5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Cricket League: കാര്യവട്ടത്ത് അസ്ഹറൂദ്ദീൻ്റെ ആറാട്ട്; കേരള ക്രിക്കറ്റ് ലീഗിൻ്റെ ആദ്യ ജയം റിപ്പിൾസിന്

Kerala Cricket League: 47 പന്തിൽ നിന്ന് 92 റൺസെടുത്താണ് അസ്ഹറുദ്ദീൻ ലീഗിൻ്റെ പ്രഥമ മത്സരത്തിൽ വെടിക്കെട്ട് ഒരുക്കിയത്. മികച്ച പ്രകടനം പുറത്തെടുത്ത അസ്ഹറൂദ്ദീൻ തന്നെയാണ് കളിയിലെ താരം.

Kerala Cricket League: കാര്യവട്ടത്ത് അസ്ഹറൂദ്ദീൻ്റെ ആറാട്ട്; കേരള ക്രിക്കറ്റ് ലീഗിൻ്റെ ആദ്യ ജയം റിപ്പിൾസിന്
Image Credits KCA
athira-ajithkumar
Athira CA | Published: 02 Sep 2024 19:51 PM

തിരുവനന്തപുരം: കേരളത്തിൻ്റെ സ്വന്തം കുട്ടി ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റിൻ്റെ പ്രഥമ സീസണിലെ ആദ്യ മത്സരത്തിൽ ജയം കിഴക്കിന്റെ വെനീസിൽ നിന്നുള്ള ആലപ്പി റിപ്പിൾസിന്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനാണ് ആലപ്പി റിപ്പിള്‍സ് തോൽപ്പിച്ചത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ നായകൻ മുഹമ്മദ് അസ്ഹറൂദ്ദീൻ്റെ വെടിക്കെട്ട് ബാറ്റിം​ഗിൽ റിപ്പിൾസ് മറികടന്നു. സ്കോർ ആലപ്പി റിപ്പിൾസ്: 18.3 ഓവറിൽ 163/5 തൃശൂർ ടെെറ്റൻസ് 20 ഓവറിൽ 161/8.

47 പന്തിൽ നിന്ന് 92 റൺസെടുത്താണ് അസ്ഹറുദ്ദീൻ ലീഗിൻ്റെ പ്രഥമ മത്സരത്തിൽ വെടിക്കെട്ട് ഒരുക്കിയത്. ഒമ്പത് സിക്‌സും മൂന്ന് ഫോറുമാണ് ഉൾപ്പെടുന്നതായിരുന്നു റിപ്പിൾസ് നായകൻ്റെ പ്രകടനം. മികച്ച പ്രകടനം പുറത്തെടുത്ത അസ്ഹറൂദ്ദീൻ തന്നെയാണ് കളിയിലെ താരം. മൂന്നാം വിക്കറ്റില്‍ വിനൂപ് മനോഹരൻ- മുഹമ്മദ് അസ്ഹറുദ്ദീൻ സഖ്യം 84 റണ്‍സാണ് ഇന്നിം​ഗ്സിലേക്ക് ചേർത്തത്.

കൃഷ്ണ പ്രസാദ്(1), അക്ഷയ് ശിവ് (3), വിനൂപ്‌ മനോഹരൻ (30), ആൽഫി ഫ്രാൻസിസ്(12) എന്നിവരാണ് റിപ്പിൾസ് നിരയിൽ കൂടാരം കയറിയ താരങ്ങൾ. അക്ഷയ് ടി.കെ (18*), നീൽ സണ്ണി(1) എന്നിവർ പുറത്താകാതെ നിന്നു. നാല് ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ആനന്ദ് ജോസഫാണ് ടെെറ്റൻസിന്റെ നട്ടെല്ലൊടിച്ചത്. ഫസിൽ ഫനൂസ് രണ്ട് വിക്കറ്റും ആൽഫി ഫ്രാൻസിസ്, അക്ഷയ് ചന്ദ്രൻ, വിഘ്നേഷ് പുതൂർ എന്നിവർ ഒരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗനിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെടുത്തത്. അർദ്ധ സെഞ്ച്വറി നേടിയ അക്ഷയ് മനോഹറിന്റെ ഇന്നിം​ഗ്സാണ് ടെെറ്റൻസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 44 പന്തുകള്‍ നേരിട്ട അക്ഷയ് അഞ്ച് സിക്‌സും ഒരു ഫോറുമടക്കം 57 റണ്‍സാണ് സ്വന്തമാക്കിയത്.

വിഷ്ണു വിനോദ് (22), അഹമ്മദ് ഇമ്രാന്‍ (23), അര്‍ജുന്‍ വേണുഗോപാല്‍ (20) എന്നിവരും ടെെറ്റൻസിനായി തിളങ്ങി. എം.ഡി നിധീഷ് രണ്ട് വിക്കറ്റുകളുമായി റിപ്പിൾസ് നിരയിൽ തിളങ്ങി. അർജുൻ വേണു​ഗോപാൽ, ആദിത്യ വിനോദ്, പത്തിരിക്കാട്ട് മിഥുൻ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരം ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടെെ​ഗേഴ്സും തമ്മിലാണ്. ടോസ് നേടിയ ട്രിവാൻഡ്രം റോയൽസ് ഫീൽഡിം​ഗ് തിരഞ്ഞെടുത്തു.