Kerala Blasters : ക്ലബിനെ അപമാനിക്കാൻ ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ; വിമർശനങ്ങളോട് എണ്ണിയെണ്ണി പ്രതികരിച്ച് ബ്ലാസ്റ്റേഴ്സ് ഡയറക്ടർ
Kerala Blasters Nikhil B Issues Clarification : ക്ലബിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ബി. എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിൽ വിമർശനങ്ങളോട് എണ്ണിയെണ്ണിയാണ് നിഖിൽ പ്രതികരിച്ചിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആരാധകക്കൂട്ടമായ മഞ്ഞപ്പട അടക്കമുള്ളവർ നടത്തിയ വിമർശനങ്ങളോട് എണ്ണിയെണ്ണി പ്രതികരിച്ച് ക്ലബ് ഡയറക്ടറായ നിഖിൽ ബി നിമ്മഗഡ്ഡ. ക്ലബിനെ അപമാനിക്കാൻ ചിലർ നടത്തുന്ന പ്രവർത്തനങ്ങളെത്തുടർന്നാണ് ഈ ആരോപണങ്ങളുണ്ടായതെന്നും വിഷയത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു എന്നും സുദീർഘമായ എക്സ് പോസ്റ്റിൽ നിഖിൽ കുറിച്ചു. ആരാധകർ ഉയർത്തിയ ആരോപണങ്ങൾ (Kerala Blasters) ഓരോന്നായി എടുത്താണ് നിഖിലിൻ്റെ വിശദീകരണം.
ട്രെയിനിങ് ഗ്രൗണ്ട്, ജേഴ്സി സ്പോൺസർ, ക്ലബ് സ്പോൺസർമാർ, സ്ട്രൈക്കർ സൈനിങ്, ലാഭക്കൊതി, ക്ലബിൻ്റെ മറ്റ് പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ നിഖിൽ വ്യക്തത വരുത്തുന്നുണ്ട്. ട്രെയിനിങ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് എന്നും നല്ല സൗകര്യങ്ങളൊരുക്കിയിരുന്നു എന്നും കൊച്ചിയിലെ മഴയും കൊൽക്കത്തയിലെ ചില മത്സരങ്ങളും കാരണമാണ് അവിചാരിതമായ ചില പ്രതിസന്ധികൾ ഉണ്ടായതെന്നും കുറിപ്പിൽ അദ്ദേഹം പറയുന്നു.
Also Read : Kerala Blasters: ദിമിയ്ക്ക് പകരക്കാരൻ റെഡി; സ്പാനിഷ് താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്, റിപ്പോർട്ട്
റെയൂറിനെ ജഴ്സി സ്പോൺസറാക്കാൻ കാരണം അവർക്ക് നമ്മുടെ ചിന്തകളുമായി ഒത്തുപോകാനും വിലക്കുറവിൽ ജഴ്സി ലഭ്യമാക്കാനും കഴിയുമെന്നതിനാലാണ്. കഴിഞ്ഞ വർഷങ്ങളിൽ ജഴ്സിക്ക് വില കൂടുതലായിരുന്നു. എല്ലാവർക്കും വാങ്ങാനാവുന്ന തരത്തിൽ ജഴ്സിയുടെ വില ക്രമീകരിക്കാൻ റെയൂറുമായുള്ള പങ്കാളിത്തം സഹായിക്കുന്നുണ്ട്. ക്ലബ് സ്പോൺസർമാരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ബ്രാൻഡുകളുമായി ബന്ധപ്പെട്ടേ പ്രഖ്യാപനങ്ങൾ നടത്താനാവൂ.
സ്ട്രൈക്കറെ ടീമിലെത്തിക്കാൻ വൈകിയെന്നത് ശരിയാണ്. ഡ്യുറൻഡ് കപ്പിന് മുൻപ് ഈ സൈനിങ് നടത്തുമെന്ന് പറഞ്ഞത് പൊള്ളയായ വാഗ്ധാനമായിരുന്നില്ല. അതിനായിരുന്നു ശ്രമം. പരിശീലകനെ സൈൻ ചെയ്യുന്നതിന് മുൻപ്, മെയ് മാസത്തിൽ തന്നെ ഓഫർ നൽകിയിരുന്നു. പക്ഷേ, ചില കാര്യങ്ങൾ നന്നായി നടന്നില്ല.
Dear fans,
Let me begin by acknowledging that one of my last tweets clearly didn’t age too well 😅 – we were close to signing a striker in that moment and maybe I got ahead of myself. But, seeing some of the continued outrage and unrest aimed at management and club, fueled…
— Nikhil B Nimmagadda (@NikhilB1818) September 3, 2024
ക്ലബിന് ലാഭക്കൊതിയെന്നത് ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനയാണ്. ലീഗിലെ ഒരു ക്ലബും ലാഭമുണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ ലാഭക്കൊതി നടക്കില്ല. സ്റ്റേഡിയം വരുമാനത്തിൽ നിന്ന് പോലും ക്ലബിന് ലാഭം കിട്ടുന്നില്ല. ക്രാവിൻ പോലുള്ള ബ്രാൻഡുകൾ അവതരിപ്പിച്ചത് ലാഭമുണ്ടാക്കാനാവുമോ എന്ന് നോക്കാനാണ്. വരുമാനം വർധിക്കുന്നു എന്നതിനർത്ഥം ലാഭക്കൊതി എന്നല്ല.
