Kerala Blasters: പരിശീലകരല്ല ബ്ലാസ്റ്റേഴ്സിന്റെ ശാപം മാനേജ്മെന്റാണ്, സോഷ്യൽ മീഡിയയിൽ മാനേജ്മെന്റ് ഔട്ട് ഹാഷ്ടാഗുകൾ നിറയുന്നു
Fans Against Kerala Blasters Management: . 11 സീസണുകളിലായി പാതിവഴിയിൽ മടങ്ങുന്ന നാലാമത്തെ പരിശീലകനാണ് മിക്കേൽ സ്റ്റാറെ. 2015-ൽ പീറ്റർ ടെയ്ലർ, 2017-ൽ റെനെ മ്യൂലൻസ്റ്റീൻ, 2018-ൽ ഡേവിഡ‍് ജെയിംസ് എന്നിവരെയാണ് മാനേജ്മെന്റ് മുമ്പ് പുറത്താക്കിയിട്ടുള്ളത്.
കൊച്ചി: 11 സീസണുകൾ 6 തവണ പ്ലേ ഓഫിൽ, 2 തവണ ഫെെനലിൽ. ഐസ്എല്ലിന് പുറമെ ഡ്യൂറന്റ് കപ്പിലോ സൂപ്പർ കപ്പിലോ മുത്തമിടാനായിട്ടില്ല. പറഞ്ഞ് വരുന്നത് കേരളാ ബ്ലാസ്റ്റേഴ്സിനെ കുറിച്ചാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധക സംഘം സ്വന്തമായുള്ള കേരളത്തിന്റെ സ്വന്തം ക്ലബ്ബ്. ഐഎസ്എൽ 11-ാം സീസണിൽ ക്ലബ്ബിന്റെ പ്രകടനം മോശമായതിന് പിന്നാലെ പരിശീലകനെ പുറത്താക്കി ആരാധകർക്ക് മുന്നിൽ മുഖം രക്ഷിക്കാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ശ്രമിച്ചത്. എന്നാൽ ആ നീക്കം പാളിപ്പോയെന്ന് അക്ഷരം തെറ്റാതെ പറയാം.
പരിശീലകൻ മിക്കേൽ സ്റ്റാറെയെ പുറത്താക്കി മാനേജ്മെന്റ് മുഖം രക്ഷിക്കാൻ ശ്രമിക്കുമെന്ന് ആരാധകർ ഹോം മത്സരത്തിലെ തുടർച്ചയായ തോൽവികളിലൂടെ മനസിലാക്കിയിരുന്നു. മോഹൻ ബഗാനോട് അവരുടെ തട്ടകത്തിൽ തോറ്റത്തിന് പിന്നാലെയാണ് സ്റ്റാറെയെയും സഹപരിശീലകരായ ബിയോൺ വെസ്ട്രോമിനെയും ഫ്രെഡറികോ പെരേര മൊറെയ്സിനെയും പുറത്താക്കിയത്. മാനേജ്മെന്റ് ഔട്ട് ഹാഷ്ടാഗുകൾ സമൂഹമാധ്യമങ്ങളിൽ പുറത്താക്കലിന് മുമ്പും നിറഞ്ഞിരുന്നെങ്കിലും ഇന്നലെ ആരാധകർ മാനേജ്മെന്റ് ഔട്ട് എന്ന് ഓരേ ശബ്ദത്തിൽ പറഞ്ഞു.
രോഗം ഡോക്ടർക്ക് ആണെന്ന് സ്വയം മനസിലാക്കാത്തിടത്തോളം കാലം ഇനി ആര് വന്നിട്ടും കാര്യമില്ല മാനേജ്മെന്റ് ഔട്ട്, സിമന്റും കമ്പിയും ഇല്ലാണ്ട് വീട് കെട്ടാൻ പറഞ്ഞാൽ മേസ്തിരി എന്ത് ചെയ്യാനാണ്. അവിടെ കുറ്റകാരൻ ഉടമസ്ഥൻ ആണ്. അല്ലാതെ മേസ്തിരി അല്ല, ആരോട് എന്ത് പറയാൻ തുടങ്ങിയ നിരവധി കമന്റുകൾ പങ്കുവച്ചിട്ടുണ്ട്. പരിശീലകനെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള മാനേജ്മെന്റിന്റെ ഇരട്ടത്താപ്പിനെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും ചോദ്യം ചെയ്തു.
