5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL Auction 2025: പൊന്നും വില പ്രതീക്ഷിച്ചിട്ടും കിട്ടിയത് 14 കോടി! കെ എൽ രാഹുൽ ഇനി പുതിയ തട്ടകത്തിൽ

KL Rahul sold to Delhi Capitals: ആര്‍ടിഎം ഉപയോഗിച്ച് നിലനിര്‍ത്താന്‍ ലഖ്നൗ സൂപ്പർ ജയന്റ്സ് തയ്യാറാവാതിരുന്നതോടെയാണ് ഡൽഹി ക്യാപിറ്റൽസിലേക്ക് കെ എൽ രാഹുൽ എത്തുന്നത്

IPL Auction 2025: പൊന്നും വില പ്രതീക്ഷിച്ചിട്ടും കിട്ടിയത് 14 കോടി! കെ എൽ രാഹുൽ ഇനി പുതിയ തട്ടകത്തിൽ
KL rahul (Image Credits: PTI)
athira-ajithkumar
Athira CA | Updated On: 24 Nov 2024 18:33 PM

ജിദ്ദ: ഇന്ത്യന്‍ താരം കെ എൽ രാഹുൽ വരുന്ന ഐപിഎല്‍ സീസണില്‍ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കും. 14 കോടിക്കാണ് രാഹുലിനെ ഡൽഹി ടീമിലെത്തിച്ചത്. ക്യാപ്റ്റനെ ആവശ്യമുള്ള ഡൽഹി, അത് കൂടി മുൻനിർത്തിയാണ് രാഹുലിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു, ചെന്നെെ സൂപ്പർ കിം​ഗ്സ് എന്നിവര്‍ രാഹുലിന് പിന്നാലെയുണ്ടായിരുന്നു. കൊല്‍ക്കത്ത 10. 75 കോടി വിളിച്ചതോടെ ബെം​ഗളൂരു പിന്മാറി. എന്നാല്‍ 11 കോടിയുമായി ഡൽഹി വന്നതോടെ കൊല്‍ക്കത്തയും പിന്മാറി. രാഹുലിനെ റാഞ്ചനായി 12 കോടിയുമായി ഒടുവിൽ എത്തിയ ടീം ചെന്നെെ സൂപ്പർ കിം​ഗ്സായിരുന്നു. ഒടുവിൽ ഡൽഹി 14 കോടിക്ക് താരത്തെ ടീമിൽ എത്തിക്കുകയായിരുന്നു.

“>

“>

 

ആര്‍ടിഎം ഉപയോഗിച്ച് നിലനിര്‍ത്താന്‍ ലഖ്നൗ സൂപ്പർ ജയന്റ്സ് തയ്യാറാവാതിരുന്നതോടെയാണ് ഡൽഹി ക്യാപിറ്റൽസിലേക്ക് കെ എൽ രാഹുൽ എത്തുന്നത്. താരലേലത്തിൽ കെ എൽ രാഹുലിന് 25 കോടി രൂപയോളം ലഭിക്കുമെന്ന് ആരാധകർ വിലയിരുത്തിയിരുന്നു. എന്നാൽ 14 കോടിക്ക് രാഹുലിനെ ടീമിലെത്തിച്ചത് ഡൽഹിക്ക് നേട്ടമാണ്. ക്യാപ്റ്റൻസി മെറ്റീരിയൽ ആണ് എന്നുള്ളതും ഓപ്പൺ , മൂന്നാം നമ്പർ സ്ലോട്ടുകളിൽ കളിപ്പിക്കാം എന്നുള്ളതും മുൻനിർത്തിയാൽ ഡൽഹിയുടെ മികച്ച ഡീലാണ് രാഹുൽ.

രാഹുലിനെ കൂടാതെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയിരിക്കുന്ന മറ്റൊരു താരം മിച്ചൽ സ്റ്റാർക്കാണ്. 11.75 കോടി രൂപയ്ക്കാണ് ഓസ്ട്രേലിയൻ പേസറെ ഫ്രാഞ്ചെെസി ടീമിലെത്തിച്ചിരിക്കുന്നത്. 2024- ലെ മിനി ലേലത്തിൽ 24.75 കോടി രൂപയ്ക്കാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു താരത്തിനായി ചെലവഴിച്ച ഏറ്റവും ഉയർന്ന തുകയായിരുന്നു ഇത്. ഈ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്റ്റാർക്കിന്റെ മൂല്യത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

2024 സീസണിൽ ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയൻ്റ്‌സിനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ താരമാണ് രാഹുൽ. 14 മത്സരങ്ങളിൽ നിന്നായി 37.14 ശരാശരിയിലും 136.12 സ്‌ട്രൈക്ക് റേറ്റിലും 520 റൺസാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ലഖ്നൗവിനായി 38 മത്സരങ്ങളിൽ നിന്ന് 1,410 റൺസാണ് രാഹുലിന്റെ സമ്പാദ്യം. രണ്ട് സെഞ്ച്വറിയും 10 അർദ്ധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. 2022 സീസണിലാണ് ഐപിഎല്ലിലേക്കുള്ള ലഖ്നൗവിന്റെ പ്രവേശനം. ആ സീസൺ മുതൽ 2024 വരെ ലഖ്നൗ ടൂർണമെന്റിനിറങ്ങിയത് കെ എൽ രാഹുൽ എന്ന നായകന് കീഴിലായിരുന്നു. ആദ്യ രണ്ട് സീസണുകളിൽ ലഖ്നൗനവിനെ പ്ലേ ഓഫിലെത്തിക്കാനും രാഹുലിനായി.

2018 സീസണിൽ കൊൽക്കത്ത സ്റ്റാർക്കിനെ സ്വന്തമാക്കിയിരുന്നെങ്കിലും ടൂർണമെൻറിൽ നിന്ന് പിന്മാറുകയായിരുന്നു. 2022- ൽ അന്താരാഷ്ട്ര കരിയറിന് മുൻഗണന നൽകുന്നതിനായി ലേലത്തിൽ നിന്ന് വിട്ടുനിന്നു. മൂന്ന് സീസണുകളിലായി 41 മത്സരങ്ങളാണ് ഐപിഎല്ലിൽ സ്റ്റാർക്ക് കളിച്ചിട്ടുള്ളത്. 51 വിക്കറ്റും വീഴ്ത്തി. 2024 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റാണ് മിച്ചൽ സ്റ്റാർക്ക് സ്വന്തമാക്കിയത്.