KBFC Fan Advisory Board : കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാന്‍ അഡ്വൈസറി ബോര്‍ഡിന്റെ ഭാഗമാകണോ? ദേ, ഇത്രയും ചെയ്താല്‍ മതി
KBFC Fan Advisory Board Application : ക്ലബ്ബിന്റെ സീനിയർ മാനേജ്‌മെന്റുമായി ആരാധകർക്ക് തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഇത്തരം കാഴ്ചപ്പാടുകള്‍ പങ്കിടുന്നതിന് ഒരു വേദി നല്‍കുന്നതിനുള്ള സംരഭമാണ് എഫ്എബിയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. ദീർഘകാല തന്ത്രങ്ങളിലും പ്രധാന വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. ക്ലബിനും ആരാധകര്‍ക്കുമിടയിലുള്ള സഹകരണം, സുതാര്യത തുടങ്ങിയവ ഉറപ്പാക്കുന്നതിനുള്ള ഔദ്യോഗിക കമ്മ്യൂണിക്കേഷന്‍ ചാനലായി എഫ്എബി പ്രവര്‍ത്തിക്കും
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഫാൻ അഡ്വൈസറി ബോർഡി(എഫ്എബി)ന്റെ ഭാഗമാകാന്‍ അവസരം. ക്ലബ്ബിന്റെ ഉയർന്ന തലങ്ങളിൽ ആരാധകരുടെ കാഴ്ചപ്പാടുകൾ കേൾക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് എഫ്എബി രൂപീകരിക്കുന്നത്. ക്ലബ്ബിന്റെ സീനിയർ മാനേജ്‌മെന്റുമായി ആരാധകർക്ക് തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഇത്തരം കാഴ്ചപ്പാടുകള്‍ പങ്കിടുന്നതിന് ഒരു വേദി നല്‍കുന്നതിനുള്ള സംരഭമാണ് എഫ്എബിയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. ദീർഘകാല തന്ത്രങ്ങളിലും പ്രധാന വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. ക്ലബിനും ആരാധകര്‍ക്കുമിടയിലുള്ള സഹകരണം, സുതാര്യത തുടങ്ങിയവ ഉറപ്പാക്കുന്നതിനുള്ള ഔദ്യോഗിക കമ്മ്യൂണിക്കേഷന്‍ ചാനലായി എഫ്എബി പ്രവര്‍ത്തിക്കും.
വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള 12 പ്രതിനിധികൾ ഇതിലുണ്ടാകും. എഫ്എബി വർഷത്തിൽ നാല് തവണ ക്ലബ് മാനേജ്‌മെന്റുമായി കൂടിക്കാഴ്ച നടത്തും. ആരാധകരുടെ ഇടപെടൽ, മത്സരദിന അനുഭവങ്ങൾ, വ്യാപാരം, ടിക്കറ്റിംഗ്, കമ്മ്യൂണിറ്റി ഔട്ട്റീച്ച് തുടങ്ങിയ ചര്‍ച്ച ചെയ്യും. ആരാധകരും ക്ലബും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് എഫ്എബി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എങ്ങനെ അപേക്ഷിക്കാം?
www.keralablastersfc.in/fan-advisory-board-application/ എന്ന ലിങ്ക് വഴി അപേക്ഷിക്കാം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ടേംസ് ഓഫ് റഫറന്‍സ് അടക്കമുള്ള ഇത്തരം വിശദാംശങ്ങള്‍ പൂര്‍ണമായി വായിച്ച് മനസിലാക്കിയിട്ട് വേണം അയക്കാന്‍. അപേക്ഷിക്കാനുള്ള സമയപരിധി മൂന്ന് ദിവസത്തിനുള്ളില്‍ അപേക്ഷിക്കും.
എഫ്എബി ചർച്ചാ വിഷയങ്ങൾ
- ക്ലബ്ബിന്റെ ഹ്രസ്വകാല, ദീർഘകാല തന്ത്രപരമായ കാഴ്ചപ്പാടുകള്‍ ലക്ഷ്യങ്ങള്‍
- പൊതുവായ പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ
- ഹോം, എവേ ഗെയിമുകൾ ഉൾപ്പെടെയുള്ള മാച്ച്‌ഡേ, നോണ്‍മാച്ച്‌ഡേ പ്രവർത്തനങ്ങൾ
- ലോക്കല്‍ കമ്മ്യൂണിറ്റി കമ്മിറ്റ്‌മെന്റ് ഔട്ട്‌റീച്ച് സ്ട്രാറ്റജി
- ആരാധകരുടെ പങ്കാളിത്തം
- ആഭ്യന്തര, രാജ്യാന്തര ആരാധകവൃന്ദം ശക്തിപ്പെടുത്തല്‍
- വ്യാപാരവും ടിക്കറ്റിംഗും
എഫ്എബി അംഗത്വത്തിനായുള്ള എല്ലാ സാധുവായ അപേക്ഷകളും ക്ലബ് നിയമിച്ച സെലക്ഷൻ പാനല്‍ പരിശോധിക്കും. അപേക്ഷയുടെ സമയപരിധി അവസാനിച്ച് 30 ദിവസങ്ങള്‍ക്കുള്ളില്‍ സാധുവായ അപേക്ഷകള്‍ സെലക്ഷന്‍ പാനല്‍ പരിശോധിക്കും. അംഗങ്ങളെ നിയമിച്ചുകഴിഞ്ഞാല്‍ ഇതിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Read Also : ഇനി ആരാധകർക്കും ക്ലബ് കാര്യങ്ങളിൽ ഇടപെടാം; ഫാൻ അഡ്വൈസറി ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപനം
കേരള ബ്ലാസ്റ്റേഴ്‌സ്
അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഒഡീഷ എഫ്‌സിക്കെതിരെയാണ്. തിങ്കളാഴ്ച വൈകിട്ട് 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാമതാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 15 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയം, രണ്ട് സമനില, എട്ട് തോല്‍വി എന്നിവയടക്കം 17 പോയിന്റാണ് സമ്പാദ്യം.
ഒഡീഷയ്‌ക്കെതിരായ മത്സരത്തിന് ശേഷം എട്ട് മത്സരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നുണ്ട്. 18ന് നോര്‍ത്ത് ഈസ്റ്റ്, 24ന് ഈസ്റ്റ് ബംഗാള്‍, 30ന് ചെന്നൈയിന്‍, ഫെബ്രുവരി 15ന് മോഹന്‍ ബഗാന്‍, 22ന് ഗോവ, മാര്‍ച്ച് ഒന്നിന് ജംഷെദ്പുര്‍, ഏഴിന് മുംബൈ സിറ്റി, 12ന് ഹൈദരാബാദ് എന്നീ ടീമുകളെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും.