ISL 2024: ഐഎസ്എല്ലിൽ തെന്നിന്ത്യൻ ഭേരി! കേരളാ ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു പോരാട്ടം എവിടെ കാണാം..?
Kerala Blasters vs Bengaluru FC: 10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു എഫ്സി. 10 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി 10-ാമതാണ് ബ്ലാസ്റ്റേഴ്സ്.
ബെംഗളൂരു: കൊച്ചിയിൽ നിന്ന് നിറഞ്ഞ കണ്ണോടെയാണ് മടങ്ങിയത്. ബെംഗളൂരുവിൽ നിന്ന് സന്തോഷത്തെ വേണം തിരികെ കൊച്ചിയിലെത്താൻ! കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇത് മാത്രമാണ് പറയാനുള്ളത്. ഇന്നാണ് ഐഎസ്എല്ലിലെ സതേൺ ഡെർബി! ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് പന്തുതട്ടാനിറങ്ങും. കൊച്ചിയിൽ മികച്ച പ്രകടനം കാഴ്ച ബെംഗളൂരുവിനോട് തോറ്റു. ആ തോൽവി മറക്കാനായി എല്ലാം മറന്ന് ഞങ്ങൾക്കായി പോരാടണം, മികച്ച വിജയം സ്വന്തമാക്കി ഹോം ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തണമെന്നാണ് ബെംഗളൂരു എയർപോർട്ടിൽ വന്നിറങ്ങിയ ബ്ലാസ്റ്റേഴ്സിനോട് ആരാധകർ ആവശ്യപ്പെട്ടത്. ഐഎസ്എല്ലിലെ 200-ാം മത്സരത്തിനാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്.
ബ്ലാസ്റ്റേഴ്സ് VS ബെംഗൂരു
ടീമിന് പിന്തുണ നൽകാനായി എവേ ഗ്രൗണ്ടിലേക്കും ഹോം ഗ്രൗണ്ടിലേക്കും ഒഴുകിയെത്തുന്ന ആരാധകക്കൂട്ടത്തിനായി ബെംഗളൂരുവിൽ ലൂണയും സംഘവും എല്ലാം മറന്ന് പോരാടുമെന്ന് ഉറപ്പാണ്. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇതുവരെയും കൊമ്പന്മാർക്ക് ജയിക്കാനായിട്ടില്ല. 6 തവണയാണ് ഇരുടീമുകളും കണ്ഠീരവയിൽ നേർക്കുനേർ വന്നത്. ആറിലും ജയം ബെംഗളൂരുവിനൊപ്പമായിരുന്നു. 18തവണ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ 10-ലും ജയം ബെംഗളൂരുവിനൊപ്പമായിരുന്നു. ബ്ലാസ്റ്റേഴ്സ് 4 വിജയങ്ങൾ സ്വന്തമാക്കിയപ്പോൾ 4 എണ്ണം സമനിലയിൽ പിരിഞ്ഞു.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ഇതുവരെയും വിജയവഴിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ആനയും ഉറുമ്പും പോലെയാണ് ഇരുടീമുകളുടെയും പോയിന്റ് പട്ടികയിലെ സ്ഥാനം. 10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു എഫ്സി. 10 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി 10-ാമതാണ് ബ്ലാസ്റ്റേഴ്സ്. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിനെക്കാൾ മുന്നിൽ നിൽക്കുന്നത് ബ്ലാസ്റ്റേഴ്സ് തന്നെയാണെങ്കിലും ഭാഗ്യം കൂടെ തുണയ്ക്കണം. ലീഗിന്റെ തുടക്കത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെയായിരുന്നു ബെംഗളൂരുവിന്റെ മുന്നേറ്റം. എന്നാൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിൽ ഈ ക്ലിൻ ചിറ്റ് റെക്കോർഡുമാറി.
ഈ സീസണിൽ ബെംഗളൂരുവിനെതിരെ ആദ്യമായി ഗോൾ നേടിയത് കേരളാ ബ്ലാസ്റ്റേഴ്സ് താരം ഹെസ്യൂസ് ഹിമിനെസാണ്. തുടർന്നുള്ള മത്സരങ്ങളിൽ ഗോൾ വഴങ്ങുന്നത് ബെംഗളൂരുവിന് ശീലമായെന്ന് തന്നെ പറയാം. കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് ബെംഗളൂരു എഫ്സി വഴങ്ങിയത് 10 ഗോളുകളാണ്. ഒഡീഷക്കെതിരെ നാല് ഗോളുകളും ഗോവയ്ക്കെതിരെ മൂന്ന് ഗോളുകളുമാണ് ബെംഗളൂരു വഴങ്ങിയത്. ബെംഗളൂരുവിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുക്കാൻ നോവ സദോയി- അഡ്രിയാൻ ലൂണ – ഹെസ്യൂസ് ഹിമിനെസ് സഖ്യത്തിന് സാധിച്ചാൽ ബെംഗളൂരുവിനെ ബ്ലാസ്റ്റേഴ്സ് തോൽപ്പിതക്കുമെന്ന് ഉറപ്പാണ്. ഗോൾ കീപ്പർമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പിഴവാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സി മത്സരം എങ്ങനെ എപ്പോൾ എവിടെ കാണാം?
വൈകിട്ട് 7.30ന് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംപ്രേഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതുടൊണ്ട് തന്നെ ടെലിവിഷനിൽ സ്റ്റാർ സ്പോർട്സിലും ഏഷ്യനെറ്റ് പ്ലസിലും (മലയാളം) മത്സരം തത്സമയം ആരാധകർക്ക് കാണാൻ സാധിക്കുന്നതാണ്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും ജിയോ സിനിമയിലും കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ്സി പോരാട്ടം കാണാം.
കേരളാ ബ്ലാസ്റ്റേഴ്സ് സാധ്യത ടീംസച്ചിൻ സുരേഷ്, റൂയിവ ഹോർമിപാം, പ്രീതം കോട്ടാൽ, അലക്സാന്ദ്രെ കോയഫ്, നോച്ച സിംഗ്, വിബിൻ മോഹനൻ, ഫ്രെഡ്ഡി ലാലമ്മാവ, കോറു സിംഗ്, അഡ്രിയാൻ ലൂണ, നോഹ സദൂയി, ഹെസ്യൂസ് ഹിമിനെസ്.