Year Ender 2024 : റണ്‍മല, സിക്‌സര്‍ മഴ, ആഹാ ! അന്തസ്; സഞ്ജു കൊണ്ടുപോയ 2024

Sanju Samson's Perfomance in 2024 : സഞ്ജുവിനെ സംബന്ധിച്ച് ഇനിയും ഏറെ മുന്നേറാനുണ്ട്. ഏകദിനത്തില്‍ ശക്തമായ ഒരു തിരിച്ചുവരവും, റെഡ് ബോളില്‍ അരങ്ങേറ്റവും ആരാധകര്‍ പ്രതീക്ഷിക്കുന്നു. 2025 അതിനുള്ള അവസരമാകട്ടെ.

Year Ender 2024 : റണ്‍മല, സിക്‌സര്‍ മഴ, ആഹാ ! അന്തസ്; സഞ്ജു കൊണ്ടുപോയ 2024

സഞ്ജു സാംസണ്‍ (image credits: PTI)

Updated On: 

12 Dec 2024 06:31 AM

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതിന്റെ പത്താം വാര്‍ഷികത്തിലേക്ക് കടക്കുകയാണ് സഞ്ജു സാംസണ്‍. അടുത്ത ജൂലൈയില്‍ സഞ്ജുവിന്റെ ടി20 അരങ്ങേറ്റത്തിന് 10 വയസാകും. എന്നാല്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ട് ഇതിനകം 10 വര്‍ഷം പൂര്‍ത്തിയായി.

2014 ഓഗസ്റ്റില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഉണ്ടായിരുന്നിട്ടും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. കരിയറിനിടെ സംഭവിച്ച അനിശ്ചിതത്വങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളുടെ നിരയില്‍ സഞ്ജുവും ഉള്‍പ്പെടുമായിരുന്നു.

ടീമിലുള്‍പ്പെട്ടാലും അവസരമില്ല, ഇനി അവസരം കിട്ടിയാല്‍ പരമ്പരയിലെ ഏതെങ്കിലും ഒരു മത്സരത്തില്‍ മാത്രം-ഇതൊക്കെയായിരുന്നു സഞ്ജുവിന്റെ കരിയറില്‍ 2024 വരെ സംഭവിച്ചത്. എന്നാല്‍ 2024ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇന്ത്യന്‍ ടീമില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സഞ്ജുവിന് അവസരം നല്‍കിയാണ് 2024 വിടവാങ്ങുന്നത്. 2024 സഞ്ജുവിന്റെ വര്‍ഷമായിരുന്നുവെന്ന് തന്നെ പറയാം.

ആദ്യം ഐപിഎല്ലില്‍

ഐപിഎല്‍ 2024ല്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ സഞ്ജു അഞ്ചാമതുണ്ടായിരുന്നു. 16 മത്സരങ്ങളില്‍ നിന്ന് 531 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ഉദയം കൊണ്ടത് അഞ്ച് അര്‍ധശതകങ്ങള്‍. 48.27 ആവറേജ്. കണ്‍സിസ്റ്റന്‍സി പോര എന്ന് പലകുറി വിമര്‍ശിച്ചവര്‍ക്ക് മികച്ച പ്രകടനത്തിലൂടെ സഞ്ജു കണക്കിന് കൊടുത്തു.

Read Also : ‘ട്രാവിസ് ഹെഡിനെതിരെ എങ്ങനെ പന്തെറിയണമെന്നോ ഫീൽഡ് സെറ്റ് ചെയ്യണമെന്നോ എനിക്കറിയില്ല’; സ്വന്തം ടീമിലായത് ഭാഗ്യമെന്ന് കമ്മിൻസ്

ടി20 ലോകകപ്പിലേക്ക്

ഐപിഎല്ലിലെ മികച്ച പ്രകടനം സഞ്ജുവിന് ടി20 ലോകകപ്പ് ടീമിലിടം നേടിക്കൊടുത്തു. ലോകകപ്പില്‍ സന്നാഹ മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. പക്ഷേ, സഞ്ജു കൂടി ഭാഗമായ ടീം കിരീടത്തില്‍ മുത്തമിട്ടു. ലോകകപ്പ് കിരീടം നേടുന്ന ടീമിന്റെ ഭാഗമാകുന്നതാണ്‌ ഒരു കായികതാരത്തെ സംബന്ധിച്ച് ഏറെ അഭിമാനകരമായ കാര്യം. ആ അഭിമാനനേട്ടം സഞ്ജുവും കരസ്ഥമാക്കി.

