Kerala Cricket League : യുവനായകൻ, വെടിക്കെട്ട് ടീമംഗങ്ങൾ; ക്രിക്കറ്റ് പൂരമൊരുക്കാൻ തൃശൂർ ടൈറ്റൻസ്
Kerala Cricket League Thrissur Titans : കേരള ക്രിക്കറ്റ് ലീഗിൽ വിഷ്ണു വിനോദ് ഐക്കൺ താരമായും വരുൺ നായനാർ ക്യാപ്റ്റനായും ഒരുങ്ങുന്ന ടീമാണ് തൃശൂർ ടൈറ്റൻസ്. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ടീമിനെ രഞ്ജി മുൻ ക്യാപ്റ്റൻ സുനിൽ ഓയാസിസ് പരിശീലിപ്പിക്കും.
കേരള ക്രിക്കറ്റ് ലീഗിൽ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ നയിക്കുന്ന ടീമാണ് തൃശൂർ ടൈറ്റൻസ്. ഐക്കൺ താരമായി മുംബൈ ഇന്ത്യൻസിൻ്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പർ വിഷ്ണു വിനോദ് ഉണ്ടെങ്കിലും ടീമിനെ നയിക്കുന്നത് ഇന്ത്യൻ അണ്ടർ 19 ടീമിലടക്കം കളിച്ച 21 വയസുകാരൻ വരുൺ നായനാരാണ്. വരുണും വിക്കറ്റ് കീപ്പറാണ്.
താരലേലത്തിൽ 7.2 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ച വരുൺ നായനാരിലൂടെ ദീർഘകാല നിക്ഷേപമാണ് ടൈറ്റൻസിൻ്റെ ലക്ഷ്യം. ബാക്കിയുള്ള ഫ്രാഞ്ചൈസികൾ ഐക്കൺ താരങ്ങളിൽ തന്നെ നായകനെ കണ്ടെത്തിയപ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ യുവതാരത്തിന് ക്യാപ്റ്റൻസി നൽകുക എന്ന തന്ത്രമാണ് ടൈറ്റൻസ് സ്വീകരിച്ചത്. ഏറെക്കാലമായി ആഭ്യന്തര മത്സരങ്ങളിൽ കേരളത്തിനായി നിറഞ്ഞുകളിക്കുന്ന വരുൺ കേരളത്തിൽ നിന്നുള്ള അടുത്ത വമ്പൻ താരമെന്ന പ്രതീക്ഷ നൽകുന്ന ക്രിക്കറ്ററാണ്. ഇത് മുന്നിൽ കണ്ടാണ് ഫ്രാഞ്ചൈസിയുടെ നീക്കം.
വരുണിനൊപ്പം വിഷ്ണു വിനോദ് കൂടി ചേരുന്നതോടെ ടീമിൻ്റെ ടോപ്പ് ഓർഡർ അതിശക്തമാകും. കേരള ടീമിൽ സ്ഥിര സാന്നിധ്യമായ ഓഫ് ബ്രേക്ക് ബൗളർ വൈശാഖ് ചന്ദ്രൻ, പേസർ നിധീഷ് എംഡി, 19 വയസുകാരൻ പേസ് ബൗളിംഗ് ഓൾറൗണ്ടർ ഈദൻ ആപ്പിൾ ടോം തുടങ്ങി ശ്രദ്ധേയരായ താരങ്ങൾ ടീമിലുണ്ട്. ഇവർക്കൊപ്പം യുവതാരങ്ങളായ ഇമ്രാൻ അഹ്മദ്, ഗോകുൽ ഗോപിനാഥ്, എസ് അനന്ദ് സാഗർ തുടങ്ങിയവരും ടീമിലെ പ്രധാന താരങ്ങളാണ്. അർജുൻ വേണുഗോപാൽ, ജിഷ്ണു എ, അക്ഷയ് മനോഹർ, അഭിഷേക് പ്രതാപ്, നിരഞ്ജൻ വി ദേവ്, എന്നിവരാണ് ടീമിലെ മറ്റ് ഓൾറൗണ്ടർമാർ. മുഹമ്മദ് ഇസ്ഹാഖ് പി, ആദിത്യ വിനോദ്, മോനു കൃഷ്ണ തുടങ്ങിയവരാണ് ബൗളർമാർ. ബാറ്ററായി അനസ് നസീറും ടീമിലുണ്ട്.
