Sanju Samson – KL Rahul : വിശ്രമം വേണമെന്ന് കെഎൽ രാഹുൽ; ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിൻ്റെ സ്ഥാനം ഉറപ്പ്
Sanju Samson To Be Included In ODI Team vs England: ഇംഗ്ലണ്ടിൻ്റെ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണിൻ്റെ സ്ഥാനം ഉറപ്പെന്ന് സൂചനകൾ. പരമ്പരയിൽ തനിക്ക് വിശ്രമം വേണമെന്ന് കെഎൽ രാഹുൽ ആവശ്യപ്പെട്ടതോടെ സഞ്ജുവും പന്തും ടീമിലെത്തുമെന്നാണ് റിപ്പോർട്ട്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ തനിക്ക് വിശ്രമം വേണമെന്ന് കെഎൽ രാഹുൽ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം വിശ്രമം ആവശ്യപ്പെട്ടത് എന്നാണ് റിപ്പോർട്ട്. എന്നാൽ, ചാമ്പ്യൻസ് ട്രോഫി ടീം തിരഞ്ഞെടുപ്പിൽ രാഹുൽ ലഭ്യമായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കെഎൽ രാഹുൽ വിശ്രമം ആവശ്യപ്പെട്ടതോടെ പരമ്പരയിൽ സഞ്ജു സാംസൺ ഉറപ്പായും കളിക്കും. സഞ്ജുവും ഋഷഭ് പന്തുമാവും ടീമിലെ വിക്കറ്റ് കീപ്പർമാർ.
വാർത്താ ഏജൻസിനായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു പിടിഐയുടെ റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ചാമ്പ്യൻസ് ട്രോഫിയിലും കെഎൽ രാഹുൽ, ഋഷഭ് പന്ത് എന്നിവർ കളിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. പന്തിനെക്കാൾ മികച്ച കണക്കുകളാണ് ഏകദിനത്തിൽ സഞ്ജുവിനുള്ളതെങ്കിലും ടീം മാനേജ്മെൻ്റിൻ്റെ പ്ലാനുകൾ വേറെ തരത്തിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, രാഹുൽ വിശ്രമമെടുക്കുകയാണെങ്കിൽ പകരം സഞ്ജു ടീമിൽ ഇടം പിടിയ്ക്കും. എന്നാൽ, കളിക്കാൻ അവസരം കിട്ടിയേക്കില്ല.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ സഞ്ജു തുടരും. ഓപ്പണിംഗിൽ തകർപ്പൻ ഫോമിലുള്ള സഞ്ജുവിന് പകരം മറ്റാരെയും പരിഗണിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ ടീം മാനേജ്മെൻ്റിൻ്റേത്. മധ്യനിരയിൽ കളിച്ചുകൊണ്ടിരുന്ന സഞ്ജു ഓപ്പണിംഗിലേക്ക് മാറിയതോടെ മാരക ഫോമിലാണ്. തുടരെ രണ്ട് സെഞ്ചുറികൾ നേടിയ സഞ്ജു പോയ വർഷം ടി20യിൽ മൂന്ന് സെഞ്ചുറികളാണ് സ്കോർ ചെയ്തത്. ബംഗ്ലാദേശിനെതിരെ ഒരു സെഞ്ചുറി നേടിയ സഞ്ജു ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ട് സെഞ്ചുറികൾ കുറിച്ചു. ഇതോടെ ഇന്ത്യക്കായി ടി20യിലും ഏകദിനത്തിലും അവസാനമായി സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡും സഞ്ജു സ്ഥാപിച്ചു.
ഇംഗ്ലണ്ട് പരമ്പര
ഇന്ത്യയിൽ അഞ്ച് ടി20കളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇംഗ്ലണ്ട് കളിക്കുക. ജനുവരി 22ന് ടി20 മത്സരത്തോടെ പരമ്പര ആരംഭിക്കും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ആദ്യ മത്സരം. 25ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രണ്ടാം ടി20 മത്സരം. ജനുവരി 28, 31, ഫെബ്രുവരി 2 തീയതികളിലാണ് ടി20 പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങൾ. യഥാക്രമം രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
ഫെബ്രുവരി ആറിന് ഏകദിന പരമ്പര ആരംഭിക്കും. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഫെബ്രുവരി 9ന് നടക്കുന്ന രണ്ടാം ഏകദിന മത്സരം കട്ടക്കിലെ ബറാബതി സ്റ്റേഡിയത്തിൽ നടക്കും. ഫെബ്രുവരി 12ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തോടെ പരമ്പര അവസാനിക്കും. ഫെബ്രുവരി 19 നാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുക. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടക്കുക. പാകിസ്താനിലേക്ക് പോകാൻ തയ്യാറല്ലെന്ന് ബിസിസിഐ അറിയിച്ചതോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയത്.