞാൻ വല്ലാതെ വിഷമിച്ചു. പ്രതികരിച്ചാൽ എന്ത് സംഭവിക്കുമെന്നറിയില്ല. കരിയർ വരെ അവസാനിച്ചേക്കാം.”- തിവാരി പറഞ്ഞു.
“അന്ന് ടീമിൽ ഒപ്പമുണ്ടായിരുന്നത് വിരാട് കോലി, രോഹിത് ശർമ്മ, സുരേഷ് റെയ്ന തുടങ്ങിയ താരങ്ങളായിരുന്നു. ആ പരമ്പരയിൽ അവർ റൺസ് നേടിയില്ല. ഞാൻ സെഞ്ചുറി നേടി മാൻ ഓഫ് ദി മാച്ചായെങ്കിലും ടീമിൽ നിന്ന് പുറത്തായി. ആറ് മാസത്തിനിടെ നടന്ന 14 മത്സരങ്ങൾക്ക് ശേഷം ഞാൻ പുറത്തായി. ആ സമയത്ത് തന്നെ വിരമിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, കുടുംബത്തിലുള്ള ചുമതതലകൾ കാരണം അതിന് കഴിഞ്ഞില്ല.”- തിവാരി പ്രതികരിച്ചു.
ഗംഭീറിനെതിരായ ആരോപണം
ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും മനോജ് തിവാരി ആരോപണമുന്നയിച്ചു. താൻ ഗംഭീറിനെക്കാൾ റൺസെടുത്തത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു തിവാരിയുടെ ആരോപണം. ഒരു കാരണവുമില്ലാതെ ഗംഭീർ തന്നെ കുറ്റപ്പെടുത്തുമായിരുന്നു എന്നും പലപ്പോഴും തങ്ങൾക്കിടയിൽ തർക്കമുണ്ടാവാറുണ്ടായിരുന്നു എന്നും തിവാരി ലല്ലൻടോപ്പിനോട് പ്രതികരിച്ചു.
2010 ലാണ് താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ എത്തിയത് എന്ന് തിവാരി പറഞ്ഞു. ആ സമയത്ത് തങ്ങൾക്കിടയിലുള്ള ബന്ധം വളരെ നല്ലതായിരുന്നു. എന്നാൽ, പിന്നീട് ഒരു കാരണവുമില്ലാതെ ഗംഭീർ തന്നോട് ദേഷ്യപ്പെടാനാരംഭിച്ചു. വളരെ മോശമായാണ് അദ്ദേഹം സംസാരിച്ചിരുന്നത്. എന്തുകൊണ്ടാണ് അങ്ങനെയെന്ന് ആദ്യം തനിക്ക് മനസ്സിലായില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലുള്ള യുവ ബംഗാൾ താരങ്ങളിൽ ഏറ്റവും നന്നായി കളിക്കുന്നയാൾ താനായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് കൂടുതൽ മാധ്യമശ്രദ്ധ ലഭിച്ചു. ഇതാവാം അദ്ദേഹത്തെ ചൊടിപ്പിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് നിരയിൽ തന്നെ തുടർച്ചയായി പിന്നോട്ടിറക്കുമായിരുന്നു. അക്കാര്യവുമായി ബന്ധപ്പെട്ട് ഗംഭീറുമായി പലപ്പോഴും തർക്കമുണ്ടാവുമായിരുന്നു. ഓസ്ട്രേലിയക്കെതിരായ സൗഹൃദമത്സരത്തിൽ താൻ കൂടുതൽ റൺസ് നേടിയത് അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തി. ഇതേച്ചൊല്ലി അദ്ദേഹം തന്നോട് മോശമായി പെരുമാറി. പിന്നീടൊരിക്കൽ തങ്ങൾ തമ്മിലുണ്ടായ തർക്കം പരിഹരിച്ചത് അന്നത്തെ ബൗളിംഗ് പരിശീലകൻ വസീം അക്രമായിരുന്നു എന്നും തിവാരി വെളിപ്പെടുത്തിയിരുന്നു.