Kerala Blasters : സ്റ്റാറെ വന്നപ്പോൾ എല്ലാവരും പോകുന്നു; എന്താണ് ബ്ലാസ്റ്റേഴ്സിൽ സംഭവിക്കുന്നത്?
Kerala Blasters Transfer Updates : മിഖേൽ സ്റ്റാറെ കോച്ചായതിന് ശേഷം പ്രധാന സ്ട്രൈക്കർ ദിമിത്രിയോസ് ഡയമൻ്റക്കോസ് ഉൾപ്പെടെ അഞ്ച് താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. റിപ്പോർട്ടുകൾ പ്രകാരം ടീം ഇതുവരെ രണ്ട് താരങ്ങളുമായിട്ടെ കരാർ പുതുക്കിട്ടുള്ളൂ.
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് അടിമുടി മാറാൻ ഒരുങ്ങുകയാണോ? അതോ ടീമിൽ മറ്റെന്തങ്കിലും സ്ഥിതി വിശേഷമോ? ഇവാൻ വുകോമാനോവിച്ചിന് പിൻഗാമിയായി കഴിഞ്ഞ മാസമെത്തിച്ച സ്വീഡിഷ് കോച്ച് മിക്കേൽ സ്റ്റാറെ നിയമിച്ചതോടെ ബ്ലാസ്റ്റേഴ്സിനുള്ള വലിയ മാറ്റങ്ങൾ പ്രകടമാണ്. പ്രധാനമായിട്ടും ടീമിലെ ഏതാനും പ്രധാന താരങ്ങളെ എല്ലാം ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾ കൊണ്ട് ഏകദേശം അഞ്ചോളം താരങ്ങൾ ടീം വിട്ടതായിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ കണക്ക് ഇനിയും വർധിക്കാനാണ് സധ്യത.
ക്ലബ് വിട്ട വിദേശ താരങ്ങൾ
താരങ്ങളിൽ കഴിഞ്ഞ രണ്ട് സീസണിലെ കെബിഎഫ്സിയുടെ പ്രധാന സ്ട്രൈക്കർ ദിമിത്രിയോസ് ഡയമൻ്റക്കോസാണ് ആദ്യമായി ക്ലബുമായി വേർപിരിഞ്ഞത്. കഴിഞ്ഞ സീസൺ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഗ്രീക്ക് താരം ബ്ലാസ്റ്റേഴ്സ് വിടുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ശമ്പളം കൂട്ടി നൽകാത്തതിനെ തുടർന്നാണ് ഡയമൻ്റക്കോസ് ബ്ലാസ്റ്റേഴ്സ് വിടുന്നതെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നത്. കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാൾ എഫ്സി ഡയമൻ്റക്കോസുമായി കരാറിൽ ഏർപ്പെട്ടതായിട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഇബിഎഫ്സിയും താരവും ഇതിന് കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് നൽകിട്ടില്ല.
ഒരു വർഷത്തെ കരാറിൽ ഡൈസൂക്കെ സാക്കായി 2023ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. എന്നാൽ ടീമിലെ ഏഷ്യൻ സാന്നിധ്യമായിരുന്ന താരവുമായി കരാർ നീട്ടാൻ ബ്ലാസ്റ്റേഴ്സ് താൽപര്യമെടുന്നില്ല. ലൂണയുടെ അസാന്നിധ്യത്തിൽ മാത്രമാണ് സാക്കായി ബ്ലാസ്റ്റേഴ്സിൻ്റെ പ്ലേയിങ് ഇലവനിൽ ഇടം നേടിട്ടുള്ളത്. എന്നാൽ ജാപ്പനീസ് താരത്തിന് പറയത്തക്ക പ്രകടം ഇന്ത്യൻ മണ്ണിൽ കാഴ്ചവെക്കാനായില്ല.
