5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Cricket League : റോയൽസിനെ 33 റൺസിന് വീഴ്ത്തി; ജയക്കുതിപ്പ് തുടർന്ന് ആലപ്പി റിപ്പിൾസ്

Kerala Cricket League Alleppey Ripples : കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെ വീഴ്ത്തി ആലപ്പി റിപ്പിൾസ്. റോയൽസിന് 33 റൺസിന് മറികടന്ന റിപ്പിൾസ് ഇതോടെ ലീഗിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.

Kerala Cricket League : റോയൽസിനെ 33 റൺസിന് വീഴ്ത്തി; ജയക്കുതിപ്പ് തുടർന്ന് ആലപ്പി റിപ്പിൾസ്
ആലപ്പി റിപ്പിൾസ് (Image Courtesy - KCL Facebook)
abdul-basith
Abdul Basith | Published: 04 Sep 2024 07:29 AM

കേരള ക്രിക്കറ്റ് ലീഗിൽ ജയക്കുതിപ്പ് തുടർന്ന് ആലപ്പി റിപ്പിൾസ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെ 33 റൺസിന് വീഴ്ത്തിയ റിപ്പിൾസ് ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് റിപ്പിൾസിന് രണ്ടാം ജയം സമ്മാനിച്ചത്. റിപ്പിൾസിനായി ഫാനൂസ് ഫൈസും അനന്ദ് ജോസഫും 4 വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത റിപ്പിൾസ് മുന്നോട്ടുവച്ച 146 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ട്രിവാൻഡ്രം റോയൽസ് 112 റൺസ് എടുക്കുന്നതിനിടെ ഓൾ ഔട്ടാവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസിന് തകർപ്പൻ തുടക്കം ലഭിച്ചു. ഓപ്പണർമാരായ കൃഷ്ണപ്രസാദും ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് പവർപ്ലേയിൽ അനായാസം സ്കോർ ചെയ്തു. ആദ്യ വിക്കറ്റിൽ, പവർപ്ലേയിൽ 51 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. പവർപ്ലേ അവസാനിച്ച് തൊട്ടടുത്ത പന്തിൽ ആദ്യ വിക്കറ്റ് വീണു. 19 പന്തിൽ 28 റൺസ് നേടി മിന്നും ഫോമിലായിരുന്ന അസ്ഹറുദ്ദീനെ വിനിൽ ടിഎസ് മടക്കി അയച്ചു. പിന്നാലെ റിപ്പിൾസിന് തുടരെ വിക്കറ്റുകൾ നഷ്ടമായി.

Also Read : Paralympics 2024: ഹൈജമ്പിൽ വെള്ളിയും വെങ്കലവും, 400 മീറ്ററിൽ വെങ്കലം; എക്കാലത്തെയും മികച്ച പ്രകടനവുമായി ഇന്ത്യ

കൃഷ്ണപ്രസാദ് (23), അക്ഷയ് ശിവ് (1) എന്നിവർ വേഗം മടങ്ങിയപ്പോൾ മൂന്നാം നമ്പരിലിറങ്ങിയ വിനൂപ് മനോഹരൻ (20) സ്കോർ ഉയർത്താൻ ശ്രമിച്ചു. പിന്നാലെ നീൽ സണ്ണി (21), അക്ഷയ് ടികെ (17), അക്ഷയ് ചന്ദ്രൻ (12) എന്നിവരുടെ സംഭാവനകൾ കൂടിയായപ്പോൾ റിപ്പിൾസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന ഭേദപ്പെട്ട സ്കോർ കുറിച്ചു.

മറുപടി ബാറ്റിംഗിൽ റോയൽസിന് മോശം തുടക്കമാണ് ലഭിച്ചത്. ഫാസിൽ ഫാനൂസും അനന്ദ് ജോസഫും റോയൽസ് ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ആദ്യ ഓവറിലെ ആദ്യ പന്തിൽ വിഷ്ണു രാജിനെയും നാലാം പന്തിൽ രോഹൻ പ്രേമിനെയും വീഴ്ത്തി ഫാനൂസ് റിപ്പിൾസിന് മേൽക്കൈ നൽകിയപ്പോൾ തൻ്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ജോഫിൻ ജോസിനെ വീഴ്ത്തി അനന്ദ് ജോസഫും വിക്കറ്റ് വേട്ടയും പങ്ക് ചേർന്നു. അമീർ ഷായും (4) ഗോവിന്ദ് ഡി പൈയും (13) അനന്ദ് ജോസഫിൻ്റെ ഇരയായി മടങ്ങിയതോടെ ആദ്യ പവർപ്ലേയിൽ റോയൽസ് 5 വിക്കറ്റ് നഷ്ടത്തിൽ 19 റൺസ്.

ആറാം വിക്കറ്റിൽ ക്രീസിലൊത്തുചേർന്ന അഖിൽ എംഎസും ക്യാപ്റ്റൻ അബ്ദുൽ ബാസിത്തും ചേർന്നാണ് റോയൽസിനെ കരകയറ്റിയത്. ബാസിത്തായിരുന്നു കൂടുതൽ അപകടകാരി. കൂറ്റനടിക്കാരനായ ബാസിത്ത് ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തിയപ്പോൾ അഖിൽ ഉറച്ച പിന്തുണ നൽകി. തോൽവിയുറപ്പിച്ച ഇടത്തുനിന്ന് റോയൽസിന് ജയസാധ്യത നൽകാൻ ഈ സഖ്യത്തിനായി. ഒടുവിൽ 31 പന്തിൽ 45 റൺസ് നേടിയ ബാസിത്തിനെ കിരൺ സാഗർ മടക്കി അയച്ചതോടെ റോയൽസ് പരാജയം ഉറപ്പിച്ചു. ആറാം വിക്കറ്റിൽ 70 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ബാസിത്ത് മടങ്ങിയത്.

Also Read : Kerala Blasters : ക്ലബിനെ അപമാനിക്കാൻ ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ; വിമർശനങ്ങളോട് എണ്ണിയെണ്ണി പ്രതികരിച്ച് ബ്ലാസ്റ്റേഴ്സ് ഡയറക്ടർ

വാലറ്റത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനായില്ല. 38 റൺസ് നേടിയ അഖിൽ എംഎസിനെ ഉൾപ്പെടെ വീഴ്ത്തി ഫാനൂസ് റോയൽസ് വാലറ്റത്തെ ചുരുട്ടിക്കെട്ടി. ഇതോടെ റിപ്പിൾസിന് രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം നേടാനായി. ആധികാരിക ജയങ്ങളായതുകൊണ്ട് തന്നെ റിപ്പിൾസിൻ്റെ നെറ്റ് റൺ റേറ്റും മികച്ചതാണ്. ഒപ്പം, ടൂർണമെൻ്റിലെ റൺ വേട്ടക്കാരിൽ റിപ്പിൾസ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഏറ്റവും ഒന്നാമത്.

ഇന്ന് ആദ്യ ജയം തേടി കൊച്ചി ബ്ലൂ ടൈഗേഴ്സ് ഇറങ്ങും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് ആണ് എതിരാളികൾ. ഗ്ലോബ്സ്റ്റാഴ്സും ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുക. രാത്രി 6.45ന് ഏരീസ് കൊല്ലം സെയിലേഴ്സ് തൃശൂർ ടൈറ്റൻസിനെ നേരിടും. ഏരീസ് കൊല്ലം സെയിലേഴ്സ് ആദ്യ കളി ജയിച്ചപ്പോൾ ടൈറ്റൻസ് ആദ്യ കളി തോറ്റു. ഇന്ന് കൂടി വിജയിക്കാനായാൽ കൊല്ലം രണ്ടാം സ്ഥാനം ഉറപ്പിക്കും.