Kerala Sports Meet 2024: കൗമാര കുതിപ്പിന് നാളെ ട്രാക്കുണരും; മത്സരങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം
Kerala School Sports Meet: ഒളിമ്പിക്സ് മാതൃകയിലാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നത്. ഭിന്നശേഷി വിഭാഗത്തിലുള്ളവരും പ്രവാസി വിദ്യാർത്ഥികളും ചരിത്രത്തിലാദ്യമായി മേളയുടെ ഭാഗമാകും.
എറണാകുളം: കേരളത്തിന്റെ കൗമാര കുതിപ്പിന് നാളെ ട്രാക്ക് ഉണരും. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ സംസ്ഥാന സ്‌കൂൾ കായിക മേളയുടെ പ്രധാനവേദി. വൈകിട്ട് നാല് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒളിമ്പിക്സ് മാതൃകയിലാണ് ഇത്തവണ സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നത്. ഉദ്ഘാടനത്തിന്റെ സാംസ്‌കാരിക പരിപാടി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച മുതൽ മത്സരങ്ങൾ ആരംഭിക്കും. ഭിന്നശേഷി വിഭാഗക്കാരുടെ അത്ലറ്റിക്സ് ഉൾപ്പെടെ 20 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പൊതുവിഭാഗത്തിലെ മത്സരങ്ങൾ നവംബർ 7 വ്യാഴാഴ്ചയും ആരംഭിക്കും.
കായിക മേളയിലെ മത്സരങ്ങൾ പൊതുജനങ്ങൾക്ക് തത്സമയം കാണാം. വിദ്യാഭ്യാസ വകുപ്പിന്റെ ലെെവ് കെെറ്റ് വിക്ടേഴ്സ് ചാനൽ വഴിയും ചാനലിന്റെ മൊബെെൽ, വെബ് പ്ലാറ്റ്ഫോമുകളിലൂടെയും തത്സമയം സംപ്രേക്ഷണം ചെയ്യും. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 2 മണി മുതൽ മത്സരം അവസാനിപ്പിക്കുന്നത് വരെയുമാണ് സംപ്രേക്ഷണം ഉണ്ടാകുക. മത്സര ഫലങ്ങളും കെെറ്റ് വെബ്സെെറ്റ് വഴി അറിയാനാകും.
മുഖ്യമന്ത്രിയുടെ പേരിലുള്ള എവറോളിംഗ് ട്രോഫിയാണ് കായികമേളയിലെ ചാമ്പ്യന്മാരെ കാത്തിരിക്കുന്നത്. അത്ലറ്റിക്സിലും ഗെയിംസിലുമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് ഏവറോളിംഗ് ട്രോഫി. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇത് ആദ്യമായാണ് ഏവറോളിംഗ് ട്രോഫി ഏർപ്പെടുത്തുന്നത്. 17 വേദികളിലായി ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന കായികമേളയിൽ 39 ഇനങ്ങളിൽ ഏകദേശം 24,000- ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും.
ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന ആദ്യ സ്‌കൂൾ കായികമേളയോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി 3000 കുട്ടികൾ പങ്കെടുക്കുന്ന കലാപരിപാടികളും അരങ്ങേറും. കേരള സിലബസ് പ്രകാരം യുഎഇയിലെ 6 സ്കൂളുകളിൽ നിന്നുള്ള 50 വിദ്യാർത്ഥികളും മേളയിൽ മത്സരിക്കാനെത്തും. 15-ാമത്തെ ജില്ലയായാണ് പ്രവാസി വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കുന്നത്. സീനിയർ വിഭാഗം അത്ലറ്റിക്സ്, ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, വോളീബോൾ എന്നീ ഇനങ്ങളിലാണ് പ്രവാസി വിദ്യാർത്ഥികൾ മത്സരിക്കുന്നത്. വിജയിച്ചാൽ ഇവർ ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കും.
ഇൻക്ലൂസിവ് സ്പോർട്സിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളും മേളയുടെ ഭാഗമാകും. ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യമായാണ് മീറ്റിൽ പങ്കെടുക്കുന്നത്. 1562 കുട്ടികൾ അത്ലറ്റിക്സ്, ഫുട്ബോൾ, ഹാന്റ്ബോൾ, ബാഡ്മിന്റൺ വിഭാഗങ്ങളിൽ മത്സരിക്കും. അതേസമയം, അത്ലറ്റിക്സ് മത്സരങ്ങളുടെ വേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിന്റെ പണികൾ ഇനിയും പൂർത്തിയാകാനുണ്ട്. അത്ലറ്റിക്സ് മത്സരങ്ങൾ ആരംഭിക്കുന്ന നവംബർ ഏഴിന് മുമ്പായി പണികൾ പൂർത്തിയാകുമെന്നാണ് സംഘാടകരുടെ അവകാശവാദം.