Mohammed Azharuddeen : ഐപിഎൽ കളിക്കാൻ കഴിവ് മാത്രം പോര; പിന്നിൽ വേറെയും കുറേ കാര്യങ്ങളുണ്ട് : തുറന്നുപറഞ്ഞ് മുഹമ്മദ് അസ്ഹറുദ്ദീൻ
Mohammed Azharuddeen Kerala Cricketer : കേരള വിക്കറ്റ് കീപ്പർ ബാറ്ററായ മുഹമ്മദ് അസ്ഹറുദ്ദീൻ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പുഴ റിപ്പിൾസിൻ്റെ ക്യാപ്റ്റനാണ്. 2021 സീസണിൽ വിരാട് കോലിക്കൊപ്പം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ കളിച്ച അസ്ഹർ ടിവി9 മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖം.
കേരള ക്രിക്കറ്റ് ടീമിലെ സ്ഥിര സാന്നിധ്യമാണ് വിക്കറ്റ് കീപ്പറായ മുഹമ്മദ് അസ്ഹറുദ്ദീൻ. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പുഴ റിപ്പിൾസിൻ്റെ ക്യാപ്റ്റനായ അസ്ഹർ ഐപിഎൽ കളിച്ച മലയാളികളിൽ ഒരാളാണ്. 2021 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ച അസ്ഹറിനെ ആ സീസണൊടുവിൽ ബാംഗ്ലൂർ റിലീസ് ചെയ്തു. ലേലത്തിൽ താരം അൺസോൾഡ് ആവുകയും ചെയ്തു. ഐപിഎലിലെ അനുഭവങ്ങളും കേരള ക്രിക്കറ്റ് ലീഗിലെ പ്രതീക്ഷകളും അസ്ഹർ ടിവി9 മലയാളത്തോട് പങ്കുവച്ചു.
കേരള ക്രിക്കറ്റ് ലീഗ് കൊണ്ട് കളിക്കാർക്ക് ഗുണമുണ്ടാവില്ലേ?
അതെ. മറ്റ് സംസ്ഥാനങ്ങളിൽ ഫ്രാഞ്ചൈസി ലീഗുകൾ തുടങ്ങിയപ്പോൾ നമ്മൾ ആഗ്രഹിച്ചിരുന്നു ഇത്. പക്ഷേ, മറ്റിടങ്ങളിൽ കളിക്കാർ ഒരുപാടുണ്ട്. അവിടെ ഇങ്ങനെ ഒരു ലീഗ് നടത്താൻ ബുദ്ധിമുട്ടില്ല. ഇവിടെ കളിക്കാർ അത്രയധികമില്ല, കോർപ്പറേറ്റുകളും ഏറെയില്ല. എന്നിട്ടും കെസിഎ ലീഗ് നടത്തുന്നു എന്നത് വലിയ കാര്യമാണ്. സ്റ്റാർ സ്പോർട്സ് മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യുന്നു എന്നതും വലിയ കാര്യമാണ്. കെസിഎയോട് കടപ്പെട്ടിരിക്കും. കളിക്കാർക്ക് അത് വലിയ അവസരമാണ്. എൻ്റെ കാര്യത്തിൽ തന്നെ ഞാൻ 10 വർഷത്തോളമായി സീനിയർ ടീമിൽ കളിക്കുന്നുണ്ട്. പക്ഷേ, ടെലികാസ്റ്റ് ചെയ്ത മത്സരത്തിലെ ഇന്നിംഗ്സ് ആണ് ഇംപാക്ടുണ്ടാക്കിയത്. ടി20യിൽ വേറെയും നല്ല ഇന്നിംഗ്സുകൾ കളിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും ആരും കണ്ടില്ല. ടെലികാസ്റ്റ് ഉണ്ടായ മത്സരത്തിലെ ഇംപാക്ട് എനിക്കറിയാം. അത് തീർച്ചയായും കേരള ക്രിക്കറ്റിനും കളിക്കാർക്കും ഗുണമുണ്ടാവും.
മുംബൈക്കെതിരാ ആ ഇന്നിംഗ്സ് കൊണ്ട് കുറേ നേട്ടമുണ്ടായില്ലേ?
