Indian Tigers and Tigresses Talent Hunt : ഇന്ത്യയിലെ കുരുന്ന് ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താൻ ടിവി9 നെറ്റ്‌വർക്കിൻ്റെ ടാലൻ്റ് ഹണ്ട്; ബ്രാൻഡ് അംബാസിഡറായി മഹാനാര്യമൻ സിന്ധ്യ
Tv9 Talent Hunt Mahanaaryaman Scindia : ടിവി9 നെറ്റ്‌വർക്ക് സംഘടിപ്പിക്കുന്ന 'ഇന്ത്യൻ ടൈഗേർസ് ആൻഡ് ടൈഗ്രസസ് ടാലെൻ്റ് ഹണ്ടി''ൻ്റെ ബ്രാൻഡ് അംബാസിഡറായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മകനും ഫുട്ബോൾ ആരാധകനുമായ മഹാനാര്യമൻ സിന്ധ്യ. ഇക്കാര്യം ടിവി9 നെറ്റ്‌വർക്ക് തന്നെ അറിയിച്ചു.
രാജ്യത്തെ കുരുന്ന് ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താൻ ടിവി9 നെറ്റ്‌വർക്ക് സംഘടിപ്പിക്കുന്ന ടാലൻ്റ് ഹണ്ടിൻ്റെ ബ്രാൻഡ് അംബാസിഡറായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മകനും ഫുട്ബോൾ ആരാധകനുമായ മഹാനാര്യമൻ സിന്ധ്യ. ‘ഇന്ത്യൻ ടൈഗേർസ് ആൻഡ് ടൈഗ്രസസ് ടാലെൻ്റ് ഹണ്ടി”ൻ്റെ ബ്രാൻഡ് അംബാസിഡറായി ഇദ്ദേഹത്തെ തിരഞ്ഞെടുത്ത വിവരം ടിവി9 നെറ്റ്‌വർക്ക് തന്നെ അറിയിച്ചു. സെപ്തംബർ 10നാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിയമിച്ചത്.
ഇന്ത്യയിലെ ഫുട്ബോൾ സംസ്കാരത്തെയാകമാനം മാറ്റിമറിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ടാലൻ്റ് ഹണ്ട് നടത്തുന്നത്. ജർമൻ ഫുട്ബോൾ ലീഗായ ബുണ്ടസ് ലിഗ, ജർമൻ കപ്പ് ഡിഎഫ്ബി – പൊകൽ തുടങ്ങി വിവിധ യൂറോപ്യൻ സംഘടനകളുമായും ഫുട്ബോൾ ലീഗുകളുമായും സഹകരിച്ചാണ് ടാലൻ്റ് ഹണ്ട്. രാജ്യത്താകമാനം 20 വീതം ആൺകുട്ടികളെയും പെൺകുട്ടികളെയും വീതം ഈ ടാലൻ്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കും. ഇവർക്ക് ജർമനിയും ഓസ്ട്രിയയിലും വച്ച് പരിശീലനം നൽകും. യൂറോപ്യൻ ക്ലബുമായി മത്സരിച്ച് ഇവർ മത്സരപരിചയം നേടും. ഇക്കൊല്ലം നവംബറിൽ ഇവരെ ആദരിക്കുകയും ചെയ്യും.
ഫുട്ബോളിനെ ഏറെ ഇഷ്ടപ്പെടുന്ന മഹാനാര്യമൻ സിന്ധ്യ ഈ സ്ഥാനത്തിന് എന്തുകൊണ്ടും അനുയോജ്യനായിരുന്നു. പ്രതിഭകളെ കണ്ടെത്താനും വളർത്താനും ഇന്ത്യൻ ഫുട്ബോളിൻ്റെ ഭാവിയിലേക്ക് വഴി തുറക്കാനും അദ്ദേഹം സഹായിക്കും. “ഫുട്ബോൾ എൻ്റെ ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നതാണ്. നമ്മുടെ രാജ്യത്ത് അറിയപ്പെടാത്ത എത്ര പ്രതിഭകളുണ്ടെന്ന് ഞാൻ മനസിലാക്കിയത്. ഇന്ത്യൻ ടൈഗേഴ്സ് ആൻഡ് ടൈഗ്രസസ് ടാലൻ്റ് ഹണ്ട് യുവതാരങ്ങൾക്ക് അവസരമൊരുക്കും. ഇത്തരം ഒരു ഉദ്യമത്തിൻ്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ആവേശമുണ്ട്. ഇത് കുട്ടികൾക്ക് ഒരു പ്ലാറ്റ്ഫോം നൽകുക മാത്രമല്ല. ആഗോളാടിസ്ഥാനത്തിൽ വിജയിക്കാൻ അവർക്ക് അവസരമൊരുക്കുക കൂടിയാണ്.”- സിന്ധ്യ പറഞ്ഞു.
“ഇന്ത്യൻ ഫുട്ബോൾ സ്വപ്നത്തെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ‘ഇന്ത്യൻ ടൈഗേഴ്സ് ആൻഡ് ടൈഗ്രസസ്’ എനിക്ക് വളരെ വ്യക്തിപരമായ ഒരു ഉദ്യമമാണ്. യുവ ഫുട്ബോളർമാരെ കണ്ടെത്തി അവരെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഈ ഉദ്യമവുമായി മഹാനാര്യമൻ സിന്ധ്യ സഹകരിക്കുന്നത് ഇന്ത്യൻ ഫുട്ബോളിൻ്റെ ഭാവി മെച്ചപ്പെടുത്താനുള്ള ഞങ്ങളുടെ ശ്രമങ്ങളെ മികച്ചതാക്കും.”- ടിവി9 നെറ്റ്‌വർക്കിൻ്റെ എംഡിയും സിഇഒയുമായ ബരുൺ ദാസ് പറഞ്ഞു.
ഒരു ലക്ഷം സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ടാലൻ്റ് ഹണ്ട് നടക്കുക. വിവിധ ചുറ്റുപാടുകളിൽ നിന്നുള്ള കുട്ടികളെ കണ്ടെത്തി രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം നൽകി വളർത്തിയെടുക്കുകയാണ് ടാലൻ്റ് ഹണ്ടിൻ്റെ ലക്ഷ്യം. www.indiantigersandtigresses.com എന്ന വെബ്സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങളറിയാം.