Kerala Blasters: ആരാധകരോട് ടീം മാനേജ്മെന്റ് നീതിപുലർത്തണം; കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ മഞ്ഞപ്പട
Kerala Blasters: ഐഎസ്എൽ 11-ാം സീസണ് തിരിതെളിയാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ സമ്മർദ്ദത്തിലാക്കി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. പുതിയ സീസണിനായുള്ള ടീമിന്റെ തയ്യാറെടുപ്പുകളിൽ ആശങ്ക പ്രകടിപ്പിച്ചാണ് മഞ്ഞപ്പട മാനേജ്മെന്റിന് കത്തെഴുതിയിരിക്കുന്നത്. ആരാധക കൂട്ടായ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്ന പ്രസ്താവനയിൽ ടീം ഉടമ നിഖിൽ, സ്‌പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്.
കൊച്ചി: സെപ്റ്റംബർ 13-ന് ഐഎസ്എൽ 11-ാം സീസണ് തിരിതെളിയാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ സമ്മർദ്ദത്തിലാക്കി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. പുതിയ സീസണിനായുള്ള ടീമിന്റെ തയ്യാറെടുപ്പുകളിൽ ആശങ്ക പ്രകടിപ്പിച്ചാണ് മഞ്ഞപ്പട മാനേജ്മെന്റിന് കത്തെഴുതിയിരിക്കുന്നത്. ആരാധക കൂട്ടായ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്ന പ്രസ്താവനയിൽ ടീം ഉടമ നിഖിൽ, സ്‌പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്.
മഞ്ഞപ്പടയുടെ പ്രസ്താവന
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്,
”ഒരു പതിറ്റാണ്ടായി മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൃദയസ്പന്ദനമായി നിലകൊള്ളുന്നു. ക്ലബ്ബിന്റെ കെട്ടകാലത്തും നല്ല കാലത്തുമെല്ലാം നിങ്ങളോടൊപ്പം ആരാധക കൂട്ടായ്മയായ ഞങ്ങളുണ്ടായിട്ടുണ്ട്. ഒരു ദിവസം ഞങ്ങൾ അഭിമാനത്തോടെ കിരീടം ഉയർത്തും. എന്നാൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം വേദനയിലാണ്.
പുതിയ സീസൺ ആരംഭിക്കാന് ദിവസങ്ങൾ മാത്രം ശേഷിക്കെ അടിസ്ഥാന സൗകര്യങ്ങൾ, താരങ്ങളുടെ സെെനിംഗ് തുടങ്ങിയ വിഷയങ്ങളിൽ ക്ലബ്ബ് തുടരുന്ന മൗനം ആരാധകരെ നിരാശയയിലാക്കിയിട്ടുണ്ട്. പുതിയ സീസൺ ആരംഭിക്കാൻ അധിക സമയം ഇല്ലാത്തതിനാൽ പ്രശ്നങ്ങൾ വേഗത്തിലും ഫലപ്രദമായും അഭിസംബോധന ചെയ്യേണ്ടത് പ്രധാനമാണ്. ശരിയായ നേതൃത്വവും സാഹചര്യവുമുണ്ടെങ്കിൽ മാത്രമേ ടൂർണമെന്റിനായി മികച്ച രീതിയിൽ ക്ലബ്ബിനെ സജ്ജമാക്കാനാവൂ. അതിനാൽ ആരാധകർക്ക് മറുപടി നൽകാൻ ഞങ്ങൾ ക്ലബിനോട് അഭ്യർഥിക്കുന്നു.
മഞ്ഞപ്പട വെറുമൊരു ആരാധകസംഘമല്ല, ഒരു കുടുംബമാണ്. ഈ ക്ലബ്ബിന് വേണ്ടിയാണ് ഞങ്ങൾ ജീവിക്കുന്നതും ശ്വസിക്കുന്നതും. എന്നാൽ ക്ലബ്ബിന്റെ യാത്രയെ പലരും ചോദ്യം ചെയ്യുന്നതായി കാണുന്നു. 10- വർഷമായി ടീം കിരീടമുയർത്തുന്നതും കാത്ത് ക്ലബ്ബിനൊടൊപ്പം ഞങ്ങളുണ്ട്. ഇനിയും നമ്മുടെ ക്ഷമയും വിശ്വസ്തതയും നിലനിൽക്കും. കേവലം ഒരു കളിമാത്രമല്ല ഫുട്ബോൾ ഞങ്ങൾക്ക്, ഇതാണ് ഞങ്ങളുടെ സ്വത്വം.
അഭിമാനത്തോടെയും അഭിനിവേശത്തോടെയും ഇതാണ് എന്റെ ക്ലബ്ബെന്ന് ഓരോ ആരാധകനും പറയാറുണ്ട്. ആ വാക്കുകളോട് നീതിപുലർത്തുന്ന സമീപനമാകണം ക്ലബ്ബ് സ്വീകരിക്കേണ്ടത്. വാക്കുകളിലൂടെ മാത്രമല്ല, മികച്ച പ്രവർത്തനങ്ങളിലൂടെ മുന്നേറാൻ ഞങ്ങൾ മാനേജ്മെൻ്റിനോട് അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ ആശങ്കകൾ നേരിട്ട് അറിയിക്കുകയാണ്. “ഞങ്ങളുടെ ക്ലബ്” ആണെന്ന് ഞങ്ങൾക്ക് തോന്നണം. ഞങ്ങൾ ക്ലബ്ബിന് വേണ്ടി നിലകൊള്ളുന്നതുപോലെ തന്നെ തന്നെ ആരാധകരെ ശ്രദ്ധിക്കേണ്ടത് ക്ലബിനും പ്രധാനമാണ്.
താരങ്ങളും ഒഫീഷ്യൽസും മഞ്ഞപ്പട നിങ്ങളോടൊപ്പമുണ്ടെന്ന് ഓർക്കുക. എന്നാൽ ഞങ്ങളോടൊപ്പം നിൽക്കാൻ ഞങ്ങൾ നിങ്ങളോട് എന്നത്തേക്കാളും ആവശ്യപ്പെടുന്നു. ഞങ്ങള് ഹൃദയം പറിച്ച് നൽകിയ ക്ലബ്ബിന് ഞങ്ങളോട് അതേ പ്രതിബദ്ധതയുണ്ടോ എന്ന് അറിയേണ്ടതുണ്ട്.”
ആരാധക കൂട്ടായ്മയുടെ പ്രസ്താവന മാനേജ്മെന്റിനെയും സമ്മർദ്ദത്തിലാകും. ഈ ഘട്ടത്തിൽ വിശദീകരണവുമായി മാനേജ്മെന്റ് എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടീം വിട്ട ദിമിത്രിയോസ് ഡയമന്റക്കോസിന് പകരനായ സ്ട്രെെക്കറേയും മാനേജ്മെന്റ് ഇതുവരെയും ടീമിലെത്തിച്ചിട്ടില്ലെന്നാണ് വിവരം.
തിരുവോണ നാളായ സെപ്റ്റംബർ 15-ന് കൊച്ചിയിൽ വച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഹോം ഗ്രൗണ്ടിൽ പഞ്ചാബ് എഫ് സിയാണ് എതിരാളി.