സിംബാബ്‌വെ പര്യടനം

ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ പോരാട്ടം മുതലാണ് സഞ്ജു ടീമിന്റെ ഭാഗമായത്. മൂന്നാം മത്സരത്തില്‍ പുറത്താകാതെ ഏഴ് പന്തില്‍ 12 റണ്‍സുമായി തരക്കേടില്ലാത്ത പ്രകടനം. നാലാം മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിച്ചില്ല. അഞ്ചാ മത്സരത്തില്‍ 45 പന്തില്‍ 58 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി.

ആന്റി ക്ലൈമാക്‌സ്

കാര്യങ്ങളെല്ലാം സഞ്ജുവിന് അനുകൂലമെന്ന് തോന്നിച്ചിടത്ത് എല്ലാം തകിടം മറിയുന്ന കാഴ്ചയാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ കണ്ടത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടും, മൂന്നും മത്സരങ്ങളിലാണ് സഞ്ജു കളിച്ചത്. രണ്ടിലും പൂജ്യത്തിന് പുറത്ത്.

സഞ്ജുവിന്റെ പ്രകടത്തെ സംബന്ധിച്ച് വിമര്‍ശനമേറി. വിരളമായി മാത്രമാണ് സഞ്ജുവിന് തുടര്‍ച്ചയായി അവസരം ലഭിച്ചിരുന്നത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ തുടര്‍ച്ചയായ അവസരങ്ങള്‍ ലഭിച്ചിട്ടും താരത്തിന് അത് വിനിയോഗിക്കാന്‍ പറ്റാത്തതില്‍ ആരാധകര്‍ നിരാശരായി. ദേശീയ ടീമിലേക്ക് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോയെന്ന് പോലും തോന്നിപ്പിച്ച നിമിഷം.

Read Also : പുരുഷ ടീം തോറ്റു, വനിതാ ടീം തോറ്റു, പിന്നാലെ അണ്ടർ 19 ടീമും തോറ്റു; ഏഷ്യാ കപ്പ് ബംഗ്ലാദേശിന്

ദുലീപ് ട്രോഫിയിലെ ട്വിസ്റ്റ്

ദുലീപ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടമുണ്ടായിരുന്നില്ല. എന്നാല്‍ വിധി എത്രത്തോളം നോവിപ്പിക്കാന്‍ ശ്രമിച്ചാലും കാലം ചില ക്ലൈമാക്‌സുകള്‍ കാത്തുവയ്ക്കും. സഞ്ജുവിന്റെ കാര്യത്തിലും അത് സംഭവിച്ചു. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷന്‍ കിഷന് പകരം ഇന്ത്യന്‍ ഡി സ്‌ക്വാഡിലേക്ക് സഞ്ജുവിന് വിളി വന്നു.

കിട്ടിയ അവസരത്തില്‍ സഞ്ജു തകര്‍ത്താടി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സഞ്ജു ഇന്ത്യ ഡി ടീമിനായി നല്ല കിടിലം സെഞ്ചുറി നേടി. 92 പന്തിലായിരുന്നു സെഞ്ചുറി നേട്ടം. സഞ്ജുവും ആരാധകരും ആത്മവിശ്വാസം വീണ്ടെടുത്ത മത്സരം.

സമയം തെളിഞ്ഞ ബംഗ്ലാദേശ് പര്യടനം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും സഞ്ജു സ്ഥാനം നിലനിര്‍ത്തി. അതും ടീമിലെ ഓപ്പണറായി. ആദ്യ മത്സരത്തില്‍ മോശമാക്കിയില്ല. നേടിയത് 19 പന്തില്‍ 29 റണ്‍സ്. രണ്ടാം മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനായില്ല. ഏഴ് പന്തില്‍ 10 റണ്‍സെടുത്ത് പുറത്ത്.

