Kerala Blasters: ചുറ്റം പടരുന്ന നെഗറ്റിവിറ്റി നോവയും അറിഞ്ഞു; ആ ആഘോഷം വെറുതെയായിരുന്നില്ല; ഇത് കറ്റാലയുടെ പോരാളി
Noah Sadaoui: വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആത്മവിശ്വാസത്തിലാണ്. ഐഎസ്എല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഹിമെന സൂപ്പര്‍ കപ്പില്‍ ചില പിഴവുകള്‍ വരുത്തിയത് മാത്രം കല്ലുകടിയായി. 26ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഐഎസ്എല്‍ ജേതാക്കളായ മോഹന്‍ ബഗാനെ ബ്ലാസ്‌റ്റേഴ്‌സിന് കീഴടക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

സൂപ്പര്‍ കപ്പില്‍ ഈസ്റ്റ് ബംഗാളിനെതിരെ ഗോള്‍ നേടിയ ശേഷം നോവ സദൂയി നടത്തിയ ആഘോഷത്തിന് നിരവധി മാനങ്ങളുണ്ടായിരുന്നു. ചൂണ്ടുവിരല്‍ ചുണ്ടോട് ചേര്‍ത്തുള്ള ആ ആഘോഷത്തിന് പിന്നില്‍ എന്തൊക്കെയോ അര്‍ത്ഥങ്ങളും ഒളിപ്പിച്ചിരുന്നു. മത്സരത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരും ചോദിച്ചു, ‘എന്തായിരുന്നു ആ ആഘോഷത്തിന് പിന്നില്‍’?. ഉത്തരം നല്‍കാന്‍ നോവയ്ക്ക് ഒരുപാടൊന്നും ആലോചിക്കേണ്ടി വന്നില്ല. ഉടനെ വന്നു മറുപടി, എനിക്ക് ചുറ്റും ചില നെഗറ്റിവിറ്റികളുണ്ട്. ഞാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരനാണെന്നും, കളിക്കളത്തിലിറങ്ങുമ്പോഴെല്ലാം എനിക്ക് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്നും എല്ലാവരെയും കാണിക്കണമെന്ന് ആഗ്രഹിച്ചു’.
🚨Playing against Mohun Bagan will be tough, their players in the bench can start in any team. – Noah Sadoui.@kbfcxtra #KeralaBlasters #NoahSadaoui #SuperCup2025 pic.twitter.com/5krDkDf6xx
— RevSportz Global (@RevSportzGlobal) April 20, 2025




നോവ ഉദ്ദേശിച്ച നെഗറ്റീവിറ്റി എന്താണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. എങ്കിലും, അടുത്തിടെ സമാപിച്ച ഐഎസ്എല്‍ സീസണില്‍ നോവ ഒരു വിഭാഗം ആരാധകരുടെയെങ്കിലും അപ്രീതിക്ക് പാത്രമായിരുന്നു. ഒരുപാട് പ്രതീക്ഷകളോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ ഈ മൊറോക്കന്‍ താരം ഏറെ പഴി കേട്ടത് കളിക്കളത്തിലെ ‘സെല്‍ഫിഷ്’ ശ്രമങ്ങളുടെ പേരിലായിരുന്നു. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുമായുണ്ടായ കളിക്കളത്തിലെ വാഗ്വാദവും വിവാദങ്ങള്‍ക്ക് ചൂടുപിടിപ്പിച്ചു. നോവയുമായി എല്ലാം പറഞ്ഞ് പരിഹരിക്കുമെന്നായിരുന്നു അന്ന് ലൂണ നല്‍കിയ ഉറപ്പ്.
ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന സീസണുകളുടെ അധ്യായത്തിലേക്ക് ഒരെണ്ണം കൂടി ചേര്‍ത്ത് ഐഎസ്എല്‍ 2024-25 സീസണും സമാപിച്ചു. അധികം വൈകാതെ സൂപ്പര്‍ കപ്പും തുടങ്ങി. ഐഎസ്എല്ലിനും, സൂപ്പര്‍ കപ്പിനും ഇടയിലുള്ള ചെറിയ ഇടവേളയില്‍ ബ്ലാസ്റ്റേഴ്‌സിന് വന്‍ മാറ്റവും സംഭവിച്ചു. സ്പാനിഷ് പരിശീലകന്‍ ഡേവിഡ് കറ്റാലയെ രംഗത്തിറക്കിയതായിരുന്നു ആ വലിയ മാറ്റം.
മികച്ച തുടക്കം
സൂപ്പര്‍ കപ്പിലെ മികച്ച തുടക്കം വീണ്ടും മഞ്ഞപ്പട ആരാധകര്‍ക്ക് പ്രത്യാശകള്‍ സമ്മാനിക്കുകയാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ടുള്ള ഗംഭീര തുടക്കം. ബ്ലാസ്റ്റേഴ്‌സിനൊപ്പം വിജയിച്ചത് കറ്റാലയുടെ ആദ്യ ദൗത്യം കൂടിയാണ്. ഐഎസ്എല്ലില്‍ ഏറെ വിമര്‍ശനം കേട്ട നോവയായിരുന്നു കറ്റാലയുടെ ആക്രമണത്തിന്റെ കുന്തമുന. ബ്ലാസ്‌റ്റേഴ്‌സിനായി ഒരു ഗോള്‍ നേടിയതും മറ്റൊന്നിന് വഴിയൊരുക്കിയതും നോവയായിരുന്നു.
40-ാം മിനിറ്റില്‍ നോവയെ ഈസ്റ്റ് ബംഗാള്‍ താരം ഫൗള്‍ ചെയ്തതിലൂടെ ലഭിച്ച പെനാല്‍റ്റിയാണ് ബ്ലാസ്റ്റേഴ്‌സിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. ഹെസൂസ് ഹിമെനയുടെ ആദ്യ കിക്ക് ഈസ്റ്റ് ബംഗാള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ തടുത്തപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഒന്ന് ഞെട്ടി. എന്നാല്‍ കിക്ക് എടുക്കുന്നതിന് മുമ്പ് പ്രഭ്‌സുഖന്‍ മുന്നോട്ട് കയറിയതിനാല്‍ റീകിക്ക് വേണമെന്ന് റഫറി നിര്‍ദ്ദേശിച്ചു. രണ്ടാം അവസരത്തില്‍ ഹിമെനയ്ക്ക് പിഴച്ചില്ല. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍.
🚨🇮🇳 GOAL | Kerala Blasters 2-0 East Bengal | Noah Sadaoui pic.twitter.com/KvPlfHJ0VO
— Frankline Knight 🇰🇪 (@frank620Knight) April 20, 2025
64-ാം മിനിറ്റിലായിരുന്നു നോവയുടെ വക കിടിലന്‍ ഗോളെത്തിയത്. പലപ്പോഴും സ്വാര്‍ത്ഥ മനോഭാവങ്ങളുടെ പേരില്‍ പഴി കേട്ട നോവയുടെ ‘സെല്‍ഫിഷ്’ എന്ന് തോന്നിക്കാവുന്ന പരിശ്രമമാണ് ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ഗോള്‍ സമ്മാനിച്ചത്. ഈസ്റ്റ് ബംഗാള്‍ ബോക്‌സിന് കുറച്ചധികം ദൂരെ നിന്ന് എതിര്‍ടീമിന്റെ പ്രതിരോധനിരയെ വിദഗ്ധമായി മറികടന്ന് ഇടംകാലുകൊണ്ടുള്ള തകര്‍പ്പനടിയില്‍ ബോള്‍ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു താരം. ഫുട്‌ബോളില്‍ ചിലപ്പോഴൊക്കെ കുറച്ച് ‘സെല്‍ഫിഷ്’ ശ്രമങ്ങളും അനിവാര്യമാണെന്ന് തെളിയിക്കുന്നതായിരുന്നു നോവയുടെ ഈ ഗോള്‍.
എന്തായാലും, ഈ വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആത്മവിശ്വാസത്തിലാണ്. ഐഎസ്എല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഹിമെന സൂപ്പര്‍ കപ്പില്‍ ചില പിഴവുകള്‍ വരുത്തിയത് മാത്രം കല്ലുകടിയായി. ഈ ചെറിയ പിഴവുകള്‍ പരിഹരിച്ച്, 26ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഐഎസ്എല്‍ ജേതാക്കളായ മോഹന്‍ ബഗാനെ ബ്ലാസ്‌റ്റേഴ്‌സിന് കീഴടക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.