Kerala Blasters : താരങ്ങൾ മാത്രമല്ല, സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസും ബ്ലാസ്റ്റേഴ്സ് വിടുമെന്ന് അഭ്യൂഹങ്ങൾ
Kerala Blasters To Part Ways With Karolis Skinkys: സ്പോർട്ടിങ് ഡയറക്ടറായ കരോളിസ് സ്കിൻകിസ് കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന് അഭ്യൂഹങ്ങൾ. ഈ സീസണൊടുവിൽ സ്കിൻകിസ് ക്ലബ് വിടുമെന്നാണ് സൂചന. ഇതിനകം നിരവധി താരങ്ങൾ ക്ലബ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് കൊഴിഞ്ഞുപോക്ക് അവസാനിക്കുന്നില്ല. ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസും ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ. മലയാളി താരം രാഹുൽ കെപി ഒഡീഷ എഫ്സിയിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. രാഹുലിനൊപ്പം അലക്സാണ്ട്ര കൊയേഫ്, അമാവിയ, ബ്രെെസ് മിറാൻഡ, സൗരവ് മണ്ഡൽ തുടങ്ങിയവരും ക്ലബ് വിടുമെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പമാണ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസും ഈ സീസണൊടുവിൽ ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ.
2020ലാണ് കരോളിസ് സ്കിൻകിസ് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടറായി സ്ഥാനമേൽക്കുന്നത്. തുടരെ മൂന്ന് സീസണുകളിൽ പ്ലേ ഓഫ് യോഗ്യത ലഭിക്കാതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്സ് സ്കിൻകിസിനെ സ്പോർട്ടിങ് ഡയറക്ടറായി നിയമിക്കുന്നത്. ക്ലബിൻ്റെ ചരിത്രത്തിലെ ആദ്യ സ്പോർട്ടിങ് ഡയറക്ടറായിരുന്നു സ്കിൻകിസ്. കിബു വികൂനയെ പരിശീലകനായി നിയമിച്ച കരോളിസ് ടീമിൻ്റെ സപ്പോർട്ട് സ്റ്റാഫിലും മാറ്റങ്ങളുണ്ടാക്കി. ടാക്ടിക്കൽ അനലിസ്റ്റ്, ക്ലബ് ചരിത്രത്തിലാദ്യമായി ഫിറ്റ്നസ് പരിശീലകൻ എന്നിവരെയൊക്കെ അദ്ദേഹം നിയമിച്ചു. കുറഞ്ഞ ബജറ്റിൽ മികച്ച വിദേശതാരങ്ങളെ ടീമിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
Also Read : Kerala Blasters : ഇനി ആരാധകർക്കും ക്ലബ് കാര്യങ്ങളിൽ ഇടപെടാം; ഫാൻ അഡ്വൈസറി ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപനം
ആദ്യ സീസൺ മോശമായിരുന്നെങ്കിലും രണ്ടാം സീസൺ മുതൽ കാര്യങ്ങൾക്ക് മാറ്റം വന്നു. ഈ സീസണിലാണ് ക്ലബിൻ്റെ ഏറ്റവും മികച്ച പരിശീലകനായ ഇവാൻ വുകുമാനോവിച് ടീമിലെത്തുന്നത്. സീസണിൽ ഫൈനൽ കളിച്ച ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. സീസണിൽ 10 മത്സരങ്ങളിൽ പരാജയമറിയാത്ത കുതിപ്പ്, ലീഗ് ചരിത്രത്തിലാദ്യമായി പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം, ഏറ്റവുമധികം ഗോളുകൾ, ഏറ്റവും കൂടുതൽ പോയിൻ്റ്, ഏറ്റവുമധികം വിജയങ്ങൾ, ഏറ്റവും കുറഞ്ഞ പരാജയങ്ങൾ എന്നിങ്ങനെ വിവിധ റെക്കോർഡുകളാണ് സീസണിൽ ബ്ലാസ്റ്റേഴ്സ് കുറിച്ചത്. തുടർന്ന് കഴിഞ്ഞ സീസൺ വരെ പ്ലേഓഫിൽ സ്ഥാനം നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ദിമിത്രിയോസ് ഡയമൻ്റക്കോസ്, ക്വാമെ പെപ്ര, മിലോസ് ഡ്രിഞ്ചിച്ച്, ഹെസൂസ് ഹിമനസ്, നോവ സദോയ് തുടങ്ങി മികച്ച വിദേശതാരങ്ങളെ ടീമിലെത്തിച്ച അദ്ദേഹം ബ്ലാസ്റ്റേഴ്സിൻ്റെ വിദേശ സൈനിംഗിൽ നിർണായക പങ്കുവഹിച്ചിരുന്നു.
നിലവിലെ സീസണിൽ മോശം പ്രകടനങ്ങൾ തുടർക്കഥയാക്കിയതിന് പിന്നാലെ പരിശീലകൻ മൈക്കൽ സ്റ്റാറെയെ മാനേജ്മെൻ്റ് പുറത്താക്കിയിരുന്നു. നിലവിൽ താത്കാലിക പരിശീലകന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. മാനേജ്മെൻ്റിനെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്. മാനേജ്മെൻ്റിനെതിരെ മഞ്ഞപ്പട പരസ്യമായി രംഗത്തുവന്നു. സ്റ്റേഡിയത്തിലും സോഷ്യൽ മീഡിയയിലും മാനേജ്മെൻ്റിനെതിരെ മഞ്ഞപ്പടയുടെ പ്രതിഷേധം ശക്തമാണ്. ഇതിന് പിന്നാലെയാണ് മുഖം രക്ഷിക്കാൻ മാനേജ്മെൻ്റ് പരിശീലകനെ പുറത്താക്കിയത്. ഇതേ ലക്ഷ്യമാണ് സ്കിൻകിസിനെ പുറത്താക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും സോഷ്യൽ മീഡിയ പറയുന്നു.
ഇതിനിടെ ആരാധകരോഷം തണുപ്പിയ്ക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഫാൻ അഡ്വൈസറി ബോർഡ് രൂപീകരിയ്ക്കാൻ തീരുമാനിച്ചു. മാനേജ്മെൻ്റുമായി ആരാധകർക്ക് നേരിട്ട് ആശയവിനിമയം സാധ്യമാക്കുന്നതാണ് ഫാൻ അഡ്വൈസറി ബോർഡ് എന്ന് ബ്ലാസ്റ്റേഴ്സ് വാർത്താകുറിപ്പിൽ അറിയിച്ചു. ലോകത്തെ പല മുൻനിര ക്ലബുകളുടെയും മാതൃകയിലാണ് തീരുമാനമെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ഇന്ന് മുതൽ അഡ്വൈസറി ബോർഡിലേക്ക് അപേക്ഷകൾ അയയ്ക്കാം.