Kerala Blasters Coach : സേവനം മതി, ഉം പൊക്കോ ! മുഖ്യപരിശീലകനെയടക്കം പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്
Kerala Blasters Sack Coach Mikael Stahre : റിസർവ് ടീം ഹെഡ് കോച്ചും യൂത്ത് ഡെവലപ്‌മെൻ്റ് തലവനുമായ ടോമാഷ് ടോർസും അസിസ്റ്റൻ്റ് കോച്ചുമായ ടിജി പുരുഷോത്തമനും പുതിയ കോച്ചിനെ നിയമിക്കും വരെ ടീമിനെ പരിശീലിപ്പിക്കും
ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മുഖ്യപരിശീലകന്‍ മികായേല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്. അസിസ്റ്റൻ്റ് കോച്ചുമാരായ ബ്യോൺ വെസ്‌സ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരും ടീം വിട്ടു. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.
റിസർവ് ടീം ഹെഡ് കോച്ചും യൂത്ത് ഡെവലപ്‌മെൻ്റ് തലവനുമായ ടോമാഷ് ടോർസും അസിസ്റ്റൻ്റ് കോച്ചുമായ ടിജി പുരുഷോത്തമനും പുതിയ കോച്ചിനെ നിയമിക്കും വരെ ടീമിനെ പരിശീലിപ്പിക്കും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ച വയ്ക്കുന്നത്. പോയിന്റ് പട്ടികയില്‍ നിലവില്‍ പത്താമതാണ്. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ജയിക്കാനായത്. ഏഴ് മത്സരങ്ങളില്‍ തോറ്റപ്പോള്‍, രണ്ടെണ്ണത്തില്‍ സമനില വഴങ്ങി.
ഏറെ ആവേശത്തോടെയാണ് നടപ്പ് സീസണും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ സ്വീകരിച്ചത്. ഇവാന്‍ വുകോമാനോവിച്ച് ക്ലബ് വിട്ടത് നിരാശയായെങ്കിലും, പുതിയ ആശാന്‍ മികായേല്‍ സ്റ്റാറെയില്‍ ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ചു.
അഡ്രിയാന്‍ ലൂണ എന്ന വജ്രായുധത്തിലും, ഹെസൂസ് ജിമനസ്, നോവ സദൂയി, അലക്‌സാണ്ട്രെ കൊയിഫ് തുടങ്ങിയ പുതിയ വിദേശ താരങ്ങളുടെ വരവിലും ആരാധകര്‍ സന്തോഷം കണ്ടെത്തി. സ്റ്റാറെ സ്റ്റാറാകുമെന്ന് കരുതിയിടത്ത് ക്ലബിന്റെ കണക്കുകൂട്ടലുകളെല്ലാം ഏറെക്കുറെ തെറ്റി.
സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ പഞ്ചാബ് എഫ്‌സിയോട് 1-2ന് തോറ്റു. പിന്നാലെ ഈസ്റ്റ് ബംഗാളിനെ 2-1ന് തോല്‍പിച്ച് സീസണിലെ ആദ്യ ജയം. തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റിനോടും (1-1), ഒഡീഷയോടും (2-2) സമനില. ഒക്ടോബര്‍ 20ന് നടന്ന മത്സരത്തില്‍ മുഹമ്മദനെ 2-1ന് തകര്‍ത്ത് വീണ്ടും വിജയ പാതയിലേക്ക്.
അതുവരെ തരക്കേടില്ലാത്ത മുന്നേറിയ ക്ലബിന് എല്ലാം തകിടം മറിയുന്നത് പിന്നീട് നടന്ന മത്സരം മുതലാണ്. തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. ബെംഗളൂരുവിനോട് 3-1, മുംബൈയോട് 4-2, ഹൈദരാബാദിനോട് 2-1 എന്നിങ്ങനെയായിരുന്നു ആ പരാജയങ്ങള്‍.
ഒടുവില്‍ നവംബര്‍ 24ന് നടന്ന മത്സരത്തില്‍ ചെന്നൈയിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് വീണ്ടും വിജയവഴിയില്‍. എന്നാല്‍ തുടര്‍ന്ന് ഇതുവരെ നടന്ന മത്സരങ്ങളില്‍ എല്ലാം തോറ്റു. ഗോവയോട് 1-0നും, ബെംഗളൂരുവിനോട് 4-2നും, മോഹന്‍ ബഗാനോട് 3-2നുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റത്.
Read Also : സാൾട്ട് ലേക്കിൽ തീപാറും പോര്; അവസാന മിനിട്ടിലെ ഗോളിൽ മോഹൻ ബഗാന് ത്രില്ലിങ് ജയം
പല മത്സരങ്ങളിലും ഊര്‍ജ്ജസ്വലമായി കളിക്കുമ്പോഴും നിസാര പിഴവുകളാണ് തോല്‍വിക്ക് കാരണമായത്. പ്രതിരോധത്തിലെയും ഗോള്‍ കീപ്പിങിലെയും പിഴവുകളാണ് പ്രധാനമായും തിരിച്ചടിയായത്. ടീമിന്റെ മോശം പ്രകടനത്തില്‍ ആരാധകര്‍ നിരാശയിലായി. നിരാശ പ്രതിഷേധത്തിലേക്കും വഴിമാറി. മാനേജ്‌മെന്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ടീമിന്റെ മുഖ്യ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മത്സരങ്ങളുടെ ടിക്കറ്റ് വാങ്ങി വിതരണം ചെയ്യില്ലെന്നും, ഹോം മത്സരങ്ങളില്‍ മുദ്രാവാക്യം മുഴക്കില്ലെന്നും മഞ്ഞപ്പട നിലപാടെടുത്തു. ആരാധക പ്രതിഷേധം ശക്തമായതും, ടീം മോശം പ്രകടനം തുടരുന്നതും മുഖ്യപരിശീലകനെയടക്കം പുറത്താക്കാന്‍ മാനേജ്‌മെന്റിനെ നിര്‍ബന്ധിതരാക്കി എന്ന് കരുതുന്നു.