മൂന്നാം മത്സരത്തില്‍ ആരാധകര്‍ കാത്തിരുന്ന ആ നിമിഷം സംഭവിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി. 47 പന്തില്‍ എട്ട് സിക്‌സറുകളുടെയും 11 ഫോറുകളുടെയും അകമ്പടിയോടെ നേടിയത് 111 റണ്‍സ്. ഇന്ത്യയുടെ ഏറ്റവും വലിയ ടി20 സ്‌കോര്‍ പിറന്നതും ഈ മത്സരത്തിലാണ്. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് ഇന്ത്യ അടിച്ചുകൂട്ടി.

പ്രോട്ടീസിനെ പറപ്പിച്ചു

തുടര്‍ന്ന് വന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും സഞ്ജുവായിരുന്നു ഓപ്പണര്‍. ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു തന്റെ രണ്ടാം സെഞ്ചുറി നേടി (50 പന്തില്‍ 107). ടി20 രാജ്യാന്തര മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. 10 സിക്‌സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

രണ്ടാം മത്സരത്തില്‍ നിരാശ, പൂജ്യത്തിന് പുറത്ത്. മൂന്നാം മത്സരത്തില്‍ വീണ്ടും നിരാശ. വീണ്ടും പൂജ്യമെന്ന ദുര്‍ഭൂതം സഞ്ജുവിനെ വിടാതെ പിന്തുടര്‍ന്നു. നാലാം മത്സരത്തില്‍ സഞ്ജു വീണ്ടും ട്രാക്കിലേക്ക്. പ്രോട്ടീസ് ബൗളര്‍മാരെ അടിച്ചുപറത്തി താരം കരിയറിലെ മൂന്നാം സെഞ്ചുറി കുറിച്ചു. 56 പന്തില്‍ 109 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഒമ്പത് സിക്‌സറും, ആറു ഫോറും മത്സരത്തില്‍ സഞ്ജു അടിച്ചുകൂട്ടി.

ഇന്ത്യ വീണ്ടും റണ്‍മല സൃഷ്ടിച്ച മത്സരമായിരുന്നു അത്. 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സാണ് നേടിയത്. ടി20 ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍.

ദേശീയ ടീമിലെ സ്ഥാനം ഈ പ്രകടനങ്ങളിലൂടെ സഞ്ജു അരക്കിട്ടുറപ്പിച്ചുവെന്ന് നിസംശയം പറയാം. സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും, പരിശീലകന്‍ ഗൗതം ഗംഭീറും, താല്‍ക്കാലിക പരിശീലകന്‍ വിവിഎസ് ലക്ഷ്മണും ഈ നേട്ടത്തിന്റെ ചെറിയ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്.

പിന്നീട് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു തുടക്കം ഗംഭീരമാക്കി. സര്‍വീസസിനെതിരായ ആദ്യ മത്സരത്തില്‍ 45 പന്തില്‍ 75 റണ്‍സ് നേടി. എന്നാല്‍ ടൂര്‍ണമെന്റിലെ പിന്നീട് നടന്ന മത്സരങ്ങളില്‍ കാര്യമായി തിളങ്ങാനായില്ല.

2024 സഞ്ജു കൊണ്ടുപോയി

അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ശതകങ്ങള്‍ നേടിയ താരം, അന്താരാഷ്ട്ര ടി20യില്‍ ആദ്യമായി സെഞ്ചുറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ തുടങ്ങിയ നേട്ടങ്ങള്‍ ഈ മലയാളി താരം ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. ഐസിസി ടി20 റാങ്കിംഗില്‍ ബാറ്റര്‍മാരുടെ പട്ടികയിലും സഞ്ജു കുതിപ്പ് നടത്തി. നിലവില്‍ 21-ാമതാണ് താരം.

ഈ വര്‍ഷം ഇന്ത്യയ്ക്ക് ഇനി ടി20 പരമ്പരകളില്ല. ജനുവരി 22ന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയാണ് സഞ്ജുവിന്റെ അടുത്ത അസൈന്‍മെന്റ്. ഈ പരമ്പരയിലും താരം തിളങ്ങുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ആരാധകര്‍.

സഞ്ജുവിനെ സംബന്ധിച്ച് ഇനിയും ഏറെ മുന്നേറാനുണ്ട്. ഏകദിനത്തില്‍ ശക്തമായ ഒരു തിരിച്ചുവരവും, റെഡ് ബോളില്‍ അരങ്ങേറ്റവും ആരാധകര്‍ പ്രതീക്ഷിക്കുന്നു. 2025 അതിനുള്ള അവസരമാകട്ടെ.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