Lamine Yamal : മെസിക്കൊപ്പം അന്ന് ആ ഫോട്ടോഷൂട്ട് നടത്തിയ കുഞ്ഞ് ഇന്ന് യൂറോ കപ്പിലെ വണ്ടർ കിഡ്
Lamine Yamal Lionel Messi : ലാമിൻ യമാൽ എന്ന 16 വയസുകാരനെ ചുറ്റിപ്പറ്റിയാണ് ഇന്ന് ഫുട്ബോൾ ലോകത്തിൻ്റെ ചർച്ച. യൂറോ കപ്പ് സെമിയിൽ ഫ്രാൻസിനെതിരെ നേടിയ ഒരു അവിശ്വസനീയ ഗോളിനപ്പുറം യമാലിനെപ്പറ്റി പറയാൻ ഏറെയുണ്ട്. ഒരുപക്ഷേ, വരുന്ന മൂന്ന് പതിറ്റാണ്ടോളം ഫുട്ബോൾ ലോകത്തെ അടക്കിവാഴാൻ സാധ്യതയുള്ള താരം (ടച്ച്‌വുഡ്), അതാണ് ലാമിൻ യമാൽ.
യൂറോ കപ്പ് സെമിഫൈനലിന് മുൻപ് നടന്ന വാർത്താസമ്മേളനത്തിൽ ഫ്രഞ്ച് മിഡ്ഫീൽഡർ അഡ്രിയെൻ റാബിയോ പല കാര്യങ്ങളും പറഞ്ഞ കൂട്ടത്തിൽ എതിരാളികളായ സ്പെയിൻ ടീമിലെ ഒരു താരത്തെപ്പറ്റിയും പ്രതികരിച്ചു. ‘ ശരി, അവൻ ഇതുവരെ ചെയ്തതൊക്കെ കൊള്ളാം. പക്ഷേ, യൂറോ കപ്പ് സെമി പോലെ ഒരു ഹൈ പ്രഷർ ഗെയിമിൽ അവൻ ബുദ്ധിമുട്ടും. യൂറോ ഫൈനൽ കളിക്കാൻ ഇപ്പോ ചെയ്യുന്നത് പോര, ഒരുപാട് നന്നായി കളിക്കേണ്ടിവരുമെന്ന് അവന് കാണിച്ചുകൊടുക്കും’ എന്നായിരുന്നു റാബിയോയുടെ വെല്ലുവിളി. സെമി അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ട് ഗോളിന് സ്പെയിൻ ജയിച്ചതിനൊപ്പം റാബിയോയെ ഫ്രെയിമിൽ കാഴ്ചക്കാരനാക്കിനിർത്തി യൂറോ (Euro Cup 2024) ഫൈനലിലെത്താൻ മാത്രമുള്ള വെടിമരുന്ന് തന്നോടുണ്ടെന്ന് ആ സ്പാനിഷ് താരം ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു. പറഞ്ഞുവരുന്നത് സ്പെയിൻ വണ്ടർ കിഡ് ലാമിൻ യമാലിനെപ്പറ്റിയാണ്.
വെറും 16 വയസാണ് യമാലിൻ്റെ പ്രായം. ഇന്ത്യക്കാരെന്ന നിലയിൽ ചിന്തിച്ചാൽ വാഹനമോടിക്കാനോ മദ്യപിക്കാനോ പ്രായമായില്ല. എന്തിന് രാജ്യത്തിൻ്റെ പൗരനാവാൻ പോലും പ്രായമായിട്ടില്ല. സെമിക്ക് മുൻപ് യമാലിനെ വെല്ലുവിളിച്ച റാബിയോയുടെ വയസ് 29. വർഷങ്ങളായി ഫ്രഞ്ച് മധ്യനിരയിലെ ശ്രദ്ധേയ താരം. ഫ്രഞ്ച് ടീമിലെ മാത്രം മത്സരപരിചയം കണക്കിലെടുത്താൽ റാബിയോയുടെ മൂപ്പ് 6 വർഷം. ഇതാണ് ലാമിൻ യമാൽ മുന്നോട്ടുവെക്കുന്ന ക്വാളിറ്റി. സാക്ഷാൽ ലയണൽ മെസിക്ക് ശേഷം ഇത്ര ചെറുപ്രായത്തിൽ അവിശ്വസനീയമായ ഗെയിം റീഡിംഗും ബോൾ കണ്ട്രോളും കാണിച്ച താരങ്ങൾ വേറെയില്ല.