സെൻ്റോഫ് ലഭിക്കാതെ ലെസ്കോവിച്ചും പോകുന്നു
2021 സീസണിൽ വുകോമാനോവിച്ചാണ് തൻ്റെ വിശ്വസ്തനായ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ചിനെ ഇന്ത്യൻ സൂപ്പർ ലീഗിലേക്കെത്തിക്കുന്നത്. ക്രൊയേഷ്യൻ കോച്ച് കണ്ടെത്തി കൊണ്ടുവന്ന വിദേശ താരങ്ങളിൽ അഡ്രിയാൻ ലൂണയ്ക്കൊപ്പം ഏറെ നാൾ ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ തുടർന്ന താരമാണ് ലെസ്കോവിച്ച്. ഒരു വർഷത്തേക്ക് ടീമിലെത്തിച്ച ക്രൊയേഷ്യൻ താരവുമായിട്ടുള്ള കരാർ ബ്ലാസ്റ്റേഴ്സ് രണ്ട് വർഷത്തേക്ക് നീട്ടി. ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിൽ വിശ്വസ്തനായി നിലകൊണ്ടിരുന്ന ലെസ്കോവിച്ചിന് ഒരു സെൻ്റോഫ് പോലും നൽകാതെയാണ് ടീം മേനേജ്മെൻ്റ് പറഞ്ഞുവിടുന്നത്.
വല കാക്കാൻ സച്ചിന് കൂട്ടിയായി ഇനി ആര്?
ബ്ലാസ്റ്റേഴ്സ് നിരയിലെ രണ്ട് ഗോൾ കീപ്പർമാരെയാണ് ടീം മാനേജ്മെൻ്റ് കഴിഞ്ഞ ദിവസം ഒഴിവാക്കിയത്. പരിചയ സമ്പന്നനായ കരൺജീത്ത് സിങ്ങും യുവതാരം ലാറ ശർമയും. ബാക്ക്അപ്പ് ഗോൾകീപ്പറായിട്ടാണ് 2022-23 സീസണിൽ കരൺജീത്ത് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. പിന്നീട് കരാർ ഒരു വർഷത്തേക്ക് നീട്ടുകയായിരുന്നു. എന്നാൽ പ്രഭ്സുഖൻ ഗിൽ ഈസ്റ്റ് ബംഗളിലേക്ക് പോയപ്പോൾ മലയാളി താരം സച്ചിൻ സുരേഷിനെയാണ് ടീമിൻ്റെ പ്രധാന ഗോൾകീപ്പറായി ഇവാൻ നിയമിച്ചത്. ലോൺ അടിസ്ഥാനത്തിലാണ് ബെംഗളൂരു എഫിസിയിൽ നിന്നും ലാറ ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ബാക്കപ്പ് ഗോൾകീപ്പർമാരായിരുന്ന ഇരുതാരങ്ങൾക്കും സച്ചിൻ സുരേഷിന് പരിക്കേറ്റതിനെ തുടർന്നാണ് അവസരം ലഭിച്ചത്. എന്നാൽ പറയത്തക്ക പ്രകടനം ലഭിച്ച അവസരങ്ങളിൽ ഇരു താരങ്ങളുടെ പക്കൽ നിന്നുമുണ്ടായില്ല.
ഇനി ആരൊക്കെ?
മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിനിച്ചും ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ബ്ലാസ്റ്റേഴ്സുമായിട്ടുള്ള കാരറിൽ ധാരണയായിട്ടില്ലെ അതിനാലാണ് താരം ക്ലബ് വിടാൻ ഒരുങ്ങുന്നതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ലിത്വേനിയൻ താരം ഫിഡോർ സെർണിച്ചും ക്ലബ് വിട്ടേക്കുമെന്ന് ആരാധകർക്കിടിയിൽ ചർച്ചയാകുന്നുണ്ട്. ഒരു വർഷത്തെ കരാറിലാണ് ലിത്വേനിയൻ ദേശീയ ടീമിൻ്റെ ക്യാപ്റ്റൻ കൊമ്പാന്മാർക്കിടിയിൽ എത്തുന്നത്. ഇതിനിടെ മലയാളി താരം രാഹുൽ കെപിയുമായും ഇന്ത്യൻ ഫോർവേർഡ് താരം ഇഷാൻ പണ്ഡിതയുമായി ബ്ലാസ്റ്റേഴ്സ് കരാർ നീട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം കേരള ബ്ലാസ്റ്റേഴ്സ് നൽകിട്ടില്ല.