നേട്ടവും കോട്ടവുമുണ്ട്. വീരേന്ദർ സെവാഗ് പോസ്റ്റ് ചെയ്തതും ഐപിഎൽ അവസരം ലഭിച്ചതുമൊക്കെ അതിൻ്റെ നേട്ടമാണ്. കൊവിഡിൻ്റെ സമയത്തെ തയ്യാറെടുപ്പുകൾ ഗുണം ചെയ്തിരുന്നു. കുറേ നാൾ വീട്ടിൽ വെറുതെയിരുന്നപ്പോൾ മനസ് അത്തരത്തിൽ ഒരുക്കി. മത്സരക്രമം വന്നപ്പോൾ, ‘നല്ല പൂളാണ്. കളിച്ചാൽ ശ്രദ്ധിക്കപ്പെടും’ എന്ന് വീട്ടിൽ ചേട്ടനോട് ഞാൻ പറയുകയും ചെയ്തു. നല്ല ടീമിനെതിരെ നന്നായി കളിച്ചാൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. അത് വർക്കൗട്ടായി. അന്ന് കൂടുതലൊന്നും ആലോചിച്ചില്ല. ഞാൻ 92ൽ നിൽക്കുമ്പോ സഞ്ജുവാണ് സെഞ്ചുറിയെപ്പറ്റി ഓർമിപ്പിച്ചത്. അന്ന് വേറൊരു സോണിലായിരുന്നു. പ്രതീക്ഷിച്ചതുപോലെ ആ ഇന്നിംഗ് ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, അതിനൊപ്പം ചില കോട്ടങ്ങളുമുണ്ടായി. അനാവശ്യ പ്രതീക്ഷകളുണ്ടായി. എല്ലാ കളിയും അങ്ങനെ ഒരു ഇന്നിംഗ് കളിക്കാൻ ശ്രമിച്ചു. അത് എൻ്റെ കളിയെ ബാധിച്ചു. ഒരു വർഷത്തോളമെടുത്താണ് അതിൽ നിന്ന് പുറത്തുകടന്നത്. അതിൽ രണ്ട് വശങ്ങളുമുണ്ട്. അത് മനസിലാക്കാനുള്ള പക്വത ഉണ്ടാവണം.
Also Read : Women’s T20 World Cup : ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ നാലിന്; എതിരാളികൾ ന്യൂസിലൻഡ്
ഐപിഎലിൽ കൂടുതൽ മലയാളികൾക്ക് അവസരം ലഭിക്കാത്തത് എന്തുകൊണ്ടാവും?
ഐപിഎലിൽ മലയാളികൾക്ക് അവസരം ലഭിക്കാത്തതിൽ കുറേ കാര്യങ്ങളുണ്ട്. ഇൻ്റർവ്യൂവിൽ പറയാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. ഐപിഎൽ ടീമിൽ നിന്ന് ആർസിബി റിലീസ് ചെയ്തപ്പോ ഞാൻ കാരണം ചോദിച്ചു. അപ്പോൾ പറഞ്ഞത്, നമുക്ക് ആവശ്യമുള്ള പൊസിഷനിലല്ല അസ്ഹർ കളിക്കുന്നത് എന്നാണ്. അവർ അവരുടെ കാരണങ്ങൾ പറഞ്ഞു. നമുക്ക് പകരം ആരെയെങ്കിലും എടുക്കണമെന്ന് അവിടെ സംസാരിക്കാൻ ആളുണ്ടാവും. അർഹതയും കഴിവും പരിഗണിച്ചാൽ കേരളത്തിൽ അത് ധാരാളമുണ്ട്. നല്ല ബാറ്റർമാരും പേസർമാരും സ്പിന്നർമാരുമൊക്കെയുണ്ട്. മെറിറ്റ് ആണ് നോക്കുന്നതെങ്കിൽ കേരളത്തിൽ നിന്ന് ഒരുപാട് പേർ കളിക്കേണ്ടതാണ്. പക്ഷേ, മെറിറ്റ് മാത്രമല്ല. അതിപ്പോ, ഏത് മേഖലയിലാണെങ്കിലും അങ്ങനെയാണല്ലോ. ഇതിൻ്റെ പ്രധാന കാരണമെന്താണെന്ന് എനിക്കറിയില്ല. ഫ്രാഞ്ചൈസിയിലെ ഒരാൾ എന്നോട് പറഞ്ഞത്, എക്സ് ഫാക്ടർ ഉണ്ടാവണമെന്നാണ്. അപ്പോ ഞാൻ ചോദിച്ചു, ‘എന്താണ് എക്സ് ഫാക്ടർ?’ അതെന്താണെന്ന് അയാൾക്കും അറിയില്ല. എക്സ് ഫാക്ടർ അഥവാ ആരിലും കാണാത്തൊരു സാധനം വേണമെന്നാണ് അവർ പറയുന്നത്. എന്ത് എക്സ് ഫാക്ടറാണെന്ന് അവർക്കറിയില്ല. ഏറ്റവും നല്ലത് എന്നുവച്ചാൽ, നമ്മൾ നന്നായി പെർഫോം ചെയ്യുക എന്നതാണ്. അത് പറയാൻ എളുപ്പമാണ്. കേരളത്തിനായി നന്നായി കളിക്കുക. അതിന് പകരം ഐപിഎൽ, ഇന്ത്യൻ ടീം സെലക്ഷൻ അങ്ങനെയൊക്കെ ചിന്തിച്ചാൽ ബുദ്ധിമുട്ടാണ്. അവര് എക്സ് ഫാക്ടറിലും നമ്മൾ നമ്മുടേതായ രീതിയിലും രണ്ട് വഴിയിലേക്കാവും പോവുക. അതിലും നല്ലത് കേരളത്തിനായി നന്നായി കളിക്കുക എന്നതാണ്.
ആലപ്പി റിപ്പിൾസിൻ്റെ തയ്യാറെടുപ്പുകൾ?
നല്ല ടീമാണ്. നല്ല കോമ്പിനേഷനുണ്ട്. ചൈനമാൻ മുതൽ എല്ലാ വേരിയേഷനുകളുമുണ്ട്. യുവാക്കളാണ് അധികവും. അതുകൊണ്ട് അതിൻ്റേതായ ഒരു ആവേശമുണ്ട്. ടീമിൽ കൂടുതലും ഓൾറൗണ്ടർമാരാണ്. രണ്ടോ മൂന്നോ പേർ മാത്രമേ അങ്ങനെ അല്ലാത്തവരുള്ളൂ. തൃശൂരിൽ ടീമിൻ്റെ പരിശീലനവും മറ്റും ആരംഭിച്ചു. നല്ല കോമ്പിനേഷനാണ്. ഇനി ടീമാക്കി ഇറക്കിയാൽ മതി.
ടൂർണമെൻ്റിലെ പ്രകടനം ഐപിഎലിലേക്കൊക്കെ കളിക്കാർക്ക് അവസരം നൽകില്ലേ?
ടൂർണമെൻ്റിൽ പെർഫോം ചെയ്യുന്നവർക്കൊക്കെ അതിൻ്റെ ഗുണം ലഭിക്കും. പക്ഷേ, ഐപിഎൽ ഫ്രാഞ്ചൈസികളുടെ എക്സ് ഫാക്ടർ നോക്കിയിരുന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല. അവര് പറയുന്നതിൽ ന്യായമുണ്ടെങ്കിൽ കുഴപ്പമില്ല. അതില് വേറെ പല കാര്യങ്ങളുമുണ്ട്. സ്പോൺസർഷിപ്പ് അടക്കമുള്ള കാര്യങ്ങളിൽ കളിക്കാർക്ക് പ്രയോജനം ലഭിക്കും. സ്റ്റാർ സ്പോർട്സ് കളി ടെലികാസ്റ്റ് ചെയ്യുന്നതുകൊണ്ട് സ്ക്രീൻ ടൈം കിട്ടും. അതുകൊണ്ട് ഫേസ് വാല്യു ഉണ്ടാവും.
ടീമിൽ ശ്രദ്ധിക്കപ്പെടാനിടയുള്ള ഒരു യുവതാരം?
തൃശൂർ സ്വദേശിയായ ഉജ്ജ്വൽ ഒരു വ്യത്യസ്തനായ പ്ലയറായി തോന്നി. വിക്കറ്റ് കീപ്പറാണ്. നല്ല കഴിവുള്ളൊരാളാണ്. അവൻ ശ്രദ്ധിക്കപ്പെടാനിടയുണ്ട്.