IND vs AUS: സിഡ്നിയിലും താളം കണ്ടെത്താനാവാതെ ഇന്ത്യൻ ബാറ്റർമാർ, 185 റൺസിന് പുറത്ത്; ഖവാജയെ മടക്കി ബുമ്ര
IND vs AUS Sydney Test Update: രണ്ട് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ സിഡ്നി ടെസ്റ്റിന് ഇറങ്ങിയത്. രോഹിത് ശർമ്മയ്ക്കും പരിക്കേറ്റ ആകാശ് ദീപിനും പകരം ശുഭ്മാൻ ഗില്ലും പ്രസിദ്ധ് കൃഷ്ണയും പ്ലേയിംഗ് ഇലവനിലെത്തി.
സിഡ്നി: ബോർഡർ ഗാവസ്‌ക്കർ ട്രോഫിയിലെ അവസാന ടെസ്റ്റായ സിഡ്നിയിലും ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങൽ. സിഡ്നി ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 185 റൺസിന് പുറത്ത്. 72.2 ഓവറിൽ ഓസീസ് ബൗളർമാർ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. നാല് വിക്കറ്റെടുത്ത സ്കോട്ട് ബോളണ്ടും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലൊടിച്ചത്. ഋഷഭ് പന്താണ് ടോപ് സ്‌കോറർ.
അതേസമയം, ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് തിരിച്ചടി നൽകി ജസ്പ്രീത് ബുമ്ര. ഓപ്പണർ ഉസ്മാൻ ഖവാജയെ മടക്കിയാണ് ബുമ്ര ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത്. 2 റൺസെടുത്ത താരത്തെ ജസ്പ്രീത് ബുമ്ര കെഎൽ രാഹുലിന്റെ കെെയിലെത്തിക്കുകയായിരുന്നു. ഒന്നാം ദിനത്തിലെ അവസാന പന്തിൽ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം 19-കാരൻ സാം കോണ്‍സ്റ്റാസിനെ തുറിച്ച് നോക്കുന്ന ബുമ്രയുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വെെറലാണ്. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ഓസീസ് 3 ഓവറിൽ 9 റൺസ് എന്ന നിലയിലാണ്.
ആദ്യ ഇന്നിംഗ്സിന്റെ അഞ്ചാം ഓവറിൽ രാഹുലിനെ (14) മടക്കിയാണ് സ്റ്റാർക്ക് ഇന്ത്യക്ക് പ്രഹരം നൽകിയത്. ടീം സ്കോർ 17-ൽ നിൽക്കേ ജയ്സ്വാളിനെയും (10) ഇന്ത്യക്ക് നഷ്ടമായി. ശുഭ്മാൻ ഗില്ലും വിരാട് കോലിയും ചേർന്ന് ഇന്ത്യക്കായി പൊരുതാൻ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു ഫലം. 20 റൺസെടുത്ത ഗില്ലിനെ നേഥൻ ലയൺ പുറത്താക്കി. രണ്ടാം സെക്ഷനിൽ ഇന്ത്യക്ക് ആദ്യം നഷ്ടമായത് വിരാട് കോലിയുടെ വിക്കറ്റാണ്. 69 പന്തിൽ നിന്ന് 17 റൺസുമായാണ് താരത്തിന്റെ മടക്കം. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പോയ പന്തിന്റെ ഗതിയറിയാതെ ബാറ്റ് വെച്ചാണ് കോലി മടങ്ങിയത്.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ജഡേജ – പന്ത് സഖ്യം ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ പന്തിനെ മടക്കി സ്കോട്ട് ബോളണ്ട് വീണ്ടും ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. 98 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 40 റൺസെടുത്താണ് പന്ത് മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡിയും ഡക്കായി മടങ്ങി. സ്കോട്ട് ബോളണ്ടിനായിരുന്നു വിക്കറ്റ്.
വെെകാതെ ജഡേജയെയും മടക്കി മിച്ചൽ സ്റ്റാർക്ക് ഇന്ത്യക്ക് കനത്ത പ്രഹരം നൽകി. വെെ95 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറി ഉൾപ്പെടെ 26 റൺസെടുത്തായിരുന്നു ജഡേജ പുറത്തായത്. വാഷിംഗ്ടൺ സുന്ദറിനും ക്രീസിൽ നിലയുറപ്പിക്കാനായിസ്സ. 30 പന്തിൽ നിന്ന് 14 റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് കൂടാരം കയറ്റി. 10-മനായി ബാറ്റിംഗിനിറങ്ങി 22 റൺസ് നേടിയ ക്യാപ്റ്റൻ ബുമ്രയാണ് ടീം സ്കോർ 185-ൽ എത്തിച്ചത്. ഓസീസിനായി സ്കോട്ട് ബോളണ്ട് നാലും, മിച്ചൽ സ്റ്റാർക്ക് 2 ഉം വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ് 2 വിക്കറ്റും നേഥൻ ലയൺ ഒരു വിക്കറ്റും സ്വന്തമാക്കി. രണ്ട് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ സിഡ്നി ടെസ്റ്റിന് ഇറങ്ങിയത്. രോഹിത് ശർമ്മയ്ക്കും പരിക്കേറ്റ ആകാശ് ദീപിനും പകരം ശുഭ്മാൻ ഗില്ലും പ്രസിദ്ധ് കൃഷ്ണയും പ്ലേയിംഗ് ഇലവനിലെത്തി.