KL Rahul: ടോപ് ഓര്‍ഡറില്‍ അവസരം കിട്ടാത്തതിനെക്കുറിച്ച് കെ.എല്‍. രാഹുല്‍; കള്ളം പറയാനില്ലെന്ന് താരം
KL Rahul on batting position: ടോപ് ഓര്‍ഡറിലും താഴെയും ബാറ്റ് ചെയ്യുന്നതില്‍ പരിചിതനാണെന്നും രാഹുല്‍. മധ്യനിരയിൽ കളിക്കാൻ അവസരം ലഭിക്കുന്നതില്‍ സന്തോഷം. ഏത് റോൾ നൽകിയാലും, അത് കളിയെ കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു. കഴിഞ്ഞ ഒരു വർഷമായി ബൗണ്ടറി ഹിറ്റിംഗിൽ എനിക്ക് കൂടുതൽ പരിശ്രമിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം

ഏത് പൊസിഷനിലും അനുയോജ്യനെങ്കിലും ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്താണ് കെ.എല്‍. രാഹുലിന് ശീലം. രാഹുല്‍ ഇഷ്ടപ്പെടുന്നതും ടോപ് ഓര്‍ഡറിലെ ബാറ്റിംഗ് തന്നെ. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ അഞ്ചാമതോ, ആറാമതോ ബാറ്റിംഗിന് ഇറങ്ങുന്ന രാഹുലിനെയാണ് ആരാധകര്‍ കാണുന്നത്. ടീം സമവാക്യങ്ങളാണ് ടോപ് ഓര്‍ഡറില്‍ രാഹുലിന് അവസരമില്ലാത്തതിന് കാരണം. ബാറ്റിംഗ് പൊസിഷനിലെ ‘സ്ഥാനചലന’ത്തെക്കുറിച്ച് ഒടുവില്‍ രാഹുല്‍ മനസ് തുറന്നു. ടോപ് ഓര്‍ഡറിലെ ബാറ്റിംഗാണ് താന്‍ കൂടുതല്‍ ആസ്വദിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ കീഴടക്കിയതിന് ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടോപ് ഓര്‍ഡറിലെ ബാറ്റിംഗാണ് കൂടുതല്‍ ആസ്വദിക്കുന്നത്. കള്ളം പറയില്ല. ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഓപ്പണറായിരുന്നു. റെഡ് ബോള്‍ എത്രത്തോളം ബുദ്ധിമുട്ടേറിയതാണെന്ന് അറിയാമല്ലോ? അവിടെ ഓപ്പണ്‍ ചെയ്തിട്ട് ഇവിടെ വന്ന് താഴേക്ക് ബാറ്റ് ചെയ്യുമ്പോള്‍ അല്‍പം വ്യത്യാസം തോന്നുന്നുണ്ട്. എന്നാല്‍ കുറേ നാളായി വൈറ്റ് ബോളില്‍ ഇങ്ങനെയാണ് താന്‍ കളിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
Read Also : Sanju Samson: ‘സ്വന്തം ടീമിലുള്ളവര്‍ എതിരെ പറഞ്ഞെന്നിരിക്കും, ആരും ഇല്ലല്ലോ എന്നും ചിലപ്പോള്‍ തോന്നും’




ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരായ ഏതാനും മത്സരങ്ങളിൽ രാഹുലായിരുന്നു ഇന്ത്യയുടെ ഒരു ഓപ്പണര്‍. ടി20യിലും ഏകദിനത്തിലും അദ്ദേഹം നേരത്തെ ഓപ്പണറായിട്ടുണ്ട്. എന്നാല്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മന്‍ ഗില്‍ ഓപ്പണിംഗ് പൊസിഷന്‍ അരക്കിട്ടുറപ്പിച്ചതോടെ നിലവില്‍ ആ സ്ഥാനത്തേക്ക് രാഹുലിന് ഒഴിവില്ല.
താന്‍ ടോപ് ഓര്‍ഡറിലും താഴെയും ബാറ്റ് ചെയ്യുന്നതില്‍ പരിചിതനാണെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യനിരയിൽ കളിക്കാൻ അവസരം ലഭിക്കുന്നതില്‍ സന്തോഷം. ഏത് റോൾ നൽകിയാലും, അത് കളിയെ കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു എന്ന് കരുതുന്നു. കഴിഞ്ഞ ഒരു വർഷമായി ബൗണ്ടറി ഹിറ്റിംഗിൽ എനിക്ക് കൂടുതൽ പരിശ്രമിക്കേണ്ടി വന്നിട്ടുണ്ട്. കാരണം ശ്രീലങ്കയില്‍ നടന്ന ഏകദിനത്തില്‍ ആറാം നമ്പറിലാണ് ബാറ്റ് ചെയ്തത്. ആ പൊസിഷനിലായിരിക്കും ബാറ്റ് ചെയ്യേണ്ടി വരികയെന്നും അറിയാമായിരുന്നു. കാരണം ടോപ് ഓര്‍ഡറില്‍ ടീമിന് ഒരു ഇടംകൈയ്യന്‍ ബാറ്ററെ ആവശ്യമാണ്. സത്യത്തില്‍ 2020 മുതല്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ആളുകള്‍ ഇത് മറക്കുകയാണെന്നും താരം പറഞ്ഞു.