Kerala Cricket League : നായകന്റെ മികവിൽ ടൈറ്റൻസ്: വിജയവഴിയിൽ തിരികെയെത്തി സെയിലേഴ്സ്
Kerala Cricket league Thrissur Titans Aries Kollam Sailors : കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനും ഏരീസ് കൊല്ലം സെയിലേഴ്സിനും ജയം. രണ്ട് മത്സരങ്ങളും മഴനിയമത്തിൻ്റെ സഹായത്തോടെയാണ് നടന്നത്. ടൈറ്റൻസ് ഏഴ് വിക്കറ്റിന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തോല്പിച്ചപ്പോൾ ട്രിവാൻഡ്രം റോയൽസിനെതിരെ 6 വിക്കറ്റിനാണ് കൊല്ലം സെയിലേഴ്സ് വിജയിച്ചത്.
കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് രണ്ടാം ജയം. ഇന്നലെ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച ടൈറ്റൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. മഴ കളിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് 16 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 130 റൺസ് നേടി. ഒരു ഓവർ ബാക്കിനിൽക്കെ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ടൈറ്റൻസ് വിജയലക്ഷ്യം മറികടന്നു. 38 പന്തിൽ 64 റൺസുമായി പുറത്താവാതെ നിന്ന ക്യാപ്റ്റൻ വരുൺ നായനാരാണ് ടൈറ്റൻസിന് വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് ബാറ്റർമാരെ നിയന്ത്രിച്ച് നിർത്താൻ ടൈറ്റൻസിന് സാധിച്ചു. ഇടക്കിടെയുണ്ടായ മഴയും ബ്ലൂ ടൈഗേഴ്സിൻ്റെ ഇന്നിംഗ്സിനെ ബാധിച്ചു. ആനന്ദ് കൃഷ്ണൻ (26 പന്തിൽ 19), ജോബിൻ ജോബി (7 പന്തിൽ 7), ഷോൺ റോജർ (23 പന്തിൽ 23) എന്നിവരൊക്കെ താളം കണ്ടെത്താൻ വിഷമിച്ചപ്പോൾ അഞ്ചാം നമ്പറിലെത്തിയ നിഖിൽ തോട്ടത്താണ് (23 പന്തിൽ 47) ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്. സിജോമോൻ ജോസഫ് (18 പന്തിൽ 21) നോട്ടൗട്ടാണ്.
മറുപടി ബാറ്റിംഗിൽ ആനന്ദ് സാഗർ (5), അഭിഷേക് പ്രതാപ് (6) എന്നിവരെ വേഗം നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ വരുൺ നായനാരും വിഷ്ണു വിനോദും ചേർന്നൊരുക്കിയ തകർപ്പൻ കൂട്ടുകെട്ട് ടൈറ്റൻസിന് വിജയം സമ്മാനിക്കുകയായിരുന്നു. പതിവിന് വിപരീതമായി വരുൺ കൂടുതൽ ആക്രമിച്ചുകളിച്ചു. വരുണുമൊത്ത് 100 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷം ശേഷം വിഷ്ണു വിനോദ് 33 പന്തിൽ 46 റൺസ് നേടി പുറത്തായി. വരുണിനൊപ്പം 6 പന്തിൽ 13 റൺസ് റൺസ് നേടിയ അക്ഷയ് മനോഹറും നോട്ടൗട്ടാണ്.
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സ് ട്രിവാൻഡ്രം റോയൽസിനെ തോല്പിച്ചു. വിജെഡി നിയമപ്രകാരം 6 വിക്കറ്റിനാണ് കൊല്ലത്തിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത റോയൽസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തപ്പോൾ 11.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തുനിൽക്കെ സെയിലേഴ്സിൻ്റെ ഇന്നിംഗ്സ് മഴകാരണം മുടങ്ങി. ഇതോടെ മഴനിയമപ്രകാരം സെയിലേഴ്സിന് ജയം. 30 പന്തിൽ 51 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കൊല്ലത്തിൻ്റെ വിജയശില്പി.
ആദ്യം ബാറ്റ് ചെയ്ത റോയൽസിനായി ആർക്കും നല്ല പ്രകടനം കാഴ്ചവെക്കാനായില്ല. ഗോവിന്ദ് ഡി പൈ (32 പന്തിൽ 33), വിഷ്ണു രാജ് (27 പന്തിൽ 32) എന്നിവർ താളം കണ്ടെത്താൻ വിഷമിച്ചു. ഇവരെക്കൂടാതെ ആകർഷ് എകെ (17 പന്തിൽ 25) മാത്രമാണ് റോയൽസ് നിരയിൽ ഇരട്ടയക്കം കടന്നത്. കന്നി മത്സരത്തിനിറങ്ങിയ പവൻ രാജ് സെയിലേഴ്സിനായി മികച്ച രീതിയിൽ പന്തെറിഞ്ഞു. 3 വിക്കറ്റ് വീഴ്ത്തിയ ഷറഫുദ്ദീനാണ് സെയിലേഴ്സിൻ്റെ ഏറ്റവും മികച്ച ബൗളർ. പവൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ അഭിഷേക് നായർ (5), അരുൺ പൗലോസ് (20 പന്തിൽ 23), മുഹമ്മദ് ഷാനു (10 പന്തിൽ 13) എന്നിവർക്കൊന്നും താളം കണ്ടെത്താനായില്ല. എന്നാൽ, സച്ചിൻ ബേബിയുടെ തകർപ്പൻ ഇന്നിംഗ്സ് സെയിലേഴ്സിന് മേൽക്കൈ നൽകി. ടീമിനെ വിജയത്തിലെത്തിച്ചിട്ടാണ് 11ആം ഓവറിൽ താരം മടങ്ങിയത്.
ഈ വിജയത്തോടെ പോയിൻ്റ് പട്ടിക കൂടുതൽ സങ്കീർണമായി. ഏരീസ് കൊല്ലം സെയിലേഴ്സ് ഒഴികെ ബാക്കിയെല്ലാ ടീമിനും നാല് പോയിൻ്റ് വീതമാണുള്ളത്. ഇതിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സും ആലപ്പി റിപ്പിൾസും നാല് മത്സരങ്ങൾ വീതമേ കളിച്ചിട്ടുള്ളൂ. ബാക്കിയെല്ലാ ടീമുകൾക്കും അഞ്ച് മത്സരം വീതമായി. അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ച് 8 പോയിൻ്റുള്ള കൊല്ലം സെയിലേഴ്സ് ആണ് പട്ടികയിൽ ഒന്നാമത്.