Kerala Cricket League : ലാസ്റ്റ് ബോൾ ത്രില്ലറിൽ കൊല്ലം; ആധികാരികമായി കാലിക്കറ്റ്: വിട്ടുകൊടുക്കാതെ ഒന്നും രണ്ടും സ്ഥാനക്കാർ
KCL Kollam Sailors Calicut Globstars : കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയിലേഴ്സിനും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനും ജയം. ഇതോടെ പോയിൻ്റ് പട്ടികയിൽ ഇരു ടീമുകളും ഒന്നും രണ്ടും സ്ഥാനം ഉറപ്പിച്ചു. കൊല്ലം ഒരു കളി മാത്രം തോറ്റപ്പോൾ കാലിക്കറ്റ് രണ്ട് മത്സരങ്ങളിലാണ് പരാജയപ്പെട്ടത്.
കേരള ക്രിക്കറ്റ് ലീഗിൽ ഒന്നും രണ്ടും സ്ഥാനക്കാർ ജയം തുടരുന്നു. ഇന്നലെ നടന്ന മത്സരങ്ങളിൽ കൊല്ലം സെയിലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സും വിജയിച്ചു. കൊല്ലം ആലപ്പി റിപ്പിൾസിനെ രണ്ട് റൺസിന് വീഴ്ത്തിയപ്പോൾ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് തൃശൂർ ടൈറ്റൻസിനെ 38 റൺസിന് തറപറ്റിച്ചു.
റിപ്പിൾസിനെതിരെ ആദ്യ ബാറ്റ് ചെയ്ത കൊല്ലം നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസാണ് നേടിയത്. 33 പന്തിൽ 56 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബി ആയിരുന്നു അവരുടെ ടോപ്പ് സ്കോറർ. 24 പന്തിൽ 40 റൺസ് നേടി പുറത്താവാതെ നിന്ന രാഹുൽ ശർമയും തിളങ്ങി. അഭിഷേക് നായർ (27 പന്തിൽ 26), അരുൺ പൗലോസ് (19 പന്തിൽ 17) എന്നിവരിലൂടെ ആദ്യ വിക്കറ്റിൽ കൊല്ലം 49 റൺസ് കൂട്ടിച്ചേർത്തെങ്കിലും മെല്ലെപ്പോക്ക് കാരണം സ്കോർ സാവധാനത്തിലാണ് നീങ്ങിയത്. പിന്നീട് സച്ചിൻ ബേബിയും രാഹുൽ ശർമയും ചേർന്നാണ് കൊല്ലത്തിനെ മാന്യമായ സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിംഗിൽ സ്ഥിതി നേരെ വിപരീതമായിരുന്നു. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും (38 പന്തിൽ 56) കൃഷ്ണപ്രസാദും (26 പന്തിൽ 28) ചേർന്ന് റിപ്പിൾസിന് തകർപ്പൻ തുടക്കം നൽകി. 8 ഓവറിൽ 68 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. മൂന്നാം നമ്പറിൽ വിനൂപ് മനോഹരനും (27 പന്തിൽ 36) ആക്രമിച്ച് കളിച്ചതോടെ റിപ്പിൾസ് അനായാസ ജയത്തിലേക്ക് നീങ്ങി. വിനൂപുമൊത്ത് രണ്ടാം വിക്കറ്റിൽ 53 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷം അസ്ഹറുദ്ദീൻ മടങ്ങിയതോടെ റിപ്പിൾസ് ചീട്ടുകൊട്ടാരം പോലെ തകർന്നു. അഞ്ച് താരങ്ങളാണ് പിന്നെ ഒറ്റയക്കത്തിന് പുറത്തായത്. 8 പന്തിൽ 15 റൺസ് നേടി പുറത്താവാതെ നിന്ന ഫൈസ് ഫാനൂസ് പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. റിപ്പിൾസിൻ്റെ ഇന്നിംഗ്സ് 8 വിക്കറ്റ് നഷ്ടത്തിൽ 161 റൺസിന് അവസാനിച്ചു. കൊല്ലത്തിന് രണ്ട് റൺസ് വിജയം. കൊല്ലത്തിനായി ബിജു നാരായണൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
രണ്ടാം മത്സരത്തിൽ മഴ നിയമപ്രകാരമായിരുന്നു ഗ്ലോബ്സ്റ്റാഴ്സിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഗ്ലോബ്സ്റ്റാഴ്സ് മഴ മൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 155 റൺസെടുത്തു. അഖിൽ സ്കറിയ (43 പന്തിൽ 54) ഗ്ലോബ്സ്റ്റാഴ്സിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ സൽമാൻ നിസാർ (27 പന്തിൽ 53 നോട്ടൗട്ട്) ഒരിക്കൽ കൂടി ടീമിൻ്റെ രക്ഷകനായി. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ആവട്ടെ (19 പന്തിൽ 23) ലഭിച്ച തുടക്കം വീണ്ടും കളഞ്ഞുകുളിച്ചു.
Also Read : Kerala Cricket League : നായകന്റെ മികവിൽ ടൈറ്റൻസ്: വിജയവഴിയിൽ തിരികെയെത്തി സെയിലേഴ്സ്
മറുപടി ബാറ്റിംഗിൽ 21 റൺസെടുക്കുന്നതിനിടെ ക്യാപ്റ്റൻ വരുൺ നായനാരെയും വിഷ്ണു വിനോദിനെയും അടക്കം നഷ്ടമായ ടൈറ്റൻസിന് തിരികെവരാനായില്ല. നാലാം നമ്പറിലിറങ്ങിയ അഹമ്മദ് ഇമ്രാനും (31 പന്തിൽ 35) എട്ടാം നമ്പറിലിറങ്ങിയ ഏദൻ ആപ്പിൾ ടോമും (17 പന്തിൽ 33) മാത്രമാണ് ടൈറ്റൻസിനായി പൊരുതിയത്. ടൈറ്റൻസ് നിരയിൽ ആറ് താരങ്ങൾ ഒറ്റയക്കത്തിന് പുറത്തായി. അക്ഷയ് മനോഹർ (17), വിഷ്ണു വിനോദ് (13) എന്നിവർക്ക് ലഭിച്ച തുടക്കം മുതലെടുക്കാനായതുമില്ല. നിഖിൽ എമ്മും പള്ളം അൻഫലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയതോടെ 18.2 ഓവറിൽ ടൈറ്റൻസ് ഓൾ ഔട്ട്.
ഇന്നലത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ ഏരീസ് കൊല്ലം സെയിലേഴ്സ് പോയിൻ്റ് പട്ടികയിൽ ഒന്നാമതും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് രണ്ടാമതുമാണ്. കൊല്ലത്തിന് 6 കളികളിൽ നിന്ന് 5 ജയം സഹിതം 10 പോയിൻ്റും ഗ്ലോബ്സ്റ്റാഴ്സിന് ഇത്ര തന്നെ കളികളിൽ നിന്ന് 4 ജയം സഹിതം 8 പോയിൻ്റുമുണ്ട്. തൃശൂർ ടൈറ്റൻസും ആലപ്പി റിപ്പിൾസുമാണ് അഞ്ചും ആറും സ്ഥാനങ്ങളിൽ. ഇരു ടീമുകൾക്കും 6 കളികളിൽ നിന്ന് 4 പോയിൻ്റാണുള്ളത്.