5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Blasters : ഇനി ആരാധകർക്കും ക്ലബ് കാര്യങ്ങളിൽ ഇടപെടാം; ഫാൻ അഡ്വൈസറി ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപനം

Kerala Blasters Open Applications For Fan Advisory Board: വിദേശ ക്ലബുകളുടെ മാതൃകയിൽ ഫാൻ അഡ്വൈസറി ബോർഡ് രൂപീകരിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇതിനായി ഇന്ന് മുതൽ അപേക്ഷകൾ ക്ഷണിച്ചുതുടങ്ങിയതായി വാർത്താ കുറിപ്പിലൂടെ ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

Kerala Blasters : ഇനി ആരാധകർക്കും ക്ലബ് കാര്യങ്ങളിൽ ഇടപെടാം; ഫാൻ അഡ്വൈസറി ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപനം
മഞ്ഞപ്പടImage Credit source: Social Media
abdul-basith
Abdul Basith | Published: 04 Jan 2025 16:44 PM

ആരാധകരോഷം തണുപ്പിയ്ക്കാൻ ഫാൻ അഡ്വൈസറി ബോർഡുമായി കേരള ബ്ലാസ്റ്റേഴ്സ്. മാനേജ്മെൻ്റുമായി ആരാധകർക്ക് നേരിട്ട് ആശയവിനിമയം സാധ്യമാക്കുന്നതാണ് ഫാൻ അഡ്വൈസറി ബോർഡ് അഥവാ ആരാധക ഉപദേശ ബോർഡ്. ലോകത്തെ പല മുൻനിര ക്ലബുകളുടെയും മാതൃകയിലാണ് തീരുമാനമെന്ന് ബ്ലാസ്റ്റേഴ്സ് വാർത്താകുറിപ്പിൽ അറിയിച്ചു. ഐഎസ്എൽ രൂപീകരിച്ചിട്ട് ഇതുവരെ ഒരു കിരീടമില്ലാത്തതും മികച്ച താരങ്ങളെ വിറ്റൊഴിവാക്കുന്നതുമൊക്കെ ആരാധകർ രൂക്ഷമായി വിമർശിച്ചിരുന്നു. സീസണിൽ മോശം പ്രകടനങ്ങൾ തുടരുന്നതിനിടെ മാനേജ്മെൻ്റിനെതിരെ മഞ്ഞപ്പടയുടെ പ്രതിഷേധം കടുക്കുകയാണ്. മുഖം രക്ഷിക്കാൻ പരിശീലകൻ മൈക്കൽ സ്റ്റാറെയെ പുറത്താക്കിയെങ്കിലും മഞ്ഞപ്പട വഴങ്ങിയിട്ടില്ല. ഇതോടെയാണ് പുതിയ തീരുമാനം.

2024-25 സീസണിൻ്റെ തുടക്കത്തിൽ തന്നെ ഫാൻ അഡ്വൈസറി ബോർഡ് രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ക്ലബ് ആരംഭിച്ചിരുന്നു എന്ന് വാർത്താകുറിപ്പിൽ പറയുന്നു. സുതാര്യതയും പരസ്പര ബഹുമാനവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിയ്ക്കുകയാണ് ലക്ഷ്യം. ആരാധകരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്നുവെന്ന് ഫാൻ അഡ്വൈസറി ബോർഡ് ഉറപ്പുവരുത്തും. ചർച്ചകൾക്കപ്പുറം ഫലപ്രദമായ പ്രവർത്തനങ്ങൾക്കുള്ള പ്ലാറ്റ്ഫോമായാണ് ബോർഡിനെ കണക്കാക്കുന്നത് എന്നും വാർത്താകുറിപ്പിൽ പറയുന്നു.

Also Read : Kerala Blasters: ബ്ലാസ്റ്റേഴ്സിൽ ആടി സെയിൽ! കെ പി രാഹുൽ ടീം വിടുമെന്ന് റിപ്പോർട്ട്, താരത്തിനായി വലവിരിച്ച് ഒഡീഷ എഫ്സി

ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ അടങ്ങുന്നതായിരിക്കും ബോര്‍ഡ്. ഇവർ വർഷത്തിൽ നാല് തവണ ക്ലബിന്റെ മാനേജ്‌മെന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ക്ലബിൻ്റെ പ്രകടനമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ബോർഡിൻ്റെ ഭാഗമാവാൻ അപേക്ഷ നൽകാമെന്നും വാർത്താകുറിപ്പിൽ പറയുന്നു. ക്ലബിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിച്ചാണ് അപേക്ഷ നൽകേണ്ടത്. 19 വയസ്സിന് മുകളില്‍ പ്രായമുള്ള ഏതൊരു ആരാധകനോ ആരാധികയ്ക്കോ അപേക്ഷ നൽകാൻ സാധിക്കും. ജനുവരി 14 വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക. 12 പേരിൽ 9 പേർ രാജ്യത്തിനകത്തുനിന്നുള്ളവരും 2 പേർ രാജ്യാന്തര പ്രതിനിധികളുമാവും. പ്രത്യേക പരിഗണനാ വിഭാഗത്തില്‍ നിന്ന് ഒരു പ്രതിനിധിയുണ്ടാവും. ഒരു വര്‍ഷമായിരിക്കും ഈ ബോർഡിൻ്റെ പ്രവര്‍ത്തന കാലയളവ്. ഒരു ടേം പൂർത്തിയാക്കിയ അംഗത്തിന് അടുത്ത തവണ വീണ്ടും അപേക്ഷിക്കാനാവില്ല.

ട്രാൻസ്ഫർ, ടീം സെലക്ഷൻ തുടങ്ങിയ കാര്യങ്ങളിൽ ഈ ബോർഡിന് പങ്കാളിത്തമുണ്ടാവില്ല. ഇതൊക്കെ പരിശീലകൻ്റെയും മാനേജ്മെൻ്റിൻ്റെയും അധികാരപരിധിയിലായിരിക്കും. വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ, ധനലാഭത്തിനോ ഈ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുവാന്‍ പാടില്ല. ബോർഡ് അംഗങ്ങൾ ക്ലബിൻ്റെ ഓഹരിയുടമകളോ ബോർഡ് അംഗങ്ങളോ ആവില്ല. ഒരു സ്വതന്ത്ര്യ ബോഡിയായാവും ബോർഡിൻ്റെ പ്രവർത്തനം. www.keralablasters.in. എന്ന വെബ്‌സൈറ്റിലൂടെ ഫാന്‍ അഡ്വൈസറി ബോര്‍ഡിലെ അംഗത്വത്തിനായി അപേക്ഷ നല്‍കാം.

സീസണിൽ വളരെ മോശം ഫോമിലാണ് ബ്ലാസ്റ്റേഴ്സ്. 14 മത്സരങ്ങളിൽ നിന്ന് വെറും നാല് മത്സരങ്ങൾ മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്സ് 14 പോയിൻ്റുമായി പട്ടികയിൽ പത്താം സ്ഥാനത്താണ്. കെപി രാഹുൽ, അലക്സാണ്ടർ കൊയേഫ് തുടങ്ങി പലരും ക്ലബ് വിടുമെന്നും വാർത്തകളുണ്ട്. പ്രബീർ ദാസിനെ ഇതിനകം ലോണിലയച്ച ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസിനെയും പുറത്താക്കിയേക്കും.