Also Read : Copa America 2024: ഒടുക്കം മെസി തുടങ്ങി; കോപ്പ അമേരിക്ക ഫൈനലിലേക്ക് കടന്ന് അര്‍ജന്റീന
9ആം മിനിട്ടിൽ ഫ്രാൻസിൻ്റെ ഗോൾ കോളോ മുആനിയിലൂടെ ഫ്രാൻസിൻ്റെ ഗോൾ സംഭവിക്കുന്നു. അതിന് മുൻപ് തന്നെ യമാൽ ഫ്രഞ്ച് പ്രതിരോധത്തെ പരീക്ഷിക്കുന്നുണ്ട്. 9ആം മിനിട്ടിൽ ഗോൾ വീണതിന് ശേഷം കളി ചൂടുപിടിക്കുന്നു. 21ആം മിനിട്ട്. സ്പെയിൻ്റെ അറ്റാക്ക്. പന്ത് ഫ്രഞ്ച് ഡിഫൻഡറുടെ കാലിൽ തട്ടി യമാലിലേക്ക്. മുന്നിൽ ആറ് ഫ്രഞ്ച് താരങ്ങൾ, റാബിയോ ഉൾപ്പെടെ. റാബിയോ ആണ് യമാലിനെ കവർ ചെയ്യുന്നത്. ഒന്നുരണ്ട് വെട്ടിയൊഴിയലുകളിൽ സ്പേസുണ്ടാക്കിയ യമാലിൻ്റെ ഒരു ഇടങ്കാലൻ കർളർ. മഴവില്ലുപോലെ വളഞ്ഞ പന്ത് സെമി വരെ ഗോൾ വഴങ്ങാതെ നിന്ന ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നൻ്റെ മുഴുനീള ഡൈവിനെ വെട്ടിച്ച് വലയുടെ ടോപ്പ് റൈറ്റ് കോർണറിൽ ചെന്ന് പതിച്ചു. യമാലിൻ്റെ ക്ലാസ് അവിടെ കുറിയ്ക്കപ്പെട്ടു. ഒരു ഗോൾ കൂടി അടിച്ച് സ്പെയിൻ കളിജയിച്ച് ഫൈനലിലെത്തിയത് കഥയുടെ ബാക്കി.
Cristiano Ronaldo : ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യൂട്യൂബ് ചാനൽ നിർമിക്കാനാവില്ല; എന്തുകൊണ്ടെന്നറിയാമോ?
ഇനി കുറച്ചുകാലം പിന്നിലേക്ക് പോകാം. 17 വർഷത്തിന് മുൻപ്. 2007 ആണ് കാലഘട്ടം. 20 വയസുകാരൻ മെസി, മുടി നീട്ടിവളർത്തിയ മെസി ലോകം കീഴടക്കാൻ ആരംഭിച്ച സമയം. ഈ സമയത്ത് ജൊആൻ മോഫോർട്ട് എന്ന ഫോട്ടോഗ്രാഫർ മെസിയെ വച്ച് ഒരു ചാരിറ്റി കലണ്ടറിനുള്ള ഫോട്ടോഷൂട്ട് നടത്തി. ഈ ഫോട്ടോഷൂട്ടിൽ മെസിക്കൊപ്പം ഒരു കൈക്കുഞ്ഞുമുണ്ടായിരുന്നു. ഒരു നവജാതശിശു. കാലം കടന്നുപോയി, മെസി വലുതായി. ഫുട്ബോൾ ലോകം കാൽക്കീഴിലാക്കി ലയണൽ മെസിയെന്ന മാന്ത്രികൻ തലമുറകളെ കാല്പന്തിലേക്ക് വശീകരിച്ചു. ബാലൻ ഡി ഓറും ഗോൾഡൻ ബൂട്ടും ഫിഫ ദി ബെസ്റ്റും അടക്കം എണ്ണമറ്റ അവാർഡുകളും ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, കോപ്പ അമേരിക്ക തുടങ്ങി ലോകകപ്പ് വരെ നിരവധി കിരീടങ്ങളും സ്വന്തമാക്കി. വെറും അഞ്ചടി ഏഴിഞ്ചുകാരനായ കുഞ്ഞ് മനുഷ്യനു മുന്നിൽ ലോകം തലകുനിച്ച് നിന്നു. ഇന്ന് മെസിക്ക് പ്രായം 37. ഏതാണ് അവസാനത്തേതെന്ന് ഉറപ്പിക്കാവുന്ന കോപ്പ അമേരിക്ക സെമിഫൈനലിൽ ഗോൾ നേടി ടീമിനെ ഫൈനലിൽ എത്തിച്ചിരിക്കുന്നു. അപ്പോൾ മറുവശത്ത്, എംബാപ്പെയുടെ ഫ്രാൻസിനെതിരെ സ്പെയിൻ ജയിച്ച് കേറുമ്പോൾ സ്കോർഷീറ്റിലുള്ള ലാമിൻ യമാൽ എന്ന 16 വയസുകാരൻ മെസിയുടെ വലിയ കാല്പാടുകളിലേക്ക് തൻ്റെ ചെറിയ പാദം ചേർത്തുവെക്കുന്നു. അന്ന് മെസിക്കൊപ്പം ഫോട്ടോഷൂട്ടിലുണ്ടായിരുന്ന ആ കൈക്കുഞ്ഞാണ് ഇന്ന് യൂറോ കപ്പിലെ വണ്ടർ കിഡ്. മെസി 17ആം വയസിൽ ബാഴ്സലോണയിൽ അങ്ങേറി. യമാൽ 16ആം വയസിൽ ബാഴ്സയിൽ അരങ്ങേറി.
മൊറോക്കോക്കാരനാണ് യമാലിൻ്റെ പിതാവ്. മാതാവ് ഇക്വിറ്റോറിയൽ ഗിനിയക്കാരി. കാറ്റലോണിയയിലാണ് യമാൽ ജനിച്ചത്. ഏഴാം വയസിൽ അവർ ബാഴ്സലോണയിലേക്ക് താമസം മാറി. യമാൽ ബാഴ്സ യൂത്ത് അക്കാദമിയായ ലാ മാസിയയിൽ ചേർന്നു. ബാക്കി ചരിത്രം.