5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Cricket League : വീണ്ടും വിജയശില്പിയായി അഭിഷേക് നായർ; കൊല്ലം സെയിലേഴ്സിന് തുടർച്ചയായ രണ്ടാം ജയം

Kerala Cricket League Kollam Sailors Won : കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനെതിരെ കൊല്ലം സെയിലേഴ്സിന് ജയം. 8 വിക്കറ്റിന് ടൈറ്റൻസിനെ മറികടന്ന കൊല്ലം ഇതോടെ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. തൃശൂർ ടൈറ്റൻസിൻ്റേത് തുടർച്ചയായ രണ്ടാം പരാജയമാണ്.

Kerala Cricket League : വീണ്ടും വിജയശില്പിയായി അഭിഷേക് നായർ; കൊല്ലം സെയിലേഴ്സിന് തുടർച്ചയായ രണ്ടാം ജയം
കൊല്ലം സെയിലേഴ്സ് (Image Courtesy - KCL Facebook/Social Media)
abdul-basith
Abdul Basith | Updated On: 05 Sep 2024 07:06 AM

കേരള ക്രിക്കറ്റ് ലീഗ് ഏരീസ് കൊല്ലം സെയിലേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ഇന്നലെ ആറാം മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെ നേരിട്ട കൊല്ലം സെയിലേഴ്സ് 8 വിക്കറ്റിൻ്റെ ജയമാണ് സ്വന്തമാക്കിയത്. തൃശൂർ ടൈറ്റൻസിനെ 101 റൺസിനൊതുക്കിയ കൊല്ലം 16 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന അഭിഷേക് നായരാണ് സെയിലേഴ്സിൻ്റെ വിജയശില്പി.

കരുത്തുറ്റ ബൗളിംഗ് നിരയുള്ള കൊല്ലം സെയിലേഴ്സിന് മുന്നിൽ പിടിച്ചുനിൽക്കാൻ തൃശൂർ ടൈറ്റൻസിന് സാധിച്ചില്ല. ആദ്യ മത്സരത്തിൽ ആലപ്പി റിപ്പിൾസിനെതിരെ രക്ഷകനായ അക്ഷയ് മനോഹർ ഒഴികെ ബാക്കിയാർക്കും കൊല്ലത്തിൻ്റെ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കൃത്യമായ തന്ത്രങ്ങളൊരുക്കിയായിരുന്നു കൊല്ലത്തിൻ്റെ ബൗളിംഗ്. അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ ടൈറ്റൻസ് ബാറ്റർമാർ കൊല്ലത്തിൻ്റെ ജോലി എളുപ്പമാക്കി. അക്ഷയ് മനോഹർ ഉൾപ്പെടെ വെറും മൂന്ന് താരങ്ങളാണ് ടൈറ്റൻസ് നിരയിൽ ഇരട്ടയക്കം കടന്നത്. ക്യാപ്റ്റൻ വരുൺ നായനാർ (17), ഇമ്രാൻ അഹ്മദ് (14). അക്ഷയ് മനോഹർ 38 റൺസുമായി നോട്ടൗട്ടാണ്. കൊല്ലത്തിനായി ഷറഫുദ്ദീൻ മൂന്നും എൻപി ബേസിൽ, എസ് മിഥുൻ, ബിജു നാരായണൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Also Read : Kerala Cricket League : റോയൽസിനെ 33 റൺസിന് വീഴ്ത്തി; ജയക്കുതിപ്പ് തുടർന്ന് ആലപ്പി റിപ്പിൾസ്

മറുപടി ബാറ്റിംഗിൽ അരുൺ പൗലോസും അഭിഷേക് നായരും ചേർന്ന് ആദ്യ വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തപ്പോഴേ ടൈറ്റൻസ് തോൽവി സമ്മതിച്ചിരുന്നു. അരുണും (18) ക്യാപ്റ്റൻ സച്ചിൻ ബേബിയും (5) പെട്ടെന്നുള്ള ഇടവേളകളിൽ പുറത്തായെങ്കിലും അഭിഷേക് നായരിൻ്റെ ഇന്നിംഗ്സ് കൊല്ലത്തിന് ജയം സമ്മാനിച്ചു. കഴിഞ്ഞ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെതിരെ 57 പന്തിൽ 61 റൺസ് നേടി പുറത്താവാതെ നിന്ന അഭിഷേക് ഇന്നലെ 56 പന്തിൽ 66 റൺസ് നേടി ക്രീസിൽ തുടർന്നു. കൊല്ലത്തിൻ്റെ രണ്ട് വിക്കറ്റും ഇമ്രാൻ അഹ്മദാണ് സ്വന്തമാക്കിയത്.

ജയത്തോടെ കൊല്ലം സെയിലേഴ്സ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ആലപ്പി റിപ്പിൾസിനും രണ്ട് ജയമുണ്ടെങ്കിലും മികച്ച നെറ്റ് റൺ റേറ്റാണ് കൊല്ലത്തിനെ ഒന്നാമതെത്തിച്ചത്. രണ്ട് രണ്ട് കളിയും തോറ്റ തൃശൂർ ടൈറ്റൻസ് പട്ടികയിൽ അഞ്ചാമതാണ്. ടൈറ്റൻസിനെക്കാൾ മോശം നെറ്റ് റൺ റേറ്റുള്ള കൊച്ചി ബ്ലൂ ടൈഗേഴ്സ് ആണ് പട്ടികയിൽ അവസാനം. ഈ രണ്ട് ടീമുകൾക്ക് മാത്രമാണ് ലീഗിൽ ഇതുവരെ ഒരു വിജയം ഇല്ലാത്തത്.

ഇന്ന് തൃശൂർ ടൈറ്റൻസ് വീണ്ടും കളത്തിലിറങ്ങും. ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന മത്സരത്തിൽ ട്രിവാൻഡ്രം റോയൽസാണ് എതിരാളികൾ. ആദ്യ ജയം തേടി ടൈറ്റൻസ് ഇറങ്ങുമ്പോൾ റോയൽസിൻ്റെ ലക്ഷ്യം രണ്ടാം ജയമാണ്. വൈകിട്ട് 6.45 നുള്ള മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ആലപ്പി റിപ്പിൾസിനെ നേരിടും. തുടരെ മൂന്നാം ജയമാണ് റിപ്പിൾസിൻ്റെ ലക്ഷ്യം. എന്നാൽ, ലീഗിൽ ആദ്യ പോയിൻ്റ് നേടുകയെന്നതാവും ബ്ലൂ ടൈഗേഴ്സ് കണക്കുകൂട്ടുക.