“എന്തെങ്കിലും പ്രശ്നം വരുമ്പോൾ ആരാധകരുടെ കണ്ണിൽ പൊടിയിടനായി മാനേജ്മെന്റ് പരിശീലകനെ പുറത്താക്കുകയാണ് ചെയ്യുന്നത്. അതുതന്നെയാണ് ഇത്തവണയും സംഭവിച്ചിരിക്കുന്നത്. കാരണങ്ങളില്ലാതെയാണ് മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെ പുറത്താക്കിയത്. ആ നടപടിയെ ചോദ്യം ചെയ്തപ്പോൾ ടീമിനാവശ്യമായ താരങ്ങളെയും ചേരുന്ന പരിശീലകനെയും എത്തിച്ചിട്ടുണ്ടെന്നാണ് മറുപടി ലഭിച്ചത്. തുടർച്ചയായി ആരാധകരെ പറ്റിക്കുന്ന മാനേജ്മെന്റ് നയങ്ങൾക്കൊപ്പം ഇത്തവണ നിൽക്കാനാവില്ല”.
“30 പ്ലേയർസിനെ പുറത്താക്കുന്നതിനെക്കാൾ മാനേജ്മെന്റിന് എളുപ്പം മൂന്നോ നാലോ പരിശീലകരെ പുറത്താകുന്നതാണ്. താരങ്ങളെ ടീമിലെത്തിച്ചതിലാണ് മാനേജ്മെന്റിന് വീഴ്ച സംഭവിച്ചത്. കെ പി രാഹുൽ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ ആരും ഐഎസ്എൽ നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. വിദേശതാരങ്ങളുടെ പ്രകടനം മാത്രം പോരല്ലോ, ഇന്ത്യൻ താരങ്ങളും ബെഞ്ച് സ്ട്രെെങ്ത്തും വേണം”.- ടിവി9 മലയാളത്തോട് മഞ്ഞപ്പട എക്സിക്യൂട്ടീവ് അംഗം ഷിബിൻ പ്രതികരിച്ചു. സ്വന്തം കഴിവുകേടിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാനേജ്മെന്റിന്റെ ശ്രമമാണ് കോച്ചിനെ പുറത്താക്കിയതിന് പിന്നിലുള്ള കാരണം. സ്റ്റേഡിയത്തിന് അകത്തും പുറത്തും മാനേജ്മെന്റിന് എതിരായ പ്രതിഷേധങ്ങൾ തുടരുമെന്നും മഞ്ഞപ്പട വ്യക്തമാക്കിയിട്ടുണ്ട്.
മാനേജ്മെന്റ് തന്നെ പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പരിശീലകൻ മിക്കേൽ സ്റ്റാറെയും പറഞ്ഞു. പ്രതിരോധനിരയുടെ പിഴവുകളും ഗോളിമാർ ഫോമിലേക്ക് എത്താത്തതുമാണ് ടീമിന്റെ തോൽവിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 11 സീസണുകളിലായി പാതിവഴിയിൽ മടങ്ങുന്ന നാലാമത്തെ പരിശീലകനാണ് മിക്കേൽ സ്റ്റാറെ. 2015-ൽ പീറ്റർ ടെയ്ലർ, 2017-ൽ റെനെ മ്യൂലൻസ്റ്റീൻ, 2018-ൽ ഡേവിഡ‍് ജെയിംസ് എന്നിവരെയാണ് മാനേജ്മെന്റ് മുമ്പ് പുറത്താക്കിയിട്ടുള്ളത്.
രണ്ടാഴ്ചയ്ക്ക് അകം പുതിയ പരിശീലകൻ സ്ഥാനമേറ്റെടുക്കുമെന്നാണ് വിവരം. അതുവരെ ടീമിന്റെ സഹപരിശീലകൻ ടി ജി പുരുഷോത്തമനും റിസർവ്വ് ടീം പരിശീലകൻ തോമാസ് കോർസിനുമാണ് താത്കാലിക ചുമതല. മുൻ പരിശീലകൻ ഇവാൻ വുകമനോവിച്ചിനെ പരിശീലക സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടു വരണമെന്ന് ആരാധകർ മുറവിളി കൂട്ടുന്നുണ്ട്. എന്നാൽ നിലവിലുള്ള ടീമിനെ പരിശീലിപ്പിക്കാൻ ഇവാൻ വന്നിട്ടും കാര്യമില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ ഇവാനെ തിരികെ വിളിക്കാൻ മാനേജ്മെന്റിന് പദ്ധതിയില്ലെന്നാണ് വിവരം. ഒഡീഷ എഫ്സിയുടെ നിലവിലെ പരിശീലകൻ സെർജിയോ ലൊബേറ, മുൻ പരിശീലകൻ എൽകോ ഷട്ടോരി എന്നിവരുടെ പേരാണ് പരിശീലക സ്ഥാനത്തേക്ക് മാനേജ്മെന്റ് പരിഗണിക്കുന്നത്. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും രണ്ട് സമനിലയും ഉൾപ്പെടെ 11 പോയിന്റുമായി നിലവിൽ 10-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.