Kerala Blasters : വോക്ക്ഔട്ട് നടത്തിയതിന് ബ്ലാസ്റ്റേഴ്സ് ഇവാന് ഒരു കോടി രൂപ പിഴ ചുമത്തി; ക്ലബിൻ്റെ വെളിപ്പെടുത്തൽ
Kerala Blasters Ivan Vukomanovic Issue : വോക്ക്ഔട്ട് വിവാദത്തിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നാല് കോടി രൂപയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് പിഴ ഏർപ്പെടുത്തിയത്
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 2022-23 സീസണിലെ പ്ലേ ഓഫ് മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് വോക്ക്ഔട്ട് നടത്തിയ വിവാദ സംഭവത്തിൽ ക്ലബ് മാനേജ്മെൻ്റ് കോച്ച് ഇവാൻ വുകോമാനോവിച്ചിൽ നിന്നും ഒരു കോടി രൂപ പിഴ ഈടാക്കി. ഇക്കാര്യം ക്ലബ് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2022-23 ഐഎസ്എൽ സീസണിൽ ബെംഗളൂരു എഫ്സിക്കെതിരെയുള്ള പ്ലേഓഫ് മത്സരത്തിലാണ് ഇവാൻ വുകോമാനോവിച്ചിൻ്റെ നിർദേശത്തെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം വിട്ടത്. ലീഗിലെ മോശം റെഫറിങ്ങിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് ഇവാൻ തൻ്റെ ടീമിനോട് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയം വിടാൻ നിർദേശം നൽകിയത്.
വുകോമാനോവിച്ചിൻ്റെ വിവാദപരമായ ഈ തീരുമാനത്തിനെതിരെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സിനും കോച്ചിനുമെതിരെ പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനെതിരെ ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെൻ്റ് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിനെ (സിഎഎസ്) അപ്പീലുമായി സമീപിക്കുകയും ചെയ്തു. ഈ അപ്പീലിലാണ് ടീമിനോട് കളം വിടാൻ നിർദേശം നൽകിയ സെർബിയൻ കോച്ചിൽ നിന്നും ഒരു കോടി പിഴ ഈടാക്കിയെന്ന് ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെൻ്റ് വെളിപ്പെടുത്തിയത്.
വിവാദ സംഭവത്തിൽ ക്ലബ് ഒരു ആഭ്യന്തര അന്വേഷണം നടത്തി. തുടർന്ന് കോച്ചിനെതിരെ ഒരു കോടി രൂപ പിഴ ചുമത്തുകയായിരുന്നു. ഈ വിഷയത്തെ ക്ലബ് വളരെ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നതും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് സിഎഎസിന് നൽകിയ അപ്പീലിൽ പറയുന്നു. കഴിഞ്ഞാഴ്ചയാണ് നിലവിലെ സീസണിലെ പ്ലേ ഓഫിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്തായതിന് ശേഷം ക്ലബ് വുകോമാനോവിച്ചിനെ കോച്ചിങ് സ്ഥാനത്ത് നിന്നും മാറ്റിയത്. ക്ലബും കോച്ചും പരസ്പരം ധാരണയോടെയാണ് വേർപിരിയൽ തീരുമാനം എടുത്തതെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ട ഔദ്യോഗിക വാർത്തക്കുറിപ്പിൽ പറയുന്നത്.
അതേസമയം സിഎഎസ് ബ്ലാസ്റ്റേഴ്സ് നൽകിയ അപ്പീൽ തള്ളി. ക്ലബ് തന്നെ കോച്ചിൻ്റെ തീരുമാനം ഗുരുതരമായ കുറ്റമാണെന്ന് ആരോപിക്കുന്നു. ഇതുപോലെയുള്ള സംഭവങ്ങൾക്ക് കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന് അപ്പീൽ പരിഗണിച്ച സോൾ അർബിറ്റർ ബെനോയിറ്റ് പാസ്ക്വീർ വിധിയിൽ പറഞ്ഞു. റഫറിയുടെ ഒരു തീരുമാനത്തെ തുടർന്ന് മത്സരം ഉപേക്ഷിക്കുക എന്നത് ഇന്ത്യൻ ഫുട്ബോളിനെ മാത്രമല്ല ആഗോള ഫുട്ബോളിൻ്റെ തൻ്റെ പ്രതിഛായയെയാണ് ബാധിക്കുകയെന്ന് സോൾ അർബിറ്റർ കൂട്ടിച്ചേർത്തു.
സിഎഎസ് ബ്ലാസ്റ്റേഴ്സിൻ്റെ അപ്പീൽ തള്ളിയതോടെ എഐഎഫ്എഫ് ക്ലബിനോട് പിഴ തുക ഒരു മാസത്തിനുള്ളിൽ അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നാല് കോടി രൂപയാണ് വിവാദ സംഭവത്തിൽ ഐഐഎഫ്എഫിൻ്റെ അന്വേഷണ കമ്മീഷൻ ബ്ലാസ്റ്റേഴ്സിന് പിഴ ചുമത്തിയിരിക്കുന്നത്. അതേസമയം പിഴയൊടുക്കാൻ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ഫെഡറേഷനോട് സാവാകാശം ആവശ്യപ്പെട്ടേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു.