Mohammed Enaan : 9 വിക്കറ്റുമായി മലയാളി താരത്തിൻ്റെ സ്പിൻ മായാജാലം; ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ
Mohammed Enaan Picked Up 9 Wickets : മലയാളി താരം മുഹമ്മദ് ഇനാൻ്റെ തകർപ്പൻ പ്രകടനത്തിൻ്റെ മികവിൽ ഇന്ത്യ അണ്ടർ 19 ടീമിന് ഓസ്ട്രേലിയക്കെതിരെ ജയം. ചെന്നൈയിൽ നടന്ന ആദ്യ യൂത്ത് ടെസ്റ്റിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ഓസ്ട്രേലിയ അണ്ടർ 19നെതിരായ ആദ്യ യൂത്ത് ടെസ്റ്റിൽ ഇന്ത്യക്ക് ആവേശജയം. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യ അണ്ടർ 19 വിജയിച്ചത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയടിച്ച 13 വയസുകാരൻ വൈഭവ് സൂര്യവൻശിയും രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് വീഴ്ത്തിയ മലയാളി താരം മുഹമ്മദ് ഇനാനുമാണ് ഇന്ത്യയുടെ വിജയശില്പികൾ. ആദ്യ ഇന്നിംഗ്സിൽ മൂന്ന് പേരെ പുറത്താക്കിയ ഇനാൻ ആകെ മത്സരത്തിൽ 9 വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
തൃശൂർ സ്വദേശിയായ മുഹമ്മദ് ഇനാൻ ലെഗ് ബ്രേക്ക് ബൗളറാണ്. കേരള അണ്ടർ 19 ടീമിലും അടുത്തിടെ സമാപിച്ച കേരള ക്രിക്കറ്റ് ലീഗിലും കളിച്ച താരത്തിന് ലോവർ ഓർഡർ ബാറ്റ് ചെയ്യാനും കഴിവുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ താരമായിരുന്നു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും തിളങ്ങിയ താരം ഏറെക്കുറെ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ഏകദിന പരമ്പരയിൽ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച മുഹമ്മദ് ഇനാൻ 6 വിക്കറ്റ് നേടി പട്ടികയിൽ ഒന്നാമതായിരുന്നു.
മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ 293 റൺസ് നേടി ഓസ്ട്രേലിയ ഓളൗട്ടായി. 61 റൺസ് നേടിയ എയ്ഡൻ ഒകോണർ ആയിരുന്നു ഒന്നാം ഇന്നിംഗ്സിൽ ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി റൈലി കിംഗ്സെലും (53) ഫിഫ്റ്റിയടിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വൈഭവും വിഹാൻ മൽഹോത്രയും ചേർന്ന് ഗംഭീര തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 133 റൺസ് കൂട്ടിച്ചേർത്തു. 58 പന്തിൽ സെഞ്ചുറിയടിച്ച വൈഭവ് സൂര്യവൻശി 62 പന്തിൽ 104 റൺസ് നേടി പുറത്തായതോടെ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യക്ക് പിന്നീട് വളരെ വേഗം വിക്കറ്റുകൾ നഷ്ടമായി. 76 റൺസ് നേടിയ വിഹാൻ മൽഹോത്രയും ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. ഓസ്ട്രേലിയക്കായി വിശ്വ രാംകുമാർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇന്ത്യ 296 റൻസിന് എല്ലാവരും പുറത്തായി.
രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 214 റൺസിന് ഓളൗട്ടായി. 48 റൺസ് നേടിയ റൈലി കിംഗ്സെൽ ആയിരുന്നു ടോപ്പ് സ്കോറർ. 6 വിക്കറ്റുമായി മുന്നിൽ നിന്ന് നയിച്ച മുഹമ്മദ് ഇനാനാണ് ഓസ്ട്രേലിയയെ തകർത്തെറിഞ്ഞത്. ക്യാപ്റ്റൻ സോഹം പട്‌വർധൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. ഒടുവിൽ 55 റൺസ് നേടി പുറത്താവാതെ നിന്ന നിഖിൽ കുമാറാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നിത്യ പാണ്ഡ്യ 51 റൺസ് നേടി പുറത്തായി.