5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Blasters Manjappada Issue: ടിക്കറ്റ് വാങ്ങില്ല, വിൽക്കില്ല; വരും മത്സരങ്ങളിലും പ്രതിഷേധം, കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ മഞ്ഞപ്പട

Manjappada Ticket Sale: കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരം അരങ്ങേറുന്ന ദിവസങ്ങളിലെല്ലാം സ്റ്റേഡിയം മഞ്ഞ പുതയ്ക്കുന്നതിന് പിന്നിൽ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയായിരുന്നു.

Kerala Blasters Manjappada Issue: ടിക്കറ്റ് വാങ്ങില്ല, വിൽക്കില്ല; വരും മത്സരങ്ങളിലും പ്രതിഷേധം, കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ മഞ്ഞപ്പട
Manjappada& KBFC (Image Credits: Social Media)
athira-ajithkumar
Athira CA | Updated On: 09 Dec 2024 16:02 PM

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി ഉടക്കി കൊമ്പന്മാരുടെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ക്ലബ്ബിന്റെ മോശം പ്രകടനത്തിൽ വ്യക്തത വരുത്താൻ ടീം മാനേജ്മെന്റ് തയ്യാറാക്കാത്തതാണ് കാരണം. ടിക്കറ്റ് വിൽപ്പനയിൽ നിന്ന് വിട്ടുനിന്നാണ് മഞ്ഞപ്പട തങ്ങളുടെ പ്രതിഷേധം മാനേജ്മെന്റിനെ അറിയിക്കുന്നത്. ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് 11 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ആരാധകർ നൽകുന്ന പിന്തുണയുടെ പകുതി ആത്മാർത്ഥതയെങ്കിലും ടീമിന്റെ ഭാ​ഗത്ത് നിന്നുണ്ടാകണമെന്ന് മഞ്ഞപ്പട ആവശ്യപ്പെട്ടിരുന്നു. ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ മഞ്ഞപ്പട ഈസ്റ്റ് ​ഗാലറി ഉൾപ്പെടെയുള്ള ​ഗാലറികളുടെ വിൽപ്പന നടത്തില്ലെന്നാണ് അറിയിച്ചി​രിക്കുന്നത്. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരം അരങ്ങേറുന്ന ദിവസങ്ങളിലെല്ലാം സ്റ്റേഡിയം മഞ്ഞ പുതയ്ക്കുന്നതിന് പിന്നിൽ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയായിരുന്നു.

മഞ്ഞപ്പട സ്റ്റേറ്റ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവന

പ്രിയപ്പെട്ട ആരാധകരെ

“നമ്മുടെ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ അവസ്ഥ നിങ്ങൾക്ക് അറിയാമല്ലോ. മാനേജ്മെന്റിന്റെ തെറ്റായ പ്രവർത്തികളുടെ പരിണിത ഫലമെന്നോളം എത്തി നിൽക്കുന്ന ടീമിന്റെ ഈ അവസ്ഥയിൽ ആരാധകരായ നമ്മൾ ഓരോരുത്തരും തീർത്തും നിരാശയിലാണ്. ഇക്കാരണത്താൽ ഇനി മുതൽ ഈ സീസണിൽ മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ല എന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്. ടിക്കറ്റ് വില്പനയിൽ നിന്നും വിട്ടുനിന്നു നമ്മുടെ പ്രതിഷേധം അറിയിക്കുകയാണ്. ഇതിലൂടെ നമ്മൾ ഒരിക്കലും ടീമിനോടുള്ള പിന്തുണ പിൻവലിയ്ക്കുകയല്ല”.

“കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഈസ്റ്റ്‌ ഗാലറിയിൽ മത്സരം നടക്കുമ്പോൾ മഞ്ഞപ്പടയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. എങ്കിൽ കൂടി മാനേജ്മെന്റിന് എതിരെയുള്ള ആരാധകരുടെ പ്രതിഷേധം സ്റ്റേഡിയത്തിന് അകത്തും പുറത്തും നമ്മൾ അറിയിച്ചിരിയ്ക്കും. ടീം മാനേജ്മെന്റ് ക്ലബ്ബിൽ ആരാധകർ ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്താത്തിടത്തോളം കാലം നമ്മൾ ക്ലബ്ബുമായി യാതൊരുവിധ സഹകരണത്തിനും തയ്യാറല്ല. മാറ്റങ്ങൾ ഇല്ലാത്തിടത്തോളം കാലം ഹോം ​ഗ്രൗണ്ടിൽ ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളിൽ പല തരത്തിലുമുള്ള പ്രതിഷേധ പരിപാടികൾ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു”.

മാനേജ്മെന്റിനെതിരെ ഐഎസ്എൽ ആരംഭിക്കുന്നതിന് മുമ്പും മഞ്ഞപ്പട രം​ഗത്തെത്തിയിരുന്നു. ആരാധകരോട് ടീം മാനേജ്മെന്റ് നീതി പുലർത്തണമെന്ന് ആവശ്യപ്പെട്ട് പങ്കുവച്ച പോസ്റ്റിൽ ദിമിത്രിയോസ് ഡയമന്‍റക്കോസ്, ജീക്സൺ സിം​ഗ് ഉൾപ്പെടെയുള്ള ടീം വിട്ട പ്രമുഖ താരങ്ങൾക്ക് പകരക്കാരായി മികച്ച താരങ്ങളെ കണ്ടെത്താൻ ടീം മാനേജ്മെന്‍റിന് സാധിച്ചിട്ടില്ലെന്ന് മഞ്ഞപ്പട തുറന്നുപറഞ്ഞിരുന്നു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. മുൻ പരിശീലകൻ ഇവാൻ വുകമനോവിച്ചിനെ കരാർ പൂർത്തിയാക്കും മുമ്പ് പരിശീലിക സ്ഥാനത്ത് നിന്ന് മാനേജ്മെന്റ് പുറത്താക്കിയതിലും ആരാധകർക്ക് അമർഷമുണ്ടായിരുന്നു. തുടർച്ചയായ രണ്ട് സീസണുകളിൽ ടീമിനെ പ്ലേ‌ ഓഫിൽ എത്തിച്ച പരിശീലകനായിരുന്നു ഇവാൻ വുകമനോവിച്ച്.

കേരളത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തിന് ഈ ടീം നൽകിയ ഇടിവ് ചെറുതല്ല, ബിസിനസ് മാത്രമാണ് മാനേജ്മെന്റിന്റെ ലക്ഷ്യം, മാനേജ്മെന്റ് ഔട്ട് തുടങ്ങിയ കമന്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പരിശീലകൻ മിക്കേൽ സ്റ്റാറെയെ മാനേജ്മെന്റ് പുറത്താകുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബെം​ഗളൂരു എഫ്സിയോട് രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.