10 വർഷമായി ക്ലബ് ഒരു ട്രോഫി വിജയിച്ചില്ല എന്നത് ചൂണ്ടിക്കാട്ടി ആളുകൾ വിമർശിക്കുന്നു. 2016/17 കാലയളവിലാണ് ഞങ്ങൾ ക്ലബിലെത്തിയതെന്ന് അവർക്കറിയില്ല. 2020/21 വർഷത്തിലാണ് ക്ലബ് പ്രവർത്തനം ഞങ്ങൾ ഏറ്റെടുത്തത്. അതിന് ശേഷം തുടരെ മൂന്ന് വർഷം നമ്മൾ പ്ലേ ഓഫിലെത്തി. മറ്റ് പല മേഖലകളിലും ക്ലബ് പുരോഗമിച്ചു. ഇതുവരെ ഒരു ട്രോഫി ഇല്ലാത്തതിലുള്ള നിരാശ മനസിലാവും. പക്ഷേ, നമ്മൾ വിജയിക്കും.
കേരളക്കാരല്ലാത്തതിനാൽ ഞങ്ങൾക്ക് ആത്മാർത്ഥതയില്ലെന്ന ആരോപണങ്ങൾ സങ്കടകരമാണ്. ഞങ്ങൾ കേരളക്കാരല്ലെന്നത് സത്യമാണ്. എന്നാൽ, ഞങ്ങളുടെ ശ്രമങ്ങൾ ആത്മാർത്ഥതയുള്ളതായിരുന്നു. ബോർഡിലേക്ക് വരാനാഗ്രഹിച്ച ഒരു നിക്ഷേപകരെയും ഞങ്ങൾ തടഞ്ഞിട്ടില്ല. നിങ്ങൾ പറയുന്ന ചില പേരുകാർ ക്ലബിൽ നിക്ഷേപിക്കേണ്ട പണക്കണക്കും നഷ്ടവും അറിഞ്ഞപ്പോൾ പിന്മാറുകയായിരുന്നു. ആർക്കെങ്കിലും ക്ലബിൽ നിക്ഷേപിക്കാൻ താത്പര്യമുണ്ടെങ്കിൽ ഞങ്ങൾ തടയില്ല.
Also Read : Kerala Blasters: ആരാധകരോട് ടീം മാനേജ്മെന്റ് നീതിപുലർത്തണം; കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ മഞ്ഞപ്പട
കളിയോടുള്ള ആവേശം നിങ്ങളുള്ളത് പോലെയാണ് ഞങ്ങൾക്കും. അതുകൊണ്ടാണ് ഞങ്ങളിവിടെ വന്നത്. നിങ്ങളുടെ ആവേശത്തെ നിസ്സാരമായി കാണുകയല്ല, ഞങ്ങൾ. ഞങ്ങളുടെ ചില തന്ത്രങ്ങളിൽ നിങ്ങൾക്ക് വിമർശനമുണ്ടാവാം. അത് മനസിലാക്കുന്നു. ക്ലബിനോടും ആരാധകരോടും ഈ സംസ്ഥാനത്തോടുമുള്ള പ്രതിബദ്ധത ഞങ്ങൾ എന്നും കാത്തുസൂക്ഷിക്കും. ഞങ്ങൾ പിഴവുകൾ വരുത്തുണ്ടാവാം. നമ്മളെല്ലാവരും ഒരു കാര്യമാണ് ആഗ്രഹിക്കുന്നത്, അത് നമ്മൾ നേടുമെന്നും അദ്ദേഹം കുറിച്ചു.
ഈ മാസം 29നാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ സമ്മർദ്ദത്തിലാക്കി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രംഗത്തുവന്നത്. പുതിയ സീസണിനായുള്ള ടീമിന്റെ തയ്യാറെടുപ്പുകളിൽ ആശങ്ക പ്രകടിപ്പിച്ചാണ് മഞ്ഞപ്പട മാനേജ്മെന്റിന് കത്തെഴുതിയത്. ആരാധക കൂട്ടായ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്ന പ്രസ്താവനയിൽ ടീം ഉടമ നിഖിൽ, സ്‌പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരെയും ടാഗ് ചെയ്തിരുന്നു. സ്ട്രൈക്കറെ സൈൻ ചെയ്യുന്നതിലടക്കം ഉയർത്തിയ വിമർശനങ്ങൾക്ക് പിന്നാലെ ക്ലബ് സ്പെയിനിൽ നിന്നുള്ള ജീസസ് ജിമെനെസിനെ ടീമിലെത്തിച്ച വിവരം പുറത്തുവിട്ടു. ടീം വിട്ട ദിമിത്രിയോസ് ഡയമന്റകോസിന് പകരക്കാരനായാണ് പുതിയ സ്ട്രെെക്കർ കൊമ്പമന്മാർക്കൊപ്പം ചേരുന്നത്.
തിരുവോണ നാളായ സെപ്റ്റംബർ 15-ന് കൊച്ചിയിൽ വച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഹോം ഗ്രൗണ്ടിൽ പഞ്ചാബ് എഫ് സിയാണ് എതിരാളി.