Kamindu Mendis : 8 ടെസ്റ്റിൽ ശരാശരി 91; അഞ്ച് സെഞ്ചുറിയും നാല് ഫിഫ്റ്റിയും; സിംഹളനാടിൻ്റെ പുതിയ രക്ഷകൻ കമിന്ദു മെൻഡിസ്
Kamindu Mendis Several Records : ശ്രീലങ്കൻ താരം കമിന്ദു മെൻഡിസ് 8 ടെസ്റ്റ് മത്സരത്തിൽ നിന്ന് നേടിയത് 1000 റൺസാണ്. ശ്രീലങ്കയുടെ ഇതിഹാസ താരങ്ങളെക്കാൾ മികച്ച പ്രകടനങ്ങളാണ് താരം റെഡ് ബോൾ ക്രിക്കറ്റിൽ നടത്തുന്നത്.
കമിന്ദു മെൻഡിസ്. ലോക ക്രിക്കറ്റിൽ ഇന്ന് ഈ പേര് വളരെ സുപരിചിതമാണ്. ന്യൂസീലൻഡിനെതിരെ നടക്കുന്ന ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ 182 റൺസ് നേടി പുറത്താവാതെ നിന്ന മെൻഡിൽ ശ്രീലങ്കയുടെ പുതിയ രക്ഷകനാണ്. പ്രധാനമായും റെഡ് ബോൾ ക്രിക്കറ്റിൽ. കരിയറിൽ എട്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കമിന്ദു മെൻഡിസിൻ്റെ കരിയർ കണക്കുകൾ ഇങ്ങനെ. 1004 റൺസ്, 91.27 ശരാശരി, അഞ്ച് സെഞ്ചുറി, നാല് ഫിഫ്റ്റി. സംഗക്കാരയും ജയവർധനെയും ഒഴിച്ചിട്ട കസേരയിലേക്ക് കമിന്ദു മെൻഡിസ് എന്ന 25 വയസുകാരൻ സാവധാനം നടന്നുകയറുകയാണ്.
Also Read : India vs Bangladesh : രണ്ടാം ദിനം ഒരു പന്ത് പോലും എറിഞ്ഞില്ല; കാൺപൂർ ടെസ്റ്റ് മഴയിൽ മുങ്ങുന്നു
വെറും എട്ട് മത്സരങ്ങളിൽ നിന്നാണ് കമിന്ദു മെൻഡിസ് 1000 റൺസെന്ന മാജിക് നമ്പരിലെത്തിയത്. മുൻപ് ഈ നേട്ടം സ്വന്തമാക്കിയ ഒരേയൊരാളേയുള്ളൂ. ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മഹാനായ ബാറ്റർ സർ ഡോൺ ബ്രാഡ്മാൻ. ആദ്യ എട്ട് ടെസ്റ്റിൽ നിന്ന് ബ്രാഡ്മാൻ നേടിയഹ് 1210 റൺസായിരുന്നു. മെൻഡിസ് നേടിയത് 1004 റൺസ്. എട്ട് ടെസ്റ്റുകൾ അവസാനിക്കുമ്പോൾ ഏറ്റവും മികച്ച ശരാശരിയുള്ള ബാറ്റർമാരിൽ കമിന്ദു അഞ്ചാം സ്ഥാനത്താണ്. 105.38 ശരാശരിയുള്ള നീൽ ഹെൻറി (ഇംഗ്ലണ്ട്), 103.00 ശരാശരിയുള്ള തിലൻ സമരവീര (ശ്രീലങ്ക), 99.75 ശരാശരിയുള്ള വിനോദ് കാംബ്ലി (ഇന്ത്യ) എന്നിവർക്ക് പിറകിൽ നാലാം സ്ഥാനത്ത് 93.08 ശരാശരിയുള്ള ബ്രാഡ്മാൻ ഉണ്ട്. അഞ്ചാമത് കമിന്ദു.
