ISL: ആരാധക രോഷം തണുപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു; എതിരാളികൾ മോഹൻ ബഗാൻ
Kerala Blasters vs Mohun Bagan: പ്ലേ ഓഫ് സാധ്യത നിലനിർത്താനും ആരാധക രോഷം തണുപ്പിക്കാനും ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയിച്ചേ മതിയാവൂ.
കൊൽക്കത്ത: ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് കരുത്തരായ മോഹൻ ബഗാനെ നേരിടും. തോൽവി ശീലമാക്കിയ കേരളാ ബ്ലാസ്റ്റേഴ്സ്, തുടർവിജയങ്ങളുമായി കുതിപ്പ് തുടരുന്ന മോഹൻ ബഗാനെ അവരുടെ തട്ടകത്തിലാണ് നേരിടാനൊരുങ്ങുന്നത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെെകിട്ട് 7.30-നാണ് മത്സരം. പ്ലേ ഓഫ് സാധ്യത നിലനിർത്താനും ആരാധക രോഷം തണുപ്പിക്കാനും ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയിച്ചേ മതിയാവൂ. സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ മത്സരം തത്സമയം കാണാം. ജിയോ സിനിമയിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
പൊട്ടിപ്പൊളിഞ്ഞ പ്രതിരോധ നിരയും ഗോൾകീപ്പർമാരുടെ ചോരുന്ന കെെകളും പിന്നോട്ട് വലിക്കുന്ന ബ്ലാസ്റ്റേഴ്സിന് ബഗാനെതിരെ മൂന്ന് പോയിന്റ് നേടുക അത്ര എളുപ്പമാവില്ല. നായകൻ അഡ്രിയാൻ ലൂണയുടെ മങ്ങിയ പ്രകടനം ടീമിനെ ഒന്നാകെ ബാധിച്ചിട്ടുണ്ട്. മലയാളി താരം വിബിൻ മോഹന് ഏറ്റ പരിക്കും മധ്യനിരക്ക് ആഘാതമേൽപ്പിക്കുമെന്ന് ഉറപ്പ്. വിബിന് പകരക്കാരനായി ഡാനിഷ് ഫാറൂഖ് പ്ലേയിംഗ് ഇലവനിൽ ഇടം കണ്ടെത്തിയേക്കും.
ചോര നീരാക്കി ടീമിന് മൂന്ന് പോയിന്റ് സമ്മാനിക്കാനുള്ള നോവ സദോയിക്കും ഷാർപ്പ് ഷൂട്ടർ ജീസസ് ഹിമിനെസിനും ഗോൾ മുഖത്തേക്ക് പന്തുകൾ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്നും ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയിന്റ് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും. 11 മത്സരങ്ങളിൽ ആറിലും തോറ്റ ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത് മൂന്ന് മത്സരങ്ങളിൽ മാത്രം. രണ്ട് സമനില. 17 ഗോൾ നേടിയപ്പോൾ തിരിച്ചുവാങ്ങിയത് 21 ഗോൾ. ലീഗിലെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് 10-ാം സ്ഥാനത്താണ്. സീസണിൽ ഒറ്റ മത്സരത്തിൽ മാത്രം തോറ്റ മോഹൻ ബഗാൻ പോയിന്റ് ടേബിളിൽ 21 പോയിന്റുമായി 1-ാം സ്ഥാനത്താണ്. മലയാളി താരം സഹൽ അബ്ദുൽ സമദ് ഉൾപ്പെട്ട മോഹൻ ബഗാൻ 10 മത്സരങ്ങളിൽ 7-ലും ജയിച്ചു. 19 ഗോൾ നേടിയപ്പോൾ വഴങ്ങിയത് 7 ഗോൾ മാത്രം. ഇരുടീമുകളും നേർക്കുനേർ വന്നപ്പോഴെല്ലാം ആതിപഥ്യം മോഹൻ ബഗാന് ഒപ്പമായിരുന്നു.
എടികെ യിൽ നിന്ന് മോഹൻ ബഗാൻ എന്ന് പേര് മാറ്റിയതിന് ശേഷം ഇരുടീമുകളും നേർക്ക് നേർ ഏറ്റുമുട്ടിയ 8 മത്സരങ്ങളിൽ ആറ് മത്സരങ്ങളിലും ജയം കൊൽക്കത്തൻ ക്ലബ്ബിന് ഒപ്പമായിരുന്നു. ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാൻ ഒരു ജയവും സമനിലയും. പോയിന്റ് ടേബിളിലെ ആദ്യ ആറ് സ്ഥാനക്കാർക്ക് പ്ലേ ഓഫിന് യോഗ്യത നേടാം. ആറാം സ്ഥാനത്തിന് നാല് പോയിന്റ് അകലെയാണ് ബ്ലാസ്റ്റേഴ്സ്. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്സിന് ജയിച്ചേ മതിയാവൂ.
ടീമിന്റെ മോശം പ്രകടനത്തിൽ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ നിലപാടുകളും ബ്ലാസ്റ്റേഴ്സിനെ അലട്ടുമെന്ന് ഉറപ്പാണ്. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളിൽ സ്റ്റേഡിയങ്ങളിൽ നിർണായ ശക്തിയായി എവേ ഗ്രൗണ്ടുകളിൽ ഉൾപ്പെടെ ആരാധകർ ഉണ്ടാകാറുണ്ട്. ടൂർണമെന്റിലെ ബ്ലാസ്റ്റേഴ്സിന്റെ തുടർ തോൽവികളിൽ പ്രതിഷേധിച്ചാണ് മഞ്ഞപ്പടയുടെ നിസഹകരണം. മനേജ്മെന്റ് നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.