സെപ്തംബർ രണ്ടിന് ആലപ്പി റിപ്പിൾസിനെതിരെയാണ് ടൈറ്റൻസിൻ്റെ ആദ്യ മത്സരം. നാലിന് ഏരീസ് കൊല്ലം സെയിലേഴ്സും അഞ്ചിന് ട്രിവാൻഡ്രം റോയൽസും എതിരാളികളാവും. ഏഴിന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെതിരെയും എട്ടിന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെയും ടീം കളത്തിലിറങ്ങും. 10, 11 തീയതികളിൽ യഥാക്രമം കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സും ട്രിവാൻഡ്രം റോയൽസുമാണ് എതിരാളികൾ. 13ന് ആലപ്പി റിപ്പിൾസിനും 14ന് കൊച്ചി ബ്ലൂ ടൈഗേഴ്സിനുമെതിരെ കളിക്കുന്ന ടീമിൻ്റെ അവസാന മത്സരം 16ന് ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെയാണ്.
കേരള മുൻ രഞ്ജി ടീം ക്യാപ്റ്റൻ സുനിൽ ഒയാസിസ് ആണ് മുഖ്യ പരിശീലകൻ. കെവിൻ ഓസ്‌കാർ, വിനൻ ജി നായർ, സിപി ഷാഹിദ് തുടങ്ങിയവർ കൂടി അടങ്ങുന്നതാണ് പരിശീലക സംഘം. ഫിനെസ് ഗ്രൂപ്പ് ഡയറക്ടറും ക്രിക്കറ്ററുമായ സജ്ജാദ് സേഠ് ആണ് ഫ്രാഞ്ചൈസി ഉടമ. ഫിനെസ് ഗ്രൂപ്പ് തന്നെ മുഖ്യ സ്പോൺസർമാരാവുന്ന ഫ്രാഞ്ചൈസിയിൽ നാവിയോ, ലൈഫ്സ്പേസ്, ജിയോറൂഫ്, എക്സോട്ടിക്ക, കെ കെയർ, വിജയ് മറീൻ ഷിപ്പ്‌യാർഡ് തുടങ്ങിയ കമ്പനികൾ അസോസിയേറ്റ് സ്പോൺസർമാരാവും.
Also Read : Kerala Cricket League : കളിക്കാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ് റെഡിയാണ്; നയിക്കാൻ ബേസിൽ തമ്പിയും
സെപ്തംബർ രണ്ട് മുതൽ 18 വരെയാണ് ലീഗ് നടക്കുക. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
ഓഗസ്റ്റ് 10നാണ് ക്രിക്കറ്റ് ലീഗ് താരലേലം അവസാനിച്ചത്. താരലേലത്തിൽ ഓൾറൗണ്ടർ എംഎസ് അഖിലിനാണ് ഏറ്റവുമധികം തുക ലഭിച്ചത്. താരത്തെ 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കി. അഖിൽ ഉൾപ്പെടെ നാല് താരങ്ങൾക്കാണ് ഏഴ് ലക്ഷത്തിലധികം രൂപ ലഭിച്ചത്. വിക്കറ്റ് കീപ്പർ വരുൺ നായനാറിനെ 7.2 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസ് ടീമിലെത്തിച്ചപ്പോൾ ഓൾറൗണ്ടർ ഉണ്ണികൃഷ്ണൻ മനു കൃഷ്ണനെ കൊച്ചി ബ്ലൂ ടൈഗേഴ്സും ബാറ്റർ സൽമാൻ നിസാറിനെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും 7 ലക്ഷം രൂപ വീതം മുടക്കി ടീമിലെത്തിച്ചു. 50000 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന എം നിഖിലാണ് സർപ്രൈസ് താരം. നിഖിലിനെ 4.6 ലക്ഷം രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കി. ഇന്ത്യൻ താരം സഞ്ജു സാംസൺ ലീഗിൽ കളിക്കില്ല.