എട്ട് മത്സരങ്ങളിൽ ആകെ 13 ഇന്നിംഗ്സുകളാണ് കമിന്ദു മെൻഡിസ് കളിച്ചത്. ഈ 13 ഇന്നിംഗ്സുകളിൽ നിന്നായി അദ്ദേഹം നേടിയത് അഞ്ച് സെഞ്ചുറികൾ. ഈ പട്ടികയിലും മെൻഡിസ് ബ്രാഡ്മാനൊപ്പമാണ്. പട്ടിയിൽ ഇതിഹാസ താരത്തിനൊപ്പം നാലാം സ്ഥാനം പങ്കിടുകയാണ് കമിന്ദു. ബാർബഡോസുകാരനായ എവർട്ടൺ വീക്ക്സ് തൻ്റെ പത്താം ഇന്നിംഗ്സിൽ അഞ്ച് സെഞ്ചുറി തികച്ചു. ഇംഗ്ലീഷുകാരൻ ഹെർബർട്ട് സുട്ക്ലിഫ്, നീൽ ഹെൻറി എന്നിവർ 12 ഇന്നിംഗ്സുകളിൽ ഈ നേട്ടം തികച്ചു. ശ്രീലങ്കൻ ബാറ്റർമാരിൽ കമിന്ദു ഏറെ മുന്നിലാണ്. കമിന്ദുവിന് പിന്നിൽ രണ്ടാമതുള്ള അരവിന്ദ ഡിസിൽവയും ദിനേഷ് ഛണ്ഡിമലും 38 ഇന്നിംഗ്സെടുത്തു അഞ്ച് സെഞ്ചുറിയിലെത്താൻ.
കളിച്ച എല്ലാ ടെസ്റ്റിലും കമിന്ദു മെൻഡിസ് 50 റൺസിലധികം നേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ കമിന്ദുവിന് മുന്നിൽ ആരുമില്ല. 2022-23 കാലയളവിൽ തുടരെ ഏഴ് ഫിഫ്റ്റികൾ നേടിയ പാകിസ്താൻ താരം സൗദ് ഷക്കീലിൻ്റെ റെക്കോർഡ് ഇനി പഴങ്കഥ. ശ്രീലങ്കയുടെ തുടർ ഫിഫ്റ്റികൾ 1982ൽ റോയ് ഡിയാസിൻ്റെ പേരിലാണ്. തുടർ അഞ്ച് ഫിഫ്റ്റി പ്ലസ് സ്കോറാണ് താരം നേടിയത്.
ഒന്നാം ഇന്നിംഗ്സിൽ കമിന്ദുവിൻ്റെ ശരാശരി അവിശ്വസനീയമാണ്. ഒന്നാം ഇന്നിംഗ്സിൽ 116.83 ആണ് കമിന്ദുവിൻ്റെ ശരാശരി. ആദ്യം ബാറ്റ് ചെയ്ത എട്ടിൽ ഏഴ് ഇന്നിംഗ്സിലും കമിന്ദു 50 റൺസിന് മുകളിൽ സ്കോർ ചെയ്തു. 61, 102, 92*, 12, 74, 64, 114, 182* എന്നിങ്ങനെയാണ് യഥാക്രമം കമിന്ദുവിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറുകൾ. ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽ മാത്രമാണ് താരത്തിന് ഫിഫ്റ്റി പ്ലസ് നേടാൻ കഴിയാതിരുന്നത്.
തുടക്കത്തിൽ ആളിക്കത്തി പിന്നീട് ഒന്നുമാകാതെ പോയ കളിക്കാർ ഒരുപാടുണ്ട്. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിനൊപ്പം ടീമിലെത്തിയ വിനോദ് കാംബ്ലി അടക്കം പ്രതീക്ഷകൾ നൽകി പോയവരൊരുപാട്. ഇവരിൽ നിന്ന് കമിന്ദു വ്യത്യസ്തനാവുമോ എന്ന് കണ്ടറിയേണ്ടതാണ്. എന്നാൽ, ഇന്നിംഗ്സ് കെട്ടിപ്പടുക്കാനുള്ള താരത്തിൻ്റെ കഴിവ് ശ്രദ്ധേയമാണ്. ആവശ്യമായ സമയത്ത് സ്കോർ ഉയർത്താനും വിക്കറ്റ് നഷ്ടപ്പെടുത്താതെ കൂട്ടുകെട്ടുകളുയർത്താനും താരത്തിന് കഴിയും. ടി20യിലും ഏകദിനത്തിലും ഇതുവരെ ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും റെഡ് ബോൾ ക്രിക്കറ്റിൽ കമിന്ദു ഒരു വിപ്ലവമാണ്. ഇതിഹാസതാരങ്ങൾ പടിയിറങ്ങിയതിന് ശേഷം പടുകുഴിയിലേക്ക് വീഴുകയായിരുന്ന മരതകദ്വീപുകാർക്ക് പ്രതീക്ഷ നൽകിയാണ് കമിന്ദു മെൻഡിസ് ക്രീസിൽ തുടരുന്നത്.