Santosh Trophy: പുതുച്ചേരിക്കെതിരെ ഗോൾമഴ; കേരളം സന്തോഷ് ട്രോഫി ഫെെനൽ റൗണ്ടിൽ
Kerala vs Puducherry: റെയിൽവേസിനും ലക്ഷദ്വീപിനുമെതിരെ വിജയിച്ച കേരളത്തിന് ഫെെനൽ റൗണ്ടിലേക്ക് പ്രവേശിക്കാൻ ഇന്ന് പുതുച്ചേരിക്കെതിരെ സമനില മാത്രം മതിയായിരുന്നു.
കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ തുടർച്ചയായി ഗോൾ മഴ പെയ്യിച്ച് കേരളം. പ്രഥമിക റൗണ്ടിൽ പുതുച്ചേരിയെ എതിരില്ലാത്ത 10 ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. ഈ വിജയത്തോടെ സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം തേടി സഞ്ജുവും പിള്ളേരും ഫെെനൽ റൗണ്ടിനായി ഹൈദരാബാദിലേക്ക് വണ്ടി കയറും. ഡിസംബറിലാണ് ഫെെനൽ റൗണ്ട് മത്സരം. മുന്നേറ്റനിര താരം ഇ.സജീഷും നസീബ് റഹ്മാനും ഇരട്ട ഗോളുകളുമായി കേരളത്തിനായി തിളങ്ങി. ലക്ഷദ്വീപിനെതിരായ മത്സരത്തിൽ സജീഷ് ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു.
റെയിൽവേസിനും ലക്ഷദ്വീപിനുമെതിരെ വിജയിച്ച കേരളത്തിന് ഫെെനൽ റൗണ്ടിലേക്ക് പ്രവേശിക്കാൻ ഇന്ന് പുതുച്ചേരിക്കെതിരെ സമനില മാത്രം മതിയായിരുന്നു. എന്നാൽ എതിരാളികളുടെ വലകുലുക്കി ആധികാരികമായാണ് ഫെെനൽ റൗണ്ട് പ്രവേശനം. മത്സരത്തിന്റെ പത്താം മിനിറ്റിലാണ് കേരളം ആദ്യമായി വലകുലുക്കിയത്. പത്താം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്കിലൂടെ ഗനി അഹമ്മദ് നിഗം ലക്ഷ്യം കാണുകയായിരുന്നു. പതിനാലാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. എതിർ ടീമിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് പി.ടി.മുഹമ്മദ് റിയാസ് നൽകിയ പന്ത് നസീബ് ഡ്രിബിൾ ചെയ്ത് വലകുലുക്കി. 19ാം മിനിറ്റിൽ മുഹമ്മദ് മുഷറഫിന്റെ പാസിൽ നിന്ന് സജീഷിന്റെ ആദ്യഗോൾ പിറന്നു. 29-ാം ഗനി അഹമ്മദിന്റെ നീക്കം പുതുച്ചേരി ഗോൾ കീപ്പർ യശ്വന്ത് തടഞ്ഞിട്ടു.
രണ്ടാംപകുതിയിൽ പകരക്കാരനായിറങ്ങിയ ക്രിസ്റ്റി ഡേവിസിലൂടെയായിരുന്നു 53-ാം മിനിറ്റിലെ കേരളത്തിന്റെ നാലാം ഗോൾ. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്ന് എം.മനോജ് ഉയർത്തി നൽകിയ പാസ്, ബോക്സിലേക്ക് ഉതിർത്ത ശേഷം ഗോളിയെയും മറികടന്ന് ലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. 65ാം മിനിറ്റിൽ നസീബ് റഹ്മാനും 67ാം മിനിറ്റിൽ സജീഷും വീണ്ടും കേരളത്തിനായി ലക്ഷ്യം കണ്ടു. 71-ാം മിനിറ്റിൽ പകരക്കാരനായെത്തിയ ടി.ഷിജിൻ ഗോൾ കണ്ടെത്തിയതോടെ കേരളം 7 ഗോളുകൾക്ക് മുന്നിലെത്തി. പുതുച്ചേരിയുടെ പ്രതിരോധത്തിലെ പാളിച്ചകളായിരുന്നു കേരളാ താരങ്ങൾ പലപ്പോഴും മുതലെടുത്തത്. കിട്ടിയ ഗോളവസരങ്ങളും കേരള താരങ്ങൾ നഷ്ടപ്പെടുത്തി.
ഗ്രൂപ്പ് എച്ച് യോഗ്യതാ റൗണ്ടിൽ മൂന്നു മത്സരങ്ങളിലും ഒരു ഗോൾ പോലും വഴങ്ങാതെയാണ് കേരളം ഫൈനൽ റൗണ്ടിലെത്തിയത്. ആദ്യ കളിയിൽ റെയിൽവേസിനെ ഒരു ഗോളിന് തോൽപ്പിച്ച കേരളം, ലക്ഷദ്വീപിനെതിരായ രണ്ടാം മത്സരത്തിൽ 10 ഗോളിനാണ് ജയിച്ചത്. യോഗ്യതാ റൗണ്ടിലെ 18 ഗോളുകളുമായാണ് കേരളം ഹെെദരാബാദിലേക്ക് യാത്രയാകുന്നത്. ഫൈനൽ റൗണ്ടിൽ 12 ടീമുകളാണ് മത്സരിക്കാനിറങ്ങുന്നത്.