KCA Stadium: കെസിഎ തുടങ്ങിയിട്ടേയുള്ളൂ; കോട്ടയത്ത് രാജ്യാന്തര നിലവാരത്തിൽ സ്റ്റേഡിയം; ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് വേദിയാവും
KCA Cricket Stadium In Kottayam: കോട്ടയം സിഎംഎസ് കോളജുമായി സഹകരിച്ച് രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം പണികഴിപ്പിക്കാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. കെസിഎയും സിഎംഎസ് കോളജും തമ്മിൽ 30 വർഷത്തെ കരാറിൽ ഒപ്പുവച്ചു.

പ്രതീകാത്മക ചിത്രം
കോട്ടയത്ത് രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം പണികഴിപ്പിക്കാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. കെസിഎയും കോട്ടയം സിഎംഎസ് കോളജുമായി ചേർന്നാണ് രാജ്യാന്തര നിലവാരത്തിലുള്ള, അത്യാധുനിക സ്റ്റേഡിയം പണികഴിപ്പിക്കുക. 30 വർഷത്തെ കരാറിൽ സിഎംഎസ് കോളജും കെസിഎയും തമ്മിൽ ഒപ്പുവച്ചു.
സിഎംഎസ് കോളജിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ളതാണ് കരാർ. ഇതിൻ്റെ ഭാഗമായി കോളജ് ഗ്രൗണ്ട് വരുന്ന 30 വർഷത്തേയ്ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന് കൈമാറും. ഇവിടെയാവും കെസിഎ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം പണിയുക. 14 കോടി രൂപയാണ് സ്റ്റേഡിയം നിർമ്മാണത്തിൻ്റെ പദ്ധതി ചിലവായി കണക്കാക്കുന്നത്. നിർമ്മാണത്തിൻ്റെ ഒന്നാം ഘട്ടത്തിൽ ക്രിക്കറ്റ് ഗ്രൗണ്ടിനൊപ്പം പവലിയനും സ്പ്രിംഗ്ലർ സിസ്റ്റവും ഉൾപ്പെടെയുള്ളവ പണികഴിപ്പിക്കും. ഇൻഡോർ, ഔട്ട്ഡോർ പ്രാക്ടീസ് സംവിധാനവും അത്യാധുനിക ജിംനേഷ്യവും ഫുട്ബോൾ ഗ്രൗണ്ടും സ്റ്റേഡിയത്തിലുണ്ടാവും. രണ്ടാം ഘട്ടത്തിലാവും ഫ്ലഡ്ലൈറ്റ് സ്ഥാപിക്കുക. പണി പൂർത്തിയാവുമ്പോൾ ആഭ്യന്തര മത്സരങ്ങളടക്കം ഈ സ്റ്റേഡിയത്തിൽ നടക്കും.
ഈ മാസം ആറിന് രാവിലെ 9.30ന് സിഎസ്ഐ മധ്യകേരള മഹായിടവക ഓഫിസില്‍ വച്ചാണ് കെസിഎയും കോളജ് മാനേജ്മെൻ്റും തമ്മിൽ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചത്. കെസിഎ സെക്രട്ടറി വിനോദ് എസ് കുമാറും സിഎംഎസ് കോളജ് മാനേജറും സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാനും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. 2025 ഏപ്രിൽ മാസത്തിലാവും നിർമ്മാണം ആരംഭിക്കുക. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലും ആലപ്പുഴ എസ്ഡി കോളജിലും നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടുകൾ നിർമിച്ചിരുന്നു. ഇവിടങ്ങളിൽ രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങൾ നടക്കാറുമുണ്ട്.
രഞ്ജി ട്രോഫിയിൽ നിലവിലെ റണ്ണേഴ്സ് അപ്പാണ് കേരള ടീം. വിദർഭയായിരുന്നു ഫൈനലിലെ എതിരാളികൾ. ഫൈനലിലെ ആദ്യ ഇന്നിംഗ്സ് ലീഡാണ് വിദർഭയ്ക്ക് കിരീടം സമ്മാനിച്ചത്. വിദർഭയുടെ മൂന്നാം കിരീടമാണിത്. കേരളമാവട്ടെ, ചരിത്രത്തിലാദ്യമായാണ് രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചത്. ഇത്തവണത്തെ രഞ്ജി സീസണിൽ കേരളം ഒരു മത്സരത്തിൽ പോലും പരാജയപ്പെട്ടിരുന്നില്ല. ക്വാർട്ടർ, സെമി മത്സരങ്ങളിൽ ഒന്ന്, രണ്ട് റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളത്തെ തുണച്ചത്. രഞ്ജി റണ്ണേഴ്സ് അപ്പായ കേരള ടീമിന് തിരുവനന്തപുരം വിമാനത്താവളത്തിലടക്കം ഗംഭീര സ്വീകരനം നൽകിയിരുന്നു.